തൃശൂർ പൂരം പ്രൗഢിയോടെ നടത്തുന്നതിന് സർക്കാർ ഉറപ്പ് നൽകിയതായി പൂരം സാംസ്കാരിക വേദി
text_fieldsതൃശൂർ: പൂരം പ്രൗഢി ചോരാതെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്നതിന് സംസ്ഥാന സർക്കാർ ഉറപ്പ് നൽകിയതായി പൂരം സാംസ്കാരിക വേദി പ്രസിഡൻറ് കെ. കേശവദാസ് അറിയിച്ചു.
മന്ത്രി സുനിൽകുമാറുമായി ചർച്ച നടത്തുകയും മുഖ്യമന്ത്രിയുമായി ബന്ധപ്പെടുകയും ചെയ്തതിെൻറ അടിസ്ഥാനത്തിലാണ് ഈ ഉറപ്പ് ലഭിച്ചത്. ഈ മാസം 20ന് തൃശൂരിലെത്തുന്ന മുഖ്യമന്ത്രിയുമായി പൂരം സാംസ്കാരിക വേദി ഭാരവാഹികൾ നേരിട്ട് ചർച്ച നടത്തും.
കോവിഡ് രോഗവ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ തൃശൂർ പൂരം നടത്തിപ്പിന് വൈകാരിക തലങ്ങളേക്കാൾ പ്രായോഗിക ഇടപെടലുകളാണ് വേണ്ടത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൂരത്തിെൻറ സാംസ്കാരിക തനിമയും ആചാരങ്ങളും നിലനിർത്തുന്നതിന് പരിശ്രമിക്കുന്ന മുഖ്യമന്ത്രിക്കും ജില്ലയിലെ മന്ത്രിമാർക്കും പൂരം സാംസ്കാരിക വേദി പരിപൂർണ പിന്തുണ നൽകും.
പൂരത്തിൽ രാഷ്ട്രീയം കലർത്താനുള്ള നീക്കങ്ങൾ തിരിച്ചറിയണമെന്നും പൂരം ഭംഗിയായി നടത്തുവാൻ മുഴുവൻ പൂരപ്രേമികളും സഹകരിക്കണമെന്നും പൂരം സാംസ്കാരിക വേദി ആവശ്യപ്പെട്ടു.
പ്രസിഡൻറ് കെ. കേശവദാസ്, വൈസ് പ്രസിഡൻറ് പി. ശശിധരൻ, സെക്രട്ടറി അഡ്വ. വി. ഹരികൃഷ്ണൻ, ജോ. സെക്രട്ടറി ഐ. മനീഷ് കുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ യോഗം ഇന്ന്
തൃശൂർ: തൃശൂർ പൂരം ഇത്തവണ കോവിഡ് നിയന്ത്രണങ്ങളിലും പൊലിമ ചോരാതെ ആഘോഷിക്കാനാവുമെന്ന് തൃശൂരിന് പ്രതീക്ഷ. തിങ്കളാഴ്ച ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ചേരുന്ന യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് നേരത്തെ കലക്ടർ നൽകിയ റിപ്പോർട്ടിന് പുറമെ, ഞായറാഴ്ച മന്ത്രി വി.എസ്. സുനിൽകുമാറിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ സാഹചര്യവും വിശദാംശങ്ങളും സംബന്ധിച്ച് ചർച്ച നടത്തി. വൈകീട്ട് അഞ്ചിന് ഓൺലൈനിലാണ് ചീഫ് സെക്രട്ടറിയുമായുള്ള പൂരം യോഗം നടക്കുന്നത്.
തൃശൂരിൽ നിലവിൽ കോവിഡ് വ്യാപന പ്രതിദിന കണക്കിൽ വൻ തോതിൽ കുറവ് വന്നതും പൂരം നടക്കുന്ന തൃശൂർ നഗര പരിധിയിൽ കോവിഡ് വ്യാപനം കുറഞ്ഞതും ആരോഗ്യവകുപ്പ് നൽകിയ റിപ്പോർട്ടിലുണ്ട്. ആൾക്കൂട്ടം വ്യാപനത്തിന് ഇടയാക്കുമെന്ന ആശങ്കയാണ് നിലവിൽ പൊലീസും ആരോഗ്യവകുപ്പും കലക്ടർക്ക് നൽകിയ റിപ്പോർട്ടിലുള്ളത്.
അത് കൊണ്ടുതന്നെ നിയന്ത്രണങ്ങളോടെ അനുമതി നൽകാമെന്നാണ് വിവിധ വകുപ്പുകളുടെയും അഭിപ്രായം. ആൾക്കൂട്ടങ്ങളെ നിയന്ത്രിച്ച് പൂരം പ്രദർശനവും വെടിക്കെട്ട് അടക്കമുള്ള പൂരം ചടങ്ങുകളും നടത്താമെന്ന് ലേ ഔട്ട് റിപ്പോർട്ട് ദേവസ്വങ്ങൾ നൽകിയിട്ടുണ്ട്. ഘടക ക്ഷേത്രങ്ങളും പൂരം ആഘോഷമായി നടത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത് ജില്ലയിലെ മന്ത്രിമാരും എം.എൽ.എമാരുമായും ദേവസ്വങ്ങളുമായും മന്ത്രി കടകംപള്ളിയും ചർച്ച നടത്തിയിരുന്നു.
ഏറെ പ്രതീക്ഷയോടെയാണ് ഇന്നത്തെ ചർച്ചയെ തൃശൂർ കാത്തിരിക്കുന്നത്. പൂരം എല്ലാ ചടങ്ങുകളോടെയും പൊലിമയോടെയും ആഘോഷിക്കാനാവണമെന്നാണ് ദേവസ്വങ്ങളുടെ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.