പ്രളയബാധിതരേ മുട്ടണ്ട; തുറക്കില്ല സർക്കാർ വാതിലുകൾ
text_fieldsകൊച്ചി: ഒരു ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് വേച്ചുവേച്ചാണ് 60കാരി തങ്കമ്മയുടെ നടപ്പ്. ഏതുദിവസവും തകർന്ന് വീഴാവുന്ന വീട്. കിട്ടാവുന്ന എല്ലാ ഫ്ലക്സും ഷീറ്റുമൊക്കെ ഓടിന് മേലെ വിരിച്ചിട്ടും ചോരുന്ന അകത്തളം. ഇവർക്ക് ലൈഫ് ഭവന പദ്ധതിയിൽ നാലുലക്ഷം രൂപ വീട് പുനർ നിർമാണത്തിന് അനുവദിച്ചെങ്കിലും കരാർ ഒപ്പിടാനായപ്പോഴാണ് ഉദ്യോഗസ്ഥർ ഒരു വ്യവസ്ഥ അറിയിച്ചത്. പ്രളയ നഷ്ട പരിഹാരമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് നൽകിയ തുക കുറച്ചു മാത്രമേ ലൈഫ് തുക നൽകൂവെന്ന്. അന്ന് ലഭിച്ച 60,000 രൂപ കുറച്ചാൽ ഇന്നിനി ലഭിക്കുക 3.40 ലക്ഷം മാത്രം.
'ഒരുമുറി പോലും പണിയാൻ കഴിയില്ല ആ തുകക്ക്. ഹൃദയ വാൽവിൽ നാല് േബ്ലാക്കുകളുമായി ആലുവ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടുകയാണ് ഞാൻ. മകൻ മനോജ് കൂലിപ്പണിക്കാരനും. ഏത് സമയവും ഇടിഞ്ഞുവീഴുന്ന അവസ്ഥയിലാണ് വീട്.
ഇത് പൊളിച്ച് തറകെട്ടിയാൽ മാത്രമേ സർക്കാർ പറഞ്ഞ തുക പോലും കിട്ടൂ. ഇത് പൊളിച്ചാൽ പിന്നെ, ഞങ്ങൾ എവിടെ അന്തിയുറങ്ങും. വാടകക്ക് കഴിയാൻ പോലും ആവതില്ലാത്ത അവസ്ഥയാണ്' -കണ്ണീരണിഞ്ഞ് തങ്കമ്മ പറയുന്നു. എറണാകുളം കരുമാല്ലൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ പുത്തലത്ത് തങ്കമ്മയുടെ മാത്രം ദുരിതാവസ്ഥയല്ല ഇത്.2018, 2019, 2020 വർഷങ്ങളിൽ കേരളത്തിൽ പ്രളയദുരിതം നേരിട്ട നൂറുകണക്കിന് പേരുടെ കഥയാണിത്.
പ്രളയത്തിൽ വീടിന് സാരമായ കേടുപാട് പറ്റിയിട്ടും മതിയായ നഷ്ടപരിഹാരം ലഭിക്കാതെ പോയവർ. കിട്ടിയ തുകക്ക് വീടിെൻറ അറ്റകുറ്റപ്പണി നടത്തി ഇത്ര നാളും കഴിഞ്ഞുകൂടി. വെള്ളം കയറി വിണ്ടുകീറിയ ഭിത്തികൾ നിലംപൊത്തുമെന്ന അവസ്ഥ എത്തിയപ്പോഴാണ് പഞ്ചായത്തുകളിലും ഓഫിസുകളിലും കയറിയിറങ്ങി ലൈഫ് ഭവന പദ്ധതിയിൽ വീട് പുനർ നിർമിക്കാമെന്ന ഉറപ്പുലഭിച്ചത്. പക്ഷെ, അതിലൊരു നിബന്ധന ഒളിപ്പിച്ചുവെച്ചു. മുമ്പ് പ്രളയ നഷ്ടപരിഹാരമായി ലഭിച്ച തുക കുറച്ചുമാത്രമേ വീട് നിർമാണത്തിന് നൽകൂ. അതോടെ, നാലുലക്ഷം കിട്ടുമെന്ന് പ്രതീക്ഷിച്ച് വീടുപൊളിച്ചവരും തറകെട്ടി കാത്തിരുന്നവരുമൊക്കെ വെട്ടിലായി. പലരും സഹകരണ ബാങ്കുകളിൽനിന്ന് ലോണെടുത്താണ് തറ തന്നെ കെട്ടിയത്.
