തുടർഭരണത്തിന്‍റെ ഒന്നാം വാർഷികത്തിലും സർക്കാർ എൻഡോസൾഫാൻ ഇരകളെ മറന്നു
text_fieldsതിരുവനന്തപുരം: തുടർഭരണത്തിന്‍റെ ഒന്നാം വാർഷികം ആഘോഷിക്കുന്ന എൽ.ഡി.എഫ് സർക്കാർ എൻഡോസൾഫാൻ ഇരകളെ മറന്നു. മൂവായിരത്തിലധികം എൻഡോസൾഫാൻ ഇരകളിൽ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ നഷ്ടപരിഹാരം ലഭിച്ചത് വെറും എട്ടുപേർക്ക് മാത്രം.
സർക്കാറിന്‍റെ വീഴ്ച ബോധ്യപ്പെട്ട സുപ്രീംകോടതി എൻഡോസൾഫാൻ ഇരകൾക്കായി ഈ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് രണ്ടാഴ്ചമുമ്പ് വിമർശിച്ചു.
ഇരകൾക്ക് മൂന്ന് മാസത്തിനകം അഞ്ച് ലക്ഷം രൂപവെച്ച് നഷ്ടപരിഹാരം നൽകണമെന്ന് 2017ലാണ് സുപ്രീംകോടതി സംസ്ഥാന സർക്കാറിന് നിർദേശം നൽകിയത്. 3,704 ഇരകൾക്കാണ് നഷ്ടപരിഹാരം നൽകേണ്ടിയിരുന്നത്. ഇരകളിൽ 102 പേർ കിടപ്പ് രോഗികളാണ്. 326 പേർ ബുദ്ധിപരമായ വെല്ലുവിളിയും 201 പേർ ശാരീരിക വെല്ലുവിളിയും നേരിടുന്നവർ. 119 പേർ അർബുദ രോഗികളാണ്. കഴിഞ്ഞ മേയ് 16ന് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് കേസ് പരിഗണിച്ചപ്പോഴാണ് കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഏതാനും പേർക്ക് മാത്രമാണ് നഷ്ടപരിഹാരം ലഭിച്ചതെന്ന വിവരം പുറത്തുവന്നത്. സർക്കാറിന്‍റെ നിഷ്ക്രിയത ഞെട്ടിക്കുന്നതാണെന്നും കോടതി വിധിയുടെ ലംഘനമാണെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വിമർശിച്ചു. ശബ്ദവും മുഖവുമില്ലാത്ത, കോടതിയെ സമീപിക്കാൻ കഴിയാത്ത ദരിദ്രരായ ഈ മനുഷ്യരെ ഇത്രകാലവും സർക്കാർ അവഗണിക്കുകയായിരുന്നെന്ന് കോടതി നിരീക്ഷിച്ചു. 2022 ജനുവരിയിൽ നഷ്ടപരിഹാരത്തിനായി 200 കോടികൂടി അധികം നീക്കിവെച്ചിരുന്നു. എന്നാൽ, എട്ടുപേർക്ക് മാത്രമാണ് നൽകിയത്. അതും ഇരകൾ കോടതിയലക്ഷ്യ നടപടിക്ക് സുപ്രീംകോടതിയെ സമീപിച്ചശേഷം മാത്രം. ജൂലൈ 18നാണ് കോടതി ഇനി കേസ് പരിഗണിക്കുക.
ഒന്നാം വാർഷിക ആഘോഷങ്ങൾക്ക് ഇന്നു സമാപനം
തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാറിന്‍റെ ഒന്നാം വാർഷികാഘോഷത്തിന്റെ സമാപനം വ്യാഴാഴ്ച തലസ്ഥാനത്ത് നടക്കും. നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് അഞ്ചിന് സാമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സർക്കാറിന്‍റെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി ചടങ്ങിൽ പ്രകാശനം ചെയ്യും. മന്ത്രി കെ. രാജൻ അധ്യക്ഷതവഹിക്കും.
ജൂൺ 20ന് നടക്കേണ്ട പരിപാടി തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ തുടർന്നാണ് നീട്ടിയത്. മന്ത്രിസഭ യോഗവും വ്യാഴാഴ്ച ചേരുന്നുണ്ട്. മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ആഘോഷ ചടങ്ങിൽ പങ്കെടുക്കും. പൊതുസമ്മേളനത്തിനുശേഷം ഗോപിസുന്ദർ അവതരിപ്പിക്കുന്ന മാജിക്കൽ മ്യൂസിക് നൈറ്റ് പരിപാടി അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.