സർക്കാർ ഏറ്റെടുത്ത തോട്ടം തിരിച്ചുപിടിക്കാൻ ‘സ്പോൺസേഡ്’ പണിമുടക്ക്
text_fieldsതൊടുപുഴ: പണിമുടക്കുന്നെങ്കിൽ ഇങ്ങനെ വേണം. ശമ്പളത്തോടുകൂടി. പുറമെ ചെലവ് കാശും. പീരുമേട്ടിൽ സർക്കാറിേൻറതെന്ന് കണ്ടെത്തി ഏറ്റെടുത്ത, തേയില കമ്പനികൾ കൈവശംവെച്ച 6312 ഏക്കർ ഭൂമി സർക്കാറിനെ സമ്മർദത്തിലാക്കി തിരിച്ചുപിടിക്കാനാണ് തൊഴിലാളികളെ ഇറക്കി സമരനാടകം. പണിമുടക്കുന്നവർക്ക് ശമ്പളം നഷ്ടപ്പെടില്ലെന്ന് മാത്രമല്ല, നടത്തിപ്പുകാർക്ക് ചെലവും നൽകും കമ്പനി. തിങ്കളാഴ്ചയാണ് തോട്ടം മേഖലയിൽ ഭരണമുന്നണി യൂനിയനുകളടക്കം നേതൃത്വം നൽകുന്ന സംയുക്ത പണിമുടക്ക്.
സി.പി.എം മുൻകൈയെടുത്തും ബി.എം.എസ് ഒഴികെ സർവ യൂനിയനുകളും ചേർന്നും സമരം നടത്തുന്നതിന് പിന്നിൽ തൊഴിലാളികളെ മറയാക്കി സർക്കാറിനെക്കൊണ്ട് ഉത്തരവ് പിൻവലിപ്പിക്കുകയെന്ന ലക്ഷ്യമാണുള്ളത്. മുഖ്യമന്ത്രിയെ നേരിൽകണ്ട് യൂനിയൻ പ്രതിനിധികൾ നിവേദനം നൽകിയതിന് പിന്നാലെയാണ് പണിമുടക്ക് പ്രഖ്യാപനം. ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച ആധികാരിക രേഖകളൊന്നും ഹാജരാക്കാൻ കഴിയാതിരുന്ന സാഹചര്യത്തിൽ 1957ലെ ഭൂസംരക്ഷണ ചട്ടം 11ാം വകുപ്പ് പ്രകാരം സ്പെഷൽ ഒാഫിസർ എം.ജി. രാജമാണിക്യമാണ് കഴിഞ്ഞ 20ന് ഏറ്റെടുത്ത് നോട്ടീസ് നൽകിയത്.
പ്രോവിഡൻറ് ഫണ്ട് കമീഷണറുടെ ലേല നടപടിയിലൂടെയും റാംബഹാദൂർ ഠാക്കൂർ കമ്പനിയുമായുണ്ടാക്കിയ കരാറിലും തിരുവല്ല ആസ്ഥാനമായ പോബ്സൺ ഗ്രൂപ്പാണ് ഇപ്പോൾ ഭൂമി കൈവശം വെച്ചിട്ടുള്ളത്. സെെൻറാന്നിന് വെറും 150 രൂപക്കാണ് നിയമവിധേയമല്ലാത്ത ലേലത്തിലൂടെ കമ്പനി ഭൂമി സ്വന്തമാക്കിയത്. സെൻറിന് 5000 മുതൽ 8000 രൂപവരെ ഇൗ പ്രദേശത്ത് വിലയുണ്ടായിരിക്കെയായിരുന്നു, ചില േട്രഡ് യൂനിയനുകളുടെകൂടി ഒത്താശയോടെ ചുളുവിലയ്ക്ക് കമ്പനി ഭൂമി കരസ്ഥമാക്കിയത്. കോഴിക്കാനം, പാമ്പനാർ, തേങ്ങാക്കൽ, നെല്ലിക്കായ്, പശുമല, തങ്കമല, മൗണ്ട്, ഗ്രാമ്പി, മഞ്ചുമല എസ്റ്റേറ്റുകളാണ് ഏറ്റെടുത്തിട്ടുള്ളത്. ഇതിൽ ആറെണ്ണം പോബ്സൺ ഗ്രൂപ്പും മൂന്നെണ്ണം ബഥേൽ ഗ്രൂപ്പുമാണ് നടത്തുന്നത്. ഏറ്റെടുക്കലിനെതിരെ സി.െഎ.ടി.യുവാണ് മുഖ്യമായും രംഗത്തുള്ളത്. 9327 ഏക്കറാണ് ആകെ ഏറ്റെടുക്കേണ്ടത്. ശേഷിച്ച 3015 ഏക്കറിന് നടപടി ക്രമം പൂർത്തിയായെങ്കിലും പോബ്സൺ കമ്പനി സ്റ്റേ വാങ്ങിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.