അഭിമാന താരങ്ങൾ പറയുന്നു; സർക്കാറേ.. ഓടി തളർന്നു ഇനിയെങ്കിലും ജോലി തരുമോ?
text_fieldsതിരുവനന്തപുരം: കായികരംഗത്തിനായി കൗമാരവും യൗവനവും മാറ്റിവെച്ച് വിയർപ്പൊഴുക്കിയ താരങ്ങൾ ജോലിക്കുള്ള അപേക്ഷയുമായി സംസ്ഥാന സർക്കാറിന് പിന്നാലെ ഓടുന്നു. 2018 ജകാർത്ത ഏഷ്യൻ ഗെയിംസിൽ വനിതകളുടെ റിലേയിൽ സ്വർണം നേടിയ വി.കെ. വിസ്മയ, ലോങ് ജംപിൽ വെള്ളി നേടിയ വി. നീന, അന്താരാഷ്ട്ര കായികവേദികളിൽ നിരവധി മെഡലുകൾ ഓടിയെടുത്ത പി.യു.ചിത്ര, ഇന്ത്യൻ ഫുട്ബാളിൽ കുന്തമുനകളായിരുന്ന അനസ് എടത്തൊടിക, റിനോ ആന്‍റോ, ചെസിൽ മലയാളിയുടെ ഗ്രാന്‍റ് മാസ്റ്റർ എസ്.എൽ. നാരായണൻ, ഹാൻഡ്ബാൾ താരം എസ്. ശിവപ്രസാദ് തുടങ്ങി വർഷങ്ങളായി ജോലിക്കുവേണ്ടി സെക്രട്ടേറിയറ്റിന്‍റെ പടികൾ കയറിങ്ങുന്ന താരങ്ങളുടെ പട്ടിക നീളുകയാണ്.
വിസ്മയക്കും നീനക്കും ചിത്രക്കും ഗസറ്റഡ് റാങ്ക് ഉദ്യോഗമാണ് മുൻ സർക്കാർ വാഗ്ദാനം ചെയ്തത്. ഇതനുസരിച്ച് കലക്ടറുടെ നിർദേശപ്രകാരം വില്ലേജ് ഓഫിസർ വീട്ടിലെത്തി ജോലിക്കുള്ള അപേക്ഷ ഒപ്പിട്ടുവാങ്ങി. പിന്നീട് അപേക്ഷക്ക് പിന്നാലെ ഓടാനായിരുന്നു ഇവരുടെ വിധി. വിസ്മയക്കൊപ്പം 4x 400 മീറ്റർ റിലേയിൽ ഓടിയ സരിത ഗെയ്ക് വാദിനും ഹിമദാസിനും ഏഷ്യൻ ഗെയിംസ് കഴിഞ്ഞുവന്നതിന് പിന്നാലെ മഹാരാഷ്ട്ര, അസം സർക്കാറുകൾ പൊലീസിൽ ഡിവൈ.എസ്.പി റാങ്കിൽ ജോലികൊടുത്തപ്പോഴാണിത്.
കഴിഞ്ഞ അഞ്ചുവർഷമായി വിസ്മയ മാത്രം ജോലിക്കായി മന്ത്രിഓഫിസുകൾ കയറിയിറങ്ങുകയാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് റെയിൽവേയിൽ ക്ലാസ് 3 തസ്തികയിൽ ജോലിക്ക് കയറിയ പി.യു ചിത്രയുടെയും നീനയുടെ അവസ്ഥയും വ്യത്യസ്തമല്ല. ഇന്ത്യൻ ഫുട്ബാളിന്‍റെ അഭിമാനമായിരുന്ന എൻ.പി പ്രദീപിനും അനസ് എടത്തൊടികക്കും റിനോ ആ
ന്‍റോക്കും ഹാൻഡ് ബാളിൽ ഇന്ത്യക്കായി കളിച്ച ആദ്യമലയാളി താരം ശിവപ്രസാദിനും ജോലി നല്‍കില്ലെന്ന നിലപാടിലാണ് സർക്കാറും സംസ്ഥാന സ്പോർട്സ് കൗൺസിലും. ഒളിമ്പിക്‌സ്, ലോകകപ്പ്, ലോക യൂനിവേഴ്‌സിറ്റി ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ്, സാഫ് ഗെയിംസ് എന്നിവയില്‍ രാജ്യത്തെ പ്രതിനിധാനം ചെയ്ത് ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയവരെ മാത്രമേ ജോലിക്ക് പരിഗണിക്കൂവെന്ന സര്‍ക്കാര്‍ നിലപാടാണ് നാലുപേർക്കും തിരിച്ചടിയായത്.
എന്നാൽ, ഈ നിയമങ്ങൾ നിലനിൽക്കുമ്പോൾ ഫുട്ബാൾ താരം സി.കെ. വിനീതിന് മുൻ സർക്കാർ എങ്ങനെ ജോലി നൽകിയെന്ന ചോദ്യത്തിന് കായിക വകുപ്പിന് മറുപടിയില്ല. ഗ്രാൻഡ് മാസ്റ്റർ എസ്.എൽ. നാരായണനും അർഹതപ്പെട്ട സർക്കാർ ജോലിക്കായി അലയാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. പ്രഗ്നാനന്ദയടക്കമുള്ള ചെസ് താരങ്ങളെ തമിഴ്നാട് സർക്കാർ കൊണ്ടാടുമ്പോൾ ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ചെസ് ലോകകപ്പിലും ചെസ് ഒളിമ്പ്യാഡിലും നേട്ടങ്ങൾ കൊയ്ത ഈ മലയാളിതാരത്തിന്‍റെ ഫയൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ വിശ്രമത്തിലാണ്.
സർക്കാർ പറയുന്നത്?
- ഏഴുവർഷത്തിനിടയിൽ 703 കായിക താരങ്ങൾക്ക് നിയമനം നൽകി; 249 പേർക്കു കൂടി ഉടൻ നിയമനം
- 2010-2014 വർഷം വരെ മുടങ്ങിക്കിടന്ന നിയമനങ്ങളാണ് എൽ.ഡി. എഫ് സർക്കാർ യാഥാർഥ്യമാക്കി വരുന്നത്.
- ഫെബ്രുവരിയിൽ 409 പേര് ഉൾപ്പെട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഒഴിവുള്ള 250 തസ്തികകളിലും നിയമനം നടത്തി.
- ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്ത് 110 കായിക താരങ്ങൾക്കു മാത്രമാണ് നിയമനം നൽകിയത്.
- 2017 സന്തോഷ് ട്രോഫി ജേതാക്കളായ കേരള ഫുട്ബോൾ ടീമിലെ ജോലിയില്ലാതിരുന്ന 11 താരങ്ങൾക്ക് എൽ.ഡി.സി തസ്തികയിൽ നിയമനം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.