സി.പി.എം റിപ്പോർട്ട് തള്ളി മുഖ്യമന്ത്രി- 'കാമ്പസുകളിൽ യുവതികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല'
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള കാമ്പസുകൾ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ വർഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലേക്കും ആകർഷിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുവെന്ന ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യങ്ങളൊന്നും സർക്കാറിെൻറ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ഇതുസംബന്ധിച്ച് പ്രഫഷണൽ കോളജുകൾ കേന്ദ്രീകരിച്ച് സർക്കാർ പഠനം നടത്തിയിട്ടുണ്ടോയെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഈ വിഷയത്തിൽ സംസ്ഥാന ഇൻറലിജൻസ് മേധാവി സർക്കാറിന് റിപ്പോർട്ട് നൽകിയിട്ടുണ്ടോ, കാമ്പസുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരം വിധ്വംസക പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ സർക്കാർ എന്തൊക്കെ നടപടികൾ സ്വീകരിച്ചു തുടങ്ങിയ ചോദ്യങ്ങൾക്കും ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്ന മറുപടിയാണ് അദ്ദേഹം നൽകിയത്.
പ്രഫഷണൽ കോളജുകൾ കേന്ദ്രീകരിച്ചു വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിന്‍റെ വഴിയിലേക്കു ചിന്തിപ്പിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നെന്ന് സി.പി.എം പാർട്ടി സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനായി നൽകിയ കുറിപ്പിൽ ആരോപണമുണ്ടായിരുന്നു. ഇതുസംബന്ധിച്ച് നജീബ് കാന്തപുരം, ഡോ. എം.കെ. മുനീർ, പി.കെ. ബഷീർ, യു.എ. ലത്തീഫ് എന്നിവർ ഉന്നയിച്ച ചോദ്യങ്ങൾക്കാണ് ഇത്തരം ആരോപണങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മറുപടി ലഭിച്ചത്.
ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങൾക്കായി നടത്തേണ്ട ഉദ്ഘാടന പ്രസംഗം സംബന്ധിച്ച് സി.പി.എം കുറിപ്പ് തയാറാക്കി നേതാക്കൾക്ക് നൽകിയിരുന്നു. ഇതിൽ, 'ന്യൂനപക്ഷ വർഗീയത' എന്ന തലക്കെട്ടിനു കീഴിലായിരുന്നു വിവാദ പരാമർശം. വർഗീയതയിലേക്കും തീവ്രവാദത്തിലേക്കും യുവജനങ്ങളെ ആകർഷിക്കുന്നതിനുള്ള ബോധപൂർവമുള്ള പരിശ്രമങ്ങൾ നടക്കുന്നു, ഇക്കാര്യത്തിൽ ക്രൈസ്‍തവരിലെ ചെറിയൊരു വിഭാഗത്തിൽ കണ്ടുവരുന്ന വർഗീയ സ്വാധീനത്തെ ഗൗരവമായി കാണണം, ക്ഷേത്രവിശ്വാസികളെ ബി.ജെ.പിയുടെ പിന്നിൽ അണിനിരത്തുന്നത് ഇല്ലാതാക്കും വിധം ആരാധനാലയങ്ങളിൽ ഇടപെടണം എന്നൊക്കെ കുറിപ്പിൽ പറഞ്ഞിരുന്നു.
മത-സാമുദായിക സംഘടനകളുടെ യോഗം വിളിക്കേണ്ടതില്ല
വിവിധ മതവിഭാഗങ്ങൾ തമ്മിൽ സ്പർധ വളർന്നുവരുന്നതായുള്ള മാധ്യമവാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഇക്കാര്യത്തിൽ മത-സാമുദായിക സംഘടന നേതാക്കളുടെ യോഗം വിളിച്ച് പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ മതവിഭാഗങ്ങൾ തമ്മിൽ സൗഹാർദപരമായ അന്തരീക്ഷമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. നാടിെൻറ പൊതുവായ വികസന പ്രവർത്തനങ്ങളിൽ എല്ലാ വിഭാഗങ്ങളെയും സംഘടിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. മതസൗഹാർദം ഉറപ്പ് വരുത്തുന്നതിനുള്ള ക്രിയാത്മക നടപടികളും സ്വീകരിച്ചുവരുന്നുണ്ട്.
സമുദായ സ്പർദ്ധ ഉണ്ടാകുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചരണങ്ങൾ നടത്തുന്നവരെ കണ്ടെത്തുന്നതിനും അവരെ നിരീക്ഷിക്കുന്നതിനും കേരള പൊലീസിെൻറ വിവിധ വിഭാഗങ്ങളായ സൈബർ ഡോം, ഹൈ-ടെക് സെൽ, സോഷ്യൽ മീഡിയ സെൽ, സൈബർ പൊലീസ് സ്റ്റേഷനുകൾ സൈബർ സെൽ എന്നിവ പ്രവർത്തിച്ച് വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.