മുഴുവൻ ബാധ്യതയും ഏറ്റെടുക്കാമെന്ന് കേരളം: സിൽവർ ലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ട്; ചെലവ് 1.24 ലക്ഷം കോടി, നീക്കം നീചം –സതീശൻ
text_fieldsതിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുടെ മുഴുവൻ ബാധ്യതയും സംസ്ഥാനം വഹിക്കാമെന്ന് കേന്ദ്ര സർക്കാറിനെ കേരളം അറിയിച്ചു. പദ്ധതിയുടെ വിദേശവായ്പക്ക് ഗ്യാരൻറി നിൽക്കാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതിന് പിന്നാലെയാണ് സർക്കാർ നിലപാട്. നിലവിലെ കനത്ത കടബാധ്യതക്ക് പിന്നാലെ കടുത്ത സാമ്പത്തിക ബാധ്യത ഏറ്റെടുത്തും പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന സൂചനയാണ് ഇതിൽനിന്ന് ലഭിക്കുന്നത്.
പദ്ധതിയുടെ 90 ശതമാനം മൂലധനവും വായ്പയായാണ് സ്വരൂപിക്കുന്നത്. റെയിൽവേ മന്ത്രിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് കടബാധ്യത ഏറ്റെടുക്കാനാകില്ലെന്ന കേന്ദ്ര നിലപാട് അറിയിച്ചത്. 63,941 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. 34,454 കോടി രൂപയാണ് വിദേശ ഏജൻസികളിൽനിന്ന് കടമെടുക്കേണ്ടത്. കേന്ദ്ര സാമ്പത്തികകാര്യ വകുപ്പ് മുഖേന എ.ഡി.ബി അടക്കമുള്ള ഏജന്സികളില്നിന്ന് വായ്പയെടുക്കാനായിരുന്നു കേരളത്തിെൻറ ശിപാർശ. ഇതാണ് കേന്ദ്രം നിരസിച്ചത്.
ചെലവ് 1.24 ലക്ഷം കോടി; നീക്കം നീചം –സതീശൻ
തിരുവനന്തപുരം: തകർന്ന് തരിപ്പണമായ കേരളത്തിൽ 1.24 ലക്ഷം കോടി രൂപയുടെ സിൽവർ ലൈൻ പദ്ധതിയുടെ ബാധ്യതകൂടി കെട്ടിവെക്കാനുള്ള സർക്കാർ നീക്കം നീചമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാനം രൂക്ഷമായ കടക്കെണിയിലേക്ക് വീഴുകയാണെന്ന് സി.എ.ജി പറയുന്നു. ഡാം മാനേജ്മെൻറിനെയും സമ്പദ്വ്യവസ്ഥ തകർന്നതിനെയും കുറിച്ച സി.എ.ജി റിപ്പോർട്ടുകൾ പ്രതിപക്ഷം നിരന്തരം ഉന്നയിച്ച ആക്ഷേപങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നതാണ്.
കേന്ദ്രം പണം തന്നില്ലെങ്കിലും 1,24,000 കോടി ചെലവാക്കി സിൽവർ ലൈൻ നടപ്പാക്കുമെന്ന വാശിയിലാണ് സർക്കാർ. സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് കൃത്യമായി മറുപടി പറയുന്നില്ല. സംഘ്പരിവാർ സർക്കാറിനെപോലെ ആസൂത്രണത്തെ പിന്തള്ളി തീവ്ര വലതുപക്ഷ നിലപാടായ പ്രോജക്ടുമായി മുന്നോട്ടുപോകുന്നത് ഗൗരവതരമാണ്.
ഇത്രയും വലിയ കടക്കെണിയിൽ നിൽക്കുേമ്പാൾ ബജറ്റിന് പുറത്ത് കടം വാങ്ങി വലിയ അപകടത്തിലേക്ക് പോകുന്നു. പലിശ അടക്കാൻേപാലും കടം വാങ്ങുകയാണ്. 2020ൽ സമ്പദ്വ്യവസ്ഥയെക്കുറിച്ച് യു.ഡി.എഫ് ധവളപത്രത്തിൽ ഉന്നയിച്ച കാര്യങ്ങൾതന്നെയാണ് സി.എ.ജി റിപ്പോർട്ടിലും. പ്രളയത്തിൽ ജനങ്ങളുടെ ജീവനും സ്വത്തും നഷ്ടപ്പെടാൻ ഇടയാക്കിയ സംഭവത്തിൽ സർക്കാറിന് പങ്കുണ്ടെന്ന് സി.എ.ജി റിപ്പോർട്ടിലൂടെ കൂടുതൽ വ്യക്തമായി. സംഭവത്തിൽ അന്വേഷണം നടത്താൻപോലും സർക്കാർ തയാറാകാത്തത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.പ്രതിഷേധിക്കുന്നത് പ്രതീകാത്മകമാണ്. നവോത്ഥാന മതിൽ കെട്ടിയവരാണ് ഇവർ. കേരളത്തിൽ ഇപ്പോൾ മതിലും നവോത്ഥാനവും എവിടെപ്പോയെന്നും അദ്ദേഹം ചോദിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.