വൈദ്യുതി കുടിശ്ശിക പട്ടികയിൽ സെക്രട്ടേറിയറ്റും രാജ്ഭവനും: സർക്കാർ കുടിശ്ശിക 838 കോടി
text_fieldsതിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റും ഗവർണറുടെ ആസ്ഥാനമായ രാജ്ഭവനും മുതൽ വൈദ്യുതി വകുപ്പു വരെ വൈദ്യുതി ബിൽ അടക്കുന്നതിൽ കുടിശ്ശിക വരുത്തി. 2021 ജൂൺ 30 വരെയുള്ള കണക്കുപ്രകാരം സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും വൈദ്യുതി കുടിശ്ശിക നൽകാനുള്ളത് 838 കോടി രൂപയാണ് (838,46,31,306). ഇതിൽ 542 കോടി രൂപയും ( 542,36,95,086 ) ഹൈടെൻഷൻ കണക്ഷനുകളുടേതാണ്. ശേഷമുള്ള 10 മാസത്തെ കുടിശ്ശിക ഇതിനു പുറമെയാണ്. ഏറ്റവും കൂടുതൽ കുടിശ്ശിക ജല അതോറിറ്റിക്കാണ്- 725. 79 കോടി. അവർക്കുതന്നെ 7.55 കോടിയുടെ മറ്റൊരു കുടിശ്ശികയുമുണ്ട്.
ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് 46,731 രൂപയാണ് അടക്കാനുള്ളത്. ഇവിടത്തെ ഭക്ഷ്യ പൊതുവിതരണ വിഭാഗം 21,446 രൂപയും വിജിലൻസ് അഡ്വൈസർ ഫോറസ്റ്റ് 6186 രൂപയും അടക്കാനുണ്ട്. പൊതുഭരണ വകുപ്പിന് 1.55 ലക്ഷം രൂപയും രാജ്ഭവന് 84,221 രൂപയും കുടിശ്ശികയുണ്ട്. കെ.എസ്.ഇ.ബിയെ നിയന്ത്രിക്കുന്ന ഊർജ വകുപ്പ് 58,626.44 രൂപ കുടിശ്ശിക വരുത്തി. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് 13,025 രൂപയും ആസൂത്ര ബോർഡ് അഞ്ച് ലക്ഷവും അടക്കാനുണ്ട്.
പൊലീസ് കുടിശ്ശിക 48.78 കോടി
പൊലീസ് 48.78 കോടിയും കൃഷി വകുപ്പ് 52 ലക്ഷവും മൃഗസംരക്ഷണ വകുപ്പ് 23 ലക്ഷവും, സർക്കാർ മെഡിക്കൽ കോളജുകൾ 5.30 കോടിയും കുടിശ്ശികയാണ്. വിദ്യാഭ്യാസം 88 ലക്ഷം, സാങ്കേതിക വിദ്യാഭ്യാസം 5.03 ലക്ഷം, കോളജ് വിദ്യാഭ്യാസം 4.94 ലക്ഷം, പൊതുവിദ്യാഭ്യസം 34 ലക്ഷം, ഹയർസെക്കൻഡറി 16 ലക്ഷം, സെക്രട്ടേറിയറ്റിലെ ഹയർഎജുക്കേഷൻ വിഭാഗം നാലു ലക്ഷം എന്നിങ്ങനെയാണ് അടക്കാനുള്ളത്.
ജയിലുകൾ 1.21 കോടി അടക്കണം
ജയിലുകൾ 1.21 കോടി അടക്കണം. മരാമത്ത് 42 ലക്ഷം, റവന്യൂ 89 ലക്ഷം, പട്ടിക ജാതി വകുപ്പ് 16 ലക്ഷം, കായികം 1.52 കോടി, ടൂറിസം 34 ലക്ഷം, സ്വയംഭരണ സ്ഥാപനങ്ങൾ 40 ലക്ഷം, ക്ഷീര വകുപ്പ് 39 ലക്ഷം, ഫയർഫോഴ്സ് 36 ലക്ഷം, ഭക്ഷ്യ പൊതുവിതരണം 7.74 ലക്ഷം, വ്യവസായ വാണിജ്യം 1.20 കോടി. കാർഷിക സർവകലാശാല 12 ലക്ഷം, പഞ്ചായത്ത് 50 ലക്ഷം എന്നിങ്ങനെ വകുപ്പുകളും പിന്നിലല്ല. പി.എസ്.സി 48,494.73 രൂപ കുടിശ്ശിക വരുത്തി. കെ.എസ്.ആർ.ടി.സിക്ക് 85 ലക്ഷമുണ്ട്. ദേവസ്വം ബോർഡുകൾ, മിൽമ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയും ലിസ്റ്റിലുണ്ട്.
ആരോഗ്യ വകുപ്പ് 13.05 കോടിയും മെഡിക്കൽ എജുക്കേഷൻ -4.72 കോടിയും.സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ 41 ലക്ഷവും താലൂക്കാശുപത്രികൾ 1.92 കോടിയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ 24 ലക്ഷവും ആരോഗ്യ വകുപ്പ് ഓഫിസുകൾ ഏഴു ലക്ഷവും ജില്ല ആശുപത്രികൾ 1.91 കോടിയും നൽകാനുണ്ട്. ജലസേചനം 20.22 കോടി നൽകണം. ജലസേചനം ഐ.ഡി.ആർ.ബി 48878, ജലസേചനം -കുട്ടനാട് പാക്കേിജ് 10.30 ലക്ഷം, ഇറിഗേഷൻ പ്രോജക്ട് -രണ്ട് 1.01 കോടി രൂപയും അടക്കാനുണ്ട്. ജുഡീഷ്യറിയുമായി ബന്ധപ്പെട്ട ഓഫിസുകൾ 64 ലക്ഷവും അഡ്വക്കറ്റ് ജനറൽ ഓഫിസ് 98,922 രൂപയും കുടിശ്ശികയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.