താങ്ങാവുന്ന നിരക്കിൽ വൈദ്യുതി ലഭ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം -മുഖ്യമന്ത്രി
text_fieldsകോട്ടയം: 152 കോടി ചെലവിൽ കോട്ടയം കുറവിലങ്ങാട് സ്ഥാപിച്ച കെ.എസ്.ഇ.ബിയുടെ സംസ്ഥാനത്തെ ആദ്യ ഗ്യാസ് ഇൻസുലേറ്റഡ് 400 കെ.വി സബ്സ്റ്റേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.
ഗതാഗതം, വ്യവസായം, ഗാർഹിക മേഖലകളിൽ ഫോസിൽ ഇന്ധന ഉപയോഗം കുറച്ച് പുനരുപയോഗ ഊർജ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി ഉൽപാദനം വെള്ളം, കാറ്റ്, സൗരോർജം തുടങ്ങിയ പുനരുപയോഗ ഊർജസ്രോതസ്സുകളിലേക്ക് മാറ്റേണ്ടതുണ്ട്. കൽക്കരി ആശ്രയത്വം കുറക്കാനാണ് ആഗ്രഹം. അതിന് ജലസംഭരണികളെ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാനാണ് ശ്രമം. കേരളത്തിന്റെ ഊർജമേഖലയെ കാലഘട്ടത്തിന്റെ ആവശ്യത്തിനനുസരിച്ച് പരിവർത്തിപ്പിക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയാണ് ഊർജകേരള മിഷൻ. സൗര, ഫിലമെന്റ്രഹിത കേരളം, ദ്യുതി, ട്രാൻസ്ഗ്രിഡ് 2.0 എന്നിയെല്ലാം ഇതിൽ ഉൾപ്പെടുന്നു. സംസ്ഥാനത്ത് സൗരോർജ പദ്ധതിയിലൂടെ 1000 മെഗാവാട്ട് ഉൽപാദനം ലക്ഷ്യമിടുന്നു. ഇതിൽ 500 മെഗാവാട്ട് പുരപ്പുറ സൗരോർജ പദ്ധതിയിലൂടെയാണ്. ലക്ഷ്യം കാലതാമസമില്ലാതെ കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ വൈദ്യുതി ലഭ്യമാകുക എന്നതിന് സർക്കാറിന് നിർബന്ധമുണ്ട്. കേന്ദ്ര സർക്കാർ സ്വകാര്യവത്കരണത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. ആ നയത്തിന്റെ ഭാഗമായി വൈദ്യുതി വില ഗണ്യമായി ഉയരാനാണ് സാഹചര്യം.
ആ സാഹചര്യത്തിലും വിലക്കയറ്റ തോതിനെ ഫലപ്രദമായി തടഞ്ഞുനിർത്തി താഴ്ന്നനിരക്കിൽ കേരളത്തിലെ വൈദ്യുതി നിരക്ക് പരിഷ്കരണത്തെ പരിമിതപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. ഭാവിക്ക് അനുയോജ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയം ലൈൻസ് പാക്കേജിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. കുറവിലങ്ങാട് പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. സബ്സ്റ്റേഷനിൽ സ്വിച്ച്ഓണും മന്ത്രി നിർവഹിച്ചു. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ, തോമസ് ചാഴികാടൻ എം.പി എന്നിവർ വിശിഷ്ടാതിഥികളായി.
കെ.എസ്.ഇ.ബി ഡയറക്ടർ (ട്രാൻസ്മിഷൻ) സജി പൗലോസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, കെ.എസ്.ഇ.ബി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. രാജൻ എൻ. ഖോബ്രഗഡെ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കീൽ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.