തങ്കമ്മയുടെ വീട്ടിൽനിന്ന് വിളിപ്പാട് അകലെയാണ് കൊച്ചിക്കൽ പറമ്പ് റഫീക്കിെൻറ വീട്. 'പ്രളയത്തിൽ വീട്ടിലെ സീലിങ് ഫാൻ വരെ വെള്ളം കയറിയിരുന്നു. നഷ്ടപരിഹാരം തിട്ടപ്പെടുത്താൻ എത്തിയവർ വീടിന് അകത്തേക്ക് പോലും കയറാതെ എന്തൊക്കെയോ എഴുതിയെടുത്തുപോയി. 60,000 രൂപയാണ് നഷ്ട പരിഹാരമായി അനുവദിച്ചത്. അതുകൊണ്ടൊന്നും വീട് ശരിയായില്ല' -റഫീക്കിെൻറ ഭാര്യ സീനത്ത് പറയുന്നു.
തറകെട്ടിയതിൽ ഒതുങ്ങി ഇവരുടെ വീടെന്ന സ്വപ്നം
ഭിത്തികൾ നിലംപൊത്തുമെന്ന അവസ്ഥ വന്നപ്പോൾ ഇവർ കഴിഞ്ഞ ഫെബ്രുവരിയിൽ വീട് പാതി പൊളിച്ചു. ബാക്കി പകുതിയിൽ താമസം തുടർന്നു. ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടതായി അറിയിപ്പ് ലഭിച്ചതോടെ കിട്ടുന്ന നാലുലക്ഷത്തിന് എങ്ങനെയും വീട് തല്ലിക്കൂട്ടാമെന്നാണ് കരുതിയതെന്ന് അവർ വിവരിക്കുന്നു.
ഉണ്ടായിരുന്ന സ്വർണം വിറ്റ് തറ കെട്ടി. തറ പണി തീർന്നാൽ 40,000 രൂപയും പിന്നീട് ഗഡുക്കളായി ബാക്കി തുകയും ലഭിക്കുമെന്നാണ് അറിയിച്ചത്. പക്ഷെ, ഇപ്പോൾ അറിയിച്ചത് പ്രളയ സഹായമായി കിട്ടിയ തുക കുറക്കുമെന്നാണ്. റഫീക്കിന് വല്ലപ്പോഴും ലഭിക്കുന്ന പെയിൻറിങ് പണി കൊണ്ടാണ് ഈ കുടുംബം കഴിയുന്നത്. തറകെട്ടിയതിൽ ഒതുങ്ങി ഇവരുടെ വീടെന്ന സ്വപ്നം.
കൈമലർത്തി തദ്ദേശ സ്ഥാപനങ്ങൾ
പ്രളയസഹായമായി ലഭിച്ച തുക തിരിച്ചടച്ചാൽ ലൈഫ് മിഷൻ പരിധിയായ നാലുലക്ഷം നൽകാമെന്ന വിചിത്ര വാദം വീടുപൊളിച്ച് കാത്തിരിക്കുന്നവരോട് പറഞ്ഞ തദ്ദേശ സ്ഥാപന അധികൃതർ എറണാകുളം ജില്ലയിൽ ഉണ്ട്. 74 ശതമാനം വരെ നാശനഷ്ടം സംഭവിച്ച വീടിന് 2.50 ലക്ഷം രൂപ വരെ നഷ്ടപരിഹാരം ലഭിച്ചതുകൊണ്ട് വീട് നന്നാക്കാൻ കഴിയില്ല. ഇവർക്ക് പഞ്ചായത്ത്, മുനിസിപ്പൽ അസി. എൻജിനീയർമാരുടെ ശിപാർശ പ്രകാരം ബാക്കി 1.50 ലക്ഷം രൂപ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകാമെന്ന് മന്ത്രി പറയുേമ്പാൾ വീട് പൊളിച്ചവർ ഇനി എൻജിനീയർക്ക് മുന്നിൽ സാക്ഷ്യപ്പെടുത്താൻ എന്ത് കാണിക്കുമെന്ന് ചോദിക്കുന്നു. പൊളിഞ്ഞുവീണ് ദുരന്തമുണ്ടാകുമെന്ന അവസ്ഥ എത്തിയപ്പോഴാണ് ലൈഫിൽ ഉൾപ്പെട്ടതിെൻറ പേരിൽ വീട് പൊളിച്ച് തറകെട്ടിയത്. അത് ഉദ്യോഗസ്ഥർ എത്തി പരിശോധിച്ചാൽ മാത്രമേ തുക ഗഡുക്കളായി നൽകൂ.
