സർക്കാർ ഗ്രാന്‍റ് തടസ്സപ്പെട്ടു; സർവകലാശാലകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; ശമ്പളവും പെൻഷനും മുടങ്ങുമെന്ന് ആശങ്ക
text_fieldsതിരുവനന്തപുരം: സർക്കാറിന്‍റെ പ്രതിമാസ ഗ്രാന്‍റ് തടസ്സപ്പെട്ടതോടെ സർവകലാശാലകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ശമ്പളവും പെൻഷനും നൽകുന്നത് ഗ്രാന്‍റ് തുകയിൽ നിന്നാണ്. തനത് ഫണ്ടിൽനിന്നോ യു.ജി.സി അനുവദിച്ച പദ്ധതി ഫണ്ടിൽനിന്നോ ബാങ്കിൽനിന്ന് ഓവർ ഡ്രാഫ്റ്റ് എടുത്തോ ശമ്പളവും പെൻഷനും നൽകാനുള്ള സർക്കാർ നിർദേശപ്രകാരമാണ് ആഗസ്റ്റിൽ ഇവ നൽകിയത്. ഒരു സർവകലാശാല, ചാൻസലേഴ്‌സ് അവാർഡ് തുകയാണ് ഈ ആവശ്യത്തിനായി വിനിയോഗിച്ചതെന്നറിയുന്നു. സമീപകാലത്ത് ആദ്യമായാണ് സർവകലാശാലകളുടെ പ്രതിമാസ ഗ്രാന്‍റ് തടസ്സപ്പെടുന്നത്.
പുതിയ സർവകലാശാലകൾ ആരംഭിച്ചതും ആഭ്യന്തര വരുമാനം കുറഞ്ഞതും വ്യാപകമായി നടത്തുന്ന അധ്യാപക നിയമനങ്ങൾക്ക് കൂടുതൽ തുക വേണ്ടിവന്നതും മൂലം സർക്കാർ ഖജനാവിൽനിന്ന് സർവകലാശാലകളുടെ പ്രവർത്തനത്തിന് കൂടുതൽ തുക കണ്ടെത്തേണ്ടതായുണ്ട്. ജൂലൈ 22ന് സർവകലാശാലകൾക്ക് പ്രതിമാസ ഗ്രാന്‍റ് അനുവദിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവായെങ്കിലും സർക്കാറിന്‍റെ സാമ്പത്തിക പ്രതിസന്ധി കാരണം തുക നൽകാൻ ധനവകുപ്പ് അനുമതി നൽകിയില്ല.
കേരള സർവകലാശാലക്ക് പ്രതിമാസ ഗ്രാന്‍റ് ഇനത്തിൽ 30 കോടിയും കാലിക്കറ്റിന് 20 കോടിയുമാണ് ലഭിക്കേണ്ടത്. എം.ജിക്ക് 16 കോടി, കുസാറ്റ് 14 കോടി, കാലടി സംസ്കൃതം ആറ് കോടി, കണ്ണൂർ അഞ്ച് കോടി എന്നിങ്ങനെയാണ് ഗ്രാന്‍റ്. ഗ്രാന്‍റ് വിഹിതം സർവകലാശാല ഫണ്ടിലേക്ക് വൈകാതെ നൽകുമെന്ന സർക്കാർ ഉറപ്പിലാണ് പ്രതിസന്ധി സർവകലാശാലകൾ മറികടന്നതെങ്കിലും ഇത് വരുംമാസങ്ങളിലും ആവർത്തിച്ചാൽ അക്കാദമിക പ്രവർത്തനങ്ങളെയും ദോഷകരമായി ബാധിക്കും. കേരള, കാലിക്കറ്റ്, കുസാറ്റ്, കാർഷിക സർവകലാശാലകൾക്ക് പെൻഷൻ ഇനത്തിൽ തന്നെ വലിയ തുക കണ്ടെത്തേണ്ടതുണ്ട്. പെൻഷൻ പ്രതിസന്ധി മറികടക്കുന്നതിന് സർവകലാശാലകളിലെ ആഭ്യന്തര വിഭവസമാഹരണം വർധിപ്പിച്ച് പെൻഷന് പ്രത്യേക ഫണ്ട് രൂപവത്കരിക്കാൻ സർക്കാർ നിർദേശം നൽകിയിരുന്നെങ്കിലും ഉത്തരവ് മരവിപ്പിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.