‘പാർട്ടി നിയമനങ്ങൾ’ കൂട്ടത്തോടെ സ്ഥിരപ്പെടുത്താൻ സർക്കാർ നീക്കം
text_fieldsതിരുവനന്തപുരം: വിവിധ സർക്കാർ സ്ഥാപനങ്ങളിലും സർവകലാശാലകളിലും പാർട്ടി നിയമനം ലഭിച്ച് താൽക്കാലികക്കാരായി തുടരുന്നവരെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിക്കുന്ന മുറക്ക് കൂട്ടത്തോടെ സ്ഥിരപ്പെടുത്താൻ അണിയറയിൽ നീക്കം.
സംസ്ഥാന ലൈബ്രറി കൗൺസിലിൽ ക്ലർക്ക്, ഡ്രൈവർ, അറ്റൻഡർ തസ്തികകളിൽ 2006 മുതൽ നിയമിച്ച അറുപതോളം പേരെ മുൻകാല പ്രാബല്യത്തിൽ സ്ഥിരപ്പെടുത്താനുള്ള ഒന്നാം പിണറായി സർക്കാറിന്റെ അവസാനകാലത്തെ ഉത്തരവ് ശരിവെച്ച ഹൈകോടതി സിംഗ്ൾ ബെഞ്ച് ഉത്തരവിന്റെ ബലത്തിലാണ് കൂട്ടസ്ഥിരപ്പെടുത്തലിന് നീക്കം നടക്കുന്നത്.
പി.എസ്.സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ മാസങ്ങളോളം സെക്രട്ടേറിയറ്റിന് മുന്നിൽ സമരംകിടന്നിട്ടും അനങ്ങാതിരുന്ന സർക്കാറാണ് പാർട്ടി നിയമനം വഴി കയറിയവർക്ക് സ്ഥിരപ്പെടുത്തലിന് വഴിതുറക്കുന്നത്.
ടൂറിസം, സി-ഡിറ്റ്, കെൽട്രോൺ, സ്കോൾ കേരള (പഴയ ഓപൺ സ്കൂൾ), എൽ.ബി.എസ്, വനിതാ കമീഷൻ, യുവജന ക്ഷേമ ബോർഡ്, ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ്, സാക്ഷരത മിഷൻ, കയർ റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, റിമോട്ട് സെൻസിങ് സെന്റർ, തുടർവിദ്യാഭ്യാസ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളിലെ താൽക്കാലികക്കാരെയാണ് സ്ഥിരപ്പെടുത്തുന്നത്.
ഒന്നാം പിണറായി സർക്കാറിന്റെ അവസാനകാലത്ത് ഈ സ്ഥാപനങ്ങളിലെ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താൻ നടത്തിയ നീക്കം ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. ഇതിൽ ലൈബ്രറി കൗൺസിലിലെ സ്ഥിരപ്പെടുത്തൽ ഉത്തരവ് ഹൈകോടതി സിംഗ്ൾ ബെഞ്ച് ശരിവെച്ചതിന്റെ ചുവടുപിടിച്ചാണ് സമാന സ്ഥിരപ്പെടുത്തലുകൾക്ക് വഴിയൊരുങ്ങുന്നത്. ഇതിൽ ലൈബ്രറി കൗൺസിൽ, സർവകലാശാലകൾ ഉൾപ്പെടെ സ്ഥാപനങ്ങളിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടതാണ്.
സംസ്ഥാനത്തെ സർവകലാശാലകളിൽ രണ്ടായിരത്തോളം പേർ താൽക്കാലികമായി ജോലിയിൽ തുടരുന്നുണ്ട്. ഹൈകോടതി ഉത്തരവിന്റെ ബലത്തിൽ അവരെയും സ്ഥിരപ്പെടുത്തേണ്ടിവരും. കാലിക്കറ്റ് സർവകലാശാലയിൽ വി.സിയുടെ ഡ്രൈവർ ഉൾപ്പെടെ സിൻഡിക്കേറ്റ് സ്ഥിരപ്പെടുത്താൻ തീരുമാനിച്ച 30 പേരെയും മുൻകാല പ്രാബല്യത്തിൽ സ്ഥിരപ്പെടുത്താനാവും. ഇവരുടെ സ്ഥിരപ്പെടുത്തൽ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തതുകൊണ്ട് ഉത്തരവ് നടപ്പാക്കിയിരുന്നില്ല.
അപ്പീലിന് വൈമുഖ്യം
തിരുവനന്തപുരം: ലൈബ്രറി കൗൺസിലിലെ താൽക്കാലിക നിയമനങ്ങൾ സ്ഥിരപ്പെടുത്താനുള്ള ഉത്തരവ് ശരിവെച്ച ഹൈകോടതി സിംഗ്ൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീലിന് വൈമുഖ്യം. നേരത്തേ പി.എസ്.സി റാങ്ക് പട്ടികയിലുണ്ടായിരുന്ന ഉദ്യോഗാർഥികളാണ് സ്ഥിരപ്പെടുത്തലിനെതിരെ കോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിച്ചത്.
ഹരജിക്കാരിൽ മിക്കവർക്കും പൊലീസ് കോൺസ്റ്റബിൾ തസ്തികയിൽ ഉൾപ്പെടെ നിയമനം ലഭിച്ചതോടെ സർക്കാർ തീരുമാനത്തിനെതിരെ അപ്പീലിന് തയാറല്ല. ഈ സാഹചര്യത്തിലാണ് സംഗ്ൾ ബെഞ്ച് ഉത്തരവ് ചൂണ്ടിക്കാട്ടി സർക്കാറിന്റെ സ്ഥിരപ്പെടുത്തൽ ഉത്തരവുകൾ മുൻകാല പ്രാബല്യത്തോടെ എല്ലാ വകുപ്പുകളിലും വ്യാപിപ്പിക്കുന്നത്.
കരാർ അടിസ്ഥാനത്തിലും ദിവസവേതന അടിസ്ഥാനത്തിലും രാഷ്ട്രീയ സ്വാധീനത്തിൽ ജോലിയിൽ കയറിപ്പറ്റിയവരെ ഒന്നാം പിണറായി സർക്കാർ കൂട്ടത്തോടെ സ്ഥിരപ്പെടുത്തുകയായിരുന്നു.
സംസ്ഥാന ലൈബ്രറി കൗൺസിലിൽ 2006 മുതൽ താൽക്കാലിക നിയമനം ലഭിച്ചവരെ മുൻകാലപ്രാബല്യത്തിൽ സ്ഥിരപ്പെടുത്തിയതോടെയാണ് വിവാദത്തിന് തുടക്കം. മരണപ്പെട്ട ദിവസവേതനക്കാരനെ പോലും മുൻകാല പ്രാബല്യത്തിൽ സ്ഥിരപ്പെടുത്തുകയും അദ്ദേഹത്തിന്റെ ഭാര്യക്ക് ആശ്രിത നിയമന വ്യവസ്ഥയിൽ സ്ഥിരംനിയമനം നൽകുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.