നൂലാമാലകളിൽ മുങ്ങുന്നു, ജീവിതങ്ങൾ
മഹാപ്രളയം നേരിട്ടതിന് ശേഷം വീടുകളുടെ നാശനഷ്ട കണക്കെടുപ്പ് നടന്ന കാലത്ത് സംഭവിച്ച നടപടി പിശകുകൾ പിന്നീട് തീരാത്ത ദുരിതക്കയത്തിലേക്ക് തള്ളിയിട്ടത് നൂറുകണക്കിന് കുടുംബങ്ങളെയാണ്. വീട്ടിൽ എത്ര വെള്ളം കയറി എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു തകരാറിെൻറ തോത് വിലയിരുത്തിയത്. ഈ നാശനഷ്ട വിലയിരുത്തൽ പലപ്പോഴും വഴിപാടായി മാറി. എങ്ങനെയും ജോലി തീർക്കലിലായി സർവേക്ക് എത്തിയ സംഘങ്ങളുടെ ശ്രദ്ധ. ഇതോടെ വെള്ളം കയറിയ വീടുകളുടെ യഥാർഥ ചിത്രമല്ല, സർക്കാർ ഫയലുകളിൽ രേഖപ്പെടുത്തപ്പെട്ടത്.
'പ്രളയത്തിൽ വീടിെൻറ പകുതിയോളം മുങ്ങിയിരുന്നു. അന്ന് ധനസഹായമായി അനുവദിച്ചത് 50,000 രൂപയാണ്. അതുകൊണ്ട് അറ്റകുറ്റപ്പണി നടത്തി വീട്ടിൽ താമസിച്ചുപോന്നു. പിന്നീട് വെള്ളം കയറി കുതിർന്ന ഭിത്തികൾ വിണ്ടുകീറി. ഇടിവെട്ടുേമ്പാൾ വീടാകെ കുലുങ്ങുന്നത്ര പേടിപ്പെടുത്തുന്ന സാഹചര്യം വന്നതോടെയാണ് ഒരുപാട് തവണ ഓഫിസുകളിൽ കയറിയിറങ്ങി ലൈഫ് മിഷന് കീഴിൽ ധനസഹായം തേടിയത്' -കരുമാല്ലൂർ പാറാന സലാം വിവരിക്കുന്നു. വീട് പദ്ധതിയിൽ ഉൾപ്പെടുത്തിയെന്ന് അറിയിപ്പ് ലഭിച്ചതോടെ ഇദ്ദേഹം അത് പൊളിച്ചു. താൽക്കാലിക ഷെഡ് കെട്ടി അതിലായിരുന്നു പിന്നീട് താമസം. എന്നാൽ ലൈഫ് മിഷൻ തുകയായ നാലുലക്ഷം ലഭിക്കില്ലെന്ന് അറിഞ്ഞതോടെ നിവേദനങ്ങളുമായി മന്ത്രിമാരെ കണ്ടു. എന്നാൽ, പ്രളയ സഹായം ലഭിച്ചവർക്ക് അത് കുറവുചെയ്താണ് ലൈഫ് പദ്ധതി നിരക്ക് ലഭിക്കുകയെന്ന് ഉത്തരവുകൾ ഒന്നുമില്ലെന്നായിരുന്നു മന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയ നേതൃത്വം ഈ വീട്ടുകാരോടൊക്കെ വിവരിച്ചത്. പിന്നീട് വിവരാവകാശം വഴി ലഭിച്ച രേഖകളിലൂടെയാണ് ഇങ്ങനെയൊരു ഉത്തരവ് സർക്കാർ ഇറക്കിയിരുന്നതായി വെളിച്ചത്ത് വന്നത്.
ലൈഫ് പദ്ധതിക്ക് കീഴിൽ എസ്.സി, എസ്.ടി, ഫിഷറീസ്, അഡീഷനൽ ലിസ്റ്റിൽ ഉൾപ്പെട്ട് നിർവഹണ ഉദ്യോഗസ്ഥർ അർഹരാണെന്ന് കണ്ടെത്തിയ ഗുണഭോക്താക്കളിൽ പ്രളയ ധനസഹായം കൈപ്പറ്റിയിട്ടുള്ളവർക്ക് വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓഡിനേഷൻ കമ്മിറ്റിയുടെ 2021 ഫെബ്രുവരി 10ന് കൂടിയ യോഗത്തിലെ ഐറ്റം നമ്പർ 3.13 പ്രകാരമുള്ള തീരുമാനമാണ് നിലവിൽ വിനയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.