സ്വകാര്യ സർവകലാശാല വേണ്ടെന്ന നിലപാടിൽനിന്ന് സർക്കാർ പിന്നോട്ട്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ വേണ്ടെന്ന നിലപാടിൽനിന്ന് സർക്കാർ പിന്നോട്ട്. സ്വകാര്യ കൽപിത (ഡീംഡ്) സർവകലാശാലകൾക്ക് അനുമതി നൽകുന്നതിന് നയരൂപവത്കരണവും നിയമനിർമാണവും നടത്തുന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറക്കി.
സ്വയംഭരണ പദവിയുള്ള കളമശ്ശേരി രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ് കൽപിത സർവകലാശാലയാക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിലാണ് നടപടി. ഭാവിയിൽ മറ്റ് സ്വയംഭരണ കോളജുകളും അനുമതി തേടാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് നടപടി. സംസ്ഥാനത്ത് ഒരു സർക്കാർ കോളജ് ഉൾപ്പെടെ 19 ആർട്സ് ആൻഡ് സയൻസ് കോളജുകൾക്കും മൂന്ന് സ്വാശ്രയ എൻജിനീയറിങ് കോളജുകൾക്കുമാണ് സ്വയംഭരണ പദവിയുള്ളത്. ഇവയിൽ മിക്കതും ഘട്ടംഘട്ടമായി സ്വകാര്യ സർവകലാശാലകളാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് കൽപിത സർവകലാശാല പദവി നേടാൻ ശ്രമം നടത്തുന്നത്. സാധാരണ ഇത്തരം അപേക്ഷകൾ കുറിപ്പ് സഹിതം ഉന്നത വിദ്യാഭ്യാസ വകുപ്പിൽനിന്ന് കൗൺസിലിലേക്ക് കൈമാറുന്നതാണ് രീതി.
എന്നാൽ, രാജഗിരി കോളജിന്റെ അപേക്ഷ ലഭിച്ചതോടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രത്യേക ഫയൽ സൃഷ്ടിച്ച് ഉത്തരവിറക്കിയാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്നത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ കൗൺസിൽ പഠനം നടത്തുകയും അനുമതി നൽകാൻ ശിപാർശ ചെയ്ത് എം.ജി സർവകലാശാല മുൻ വി.സി ഡോ. സിറിയക് തോമസ് അധ്യക്ഷനായ സമിതി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. ഈ നീക്കത്തെ നിയമസഭയിൽ ഉൾപ്പെടെ എൽ.ഡി.എഫ് എതിർത്തിരുന്നു. ഈ റിപ്പോർട്ട് എൽ.ഡി.എഫ് സർക്കാർ പുനഃസംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസ കൗൺസിൽ 2019ൽ തള്ളി.
2016 ജനുവരിയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളെ പങ്കെടുപ്പിച്ച് കോവളത്ത് ആഗോള വിദ്യാഭ്യാസ സംഗമം സംഘടിപ്പിച്ചതിനെതിരെ പ്രതിഷേധിക്കാനെത്തിയ എസ്.എഫ്.ഐക്കാർ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനായിരുന്ന ടി.പി. ശ്രീനിവാസനെ നടുറോഡിൽ അടിച്ചുവീഴ്ത്തുകയും ചെയ്തു. സമീപകാലത്ത് കൊച്ചിയിൽ സ്വകാര്യ സർവകലാശാലയായ ജയിൻ യൂനിവേഴ്സിറ്റി ഓഫ് കാമ്പസ് ആരംഭിച്ചതിനെതിരെ ഉന്നത വിദ്യാഭ്യാസ വകുപ്പ് യു.ജി.സിക്ക് പരാതി നൽകുകയും അംഗീകാരമില്ലെന്ന് വാർത്തകുറിപ്പിറക്കുകയും ചെയ്തു.
ഇതിനു പിന്നാലെയാണ് നിലവിൽ എയ്ഡഡ് പദവിയിൽ പ്രവർത്തിക്കുന്ന സ്വയംഭരണ കോളജ് സ്വകാര്യ കൽപിത സർവകലാശാലയാക്കാനുള്ള അപേക്ഷയിൽ പഠനത്തിനും നിയമനിർമാണത്തിനും എൽ.ഡി.എഫ് സർക്കാർ ഉത്തരവിറക്കുന്നത്. സ്വകാര്യ മാനേജ്മെന്റുകളുടെ സമ്മർദം മൂലമാണ് സ്വകാര്യ കൽപിത സർവകലാശാലകളുടെ സാധ്യത പഠിക്കാൻ സർക്കാർ നിർബന്ധിതമായതെന്ന് സൂചനയുണ്ട്.
മെറിറ്റും ഫീസും സർക്കാർ നിയന്ത്രണത്തിന് പുറത്താകും
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ കൽപിത സർവകലാശാല പദവിക്കായി വരിനിൽക്കുന്നത് എയ്ഡഡ് സ്വയംഭരണ കോളജുകൾ. എയ്ഡഡ് സ്ഥാപനങ്ങളിൽ വിദ്യാർഥി പ്രവേശനത്തിൽ നിശ്ചിത ശതമാനം സീറ്റിൽ മെറിറ്റിലാണ് വിദ്യാർഥി പ്രവേശനം. സർക്കാർ കോളജുകളിലേതിന് തുല്യമായ ഫീസാണ് നൽകേണ്ടത്. സർക്കാർ/ സർവകലാശാല അനുമതിയോടെ മാത്രമേ കോഴ്സുകൾ ആരംഭിക്കാനാകൂ. എന്നാൽ, സ്വകാര്യ കൽപിത സർവകലാശാലയാകുന്നതോടെ പ്രവേശന മാനദണ്ഡം, ഫീസ് ഘടന എന്നിവ നടത്തിപ്പ് ഏജൻസിയുടെ നിയന്ത്രണത്തിലാകും.
സർക്കാർ മുന്നോട്ടുവെക്കുന്ന മെറിറ്റും ഫീസ് ഘടനയും ഇവക്ക് ബാധകമാകില്ല. യഥേഷ്ടം കോഴ്സുകൾ ആരംഭിക്കാനും സാധിക്കും. 2019ലെ യു.ജി.സി റെഗുലേഷൻ വ്യവസ്ഥ അനുസരിച്ചാണ് കൽപിത സർവകലാശാല പദവി അനുവദിക്കുന്നത്. ഇതിന് സംസ്ഥാന സർക്കാറിന്റെ നിയമനിർമാണം ആവശ്യമാണ്. 20 വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ കൽപിത സർവകലാശാല പദവിക്കായി അപേക്ഷിക്കാനാകൂ. നാകിന്റെ തുടർച്ചയായ അക്രഡിറ്റേഷനുകളിൽ 3.26 പോയന്റിൽ കുറയാത്ത ഗ്രേഡിങ് ലഭിച്ചിരിക്കണം. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളാണെങ്കിൽ മൂന്നിൽ രണ്ട് കോഴ്സുകൾക്ക് എൻ.ബി.എ അക്രഡിറ്റേഷൻ ഉണ്ടാകണം.
അപേക്ഷ സമയത്ത് എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ ബന്ധപ്പെട്ട കാറ്റഗറിയിൽ 100ൽ ആദ്യ 50ൽ ഇടംപിടിച്ചിരിക്കണം. സ്ഥാപനത്തിൽ അധ്യാപക-വിദ്യാർഥി അനുപാതം 1:20ൽ കുറയാൻ പാടില്ലെന്നും നിർദേശിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.