മുല്ലപ്പെരിയാറിലെ വിവാദ ഉത്തരവ് സർക്കാർ റദ്ദാക്കി; ഉത്തരവിറക്കിയ ഉദ്യോഗസ്ഥന് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: മുല്ലപ്പെരിയാറിലെ വിവാദമായ മരംമുറി ഉത്തരവ് സർക്കാർ റദ്ദാക്കി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.15 മരങ്ങൾ മുറിക്കാനായിരുന്നു വനംവകുപ്പ് തമിഴ്‌നാടിന് അനുമതി നൽകിയിരുന്നത്. ഉത്തരവ് സർക്കാർ നേരത്തെ മരവിപ്പിച്ചിരുന്നു. കടുത്ത പ്രതിഷേധം ഉയർന്നതിന്‍റെ പശ്ചാത്തലത്തിലാണ് സർക്കാർ ഉത്തരവ് റദ്ദാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഉത്തരവ് റദ്ദാക്കി എല്ലാ വിവാദങ്ങളും ഇല്ലാത്താക്കാനാണ് സർക്കാർ തീരുമാനം.
മുല്ലപ്പെരിയാറിൽ മരംമുറി ഉത്തരവുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രസ്താവന തെറ്റാണെന്ന് ഇന്ന് വ്യക്തമായിരുന്നു. മരംമുറിയുമായി ബന്ധപ്പെട്ട് ജലവകുപ്പ് ഉദ്യോഗസ്ഥർ യോഗം ചേർന്നിട്ടില്ലെന്ന വാദമാണ് രേഖകൾ പുറത്തുവന്നതോടെ കളവാണെന്ന് തെളിഞ്ഞത്. നവംബർ ഒന്നിന് ടി.കെ. ജോസ് യോഗം വിളിച്ചിരുന്നുവെന്നതിന്‍റെ സർക്കാർ രേഖ പുറത്തുവന്നിട്ടുണ്ട്. വനംവകുപ്പിന്‍റെ ഉത്തരവിലാണ് യോഗത്തെപ്പറ്റി പരാമർശിക്കുന്നത്.
മുല്ലപ്പെരിയാറിൽ മരംമുറിക്കാൻ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞത്. ഒന്നാം തീയതി ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിട്ടില്ല. യോഗം ചേർന്നതിന് ഒരു രേഖകളും ഇല്ലെന്നും ഇക്കാര്യം ജലവിഭവവകുപ്പ് അഡീഷണൽ സെക്രട്ടറി അറിയിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധനയിൽ പങ്കെടുത്തതെന്നായിരുന്നു വിശദീകരണം. ജലവിഭവവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് പോയിട്ടില്ല. കവറിങ് ലെറ്റർ മാത്രമാണ് ഉള്ളത് യോഗത്തിന്‍റെ മിനുട്സ് ഇല്ലെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാൽ, മുല്ലപ്പെരിയാറിൽ മരംമുറി ഉത്തരവുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രസ്താവന തെറ്റാണെന്ന് തെളിയിച്ച് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍റെ വിശദീകരണം വന്നിരുന്നു.
മരംമുറിയുമായി ബന്ധപ്പെട്ട് ജലവകുപ്പ് ഉദ്യോഗസ്ഥർ യോഗം ചേർന്നിട്ടില്ലെന്ന വാദം തെറ്റാണെന്നും നവംബർ ഒന്നിന് വിഷയവുമായി ബന്ധപ്പെട്ട് യോഗം ചേർന്നിട്ടുണ്ടെന്നും വ്യക്തമാക്കി യോഗത്തിന്‍റെ മിനുട്സ് വനം മന്ത്രി നിയമസഭയിൽ വായിച്ചു. നവംബർ ഒന്നിന് ടി.കെ. ജോസ് യോഗം വിളിച്ചിരുന്നുവെന്നതിന്‍റെ സർക്കാർ രേഖ പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് വനം മന്ത്രിയുടെ വിശദീകരണം.
ഇതിനിടെ വിവാദ ഉത്തരവിറക്കിയ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. മുഖ്യമന്ത്രിയും വനംമന്ത്രിയും അറിയാതെ ഉത്തരവിറക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.