ഫ്ലോട്ടിങ് സംവരണത്തിൽ പിടിവിടാതെ സർക്കാർ; റീവാമ്പിങ് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകളിലെ ബി.ടെക് പ്രവേശനത്തിൽ ഫ്ലോട്ടിങ് സംവരണം നിർത്തലാക്കാനുള്ള നിർദേശം പ്രവേശന പരീക്ഷ പ്രോസ്പെക്ടസ് പരിഷ്കരണ കമ്മിറ്റി (റീവാമ്പിങ് കമ്മിറ്റി) യോഗത്തിന്റെ പരിഗണനക്ക് വിട്ട് സർക്കാർ. ഇക്കഴിഞ്ഞ എൻജിനീയറിങ് പ്രവേശനത്തിൽ േഫ്ലാട്ടിങ് സംവരണം റദ്ദാക്കാനുള്ള ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശം വിവാദമാവുകയും നടപ്പാക്കുന്നത് തൽക്കാലത്തേക്ക് മാറ്റുകയുമായിരുന്നു.
പിന്നാലെയാണ് നിർദേശം റീവാമ്പിങ് കമ്മിറ്റിയിൽ ചർച്ചക്ക് വെക്കാൻ തീരുമാനിച്ചത്. േഫ്ലാട്ടിങ് സംവരണം റദ്ദാക്കാൻ നിർദേശിച്ച ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ തന്നെയാണ് റീവാമ്പിങ് കമ്മിറ്റി യോഗവും ചേരുന്നത്. പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട വിവിധ ഡയറക്ടറേറ്റുകളുടെ മേധാവികളും പ്രവേശന പരീക്ഷ കമീഷണറുമാണ് റീവാമ്പിങ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാറുള്ളത്.
മെഡിക്കൽ, എൻജിനീയറിങ് പ്രവേശന നടപടികൾ ആരംഭിക്കുന്നതിന്റെ ആദ്യപടിയായി റീവാമ്പിങ് കമ്മിറ്റി ചേരുകയും പ്രോസ്പെക്ടസിൽ ആവശ്യമായ പരിഷ്കരണങ്ങൾ നിർദേശിക്കുന്നതും ഇത് സർക്കാർ അംഗീകരിച്ച് ഉത്തരവിറക്കുന്നതുമാണ് രീതി. ഇതേ നടപടിയിലേക്കാണ് േഫ്ലാട്ടിങ് സംവരണം നിർത്തലാക്കി സ്ഥാപനതല സംവരണം മതിയെന്ന ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ കത്ത് പരിഗണനക്കായി കൈമാറിയത്.
നിയമസഭയുടെ പിന്നാക്കവിഭാഗ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1998 ഒക്ടോബർ ഏഴിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിലൂടെയാണ് സംവരണ വിഭാഗങ്ങളുടെ സീറ്റ് നഷ്ടം ഒഴിവാക്കാൻ ഫ്ലോട്ടിങ് സംവരണരീതി നടപ്പാക്കിയത്. മെറിറ്റിലും സംവരണത്തിലും സീറ്റിന് അർഹതയുള്ള വിദ്യാർഥികൾക്ക് മെറിറ്റ് സീറ്റ് നഷ്ടപ്പെടുത്താതെ, സംവരണ സീറ്റ് ലഭിക്കുന്ന മെച്ചപ്പെട്ട കോളജിലേക്ക് മാറാനും അതുവഴി സംവരണ സീറ്റ് നഷ്ടം ഒഴിവാക്കാനുമായി ആവിഷ്കരിച്ച രീതിയാണ് ഫ്ലോട്ടിങ് സംവരണം.
ഇത് നിർത്തലാക്കിയാൽ എസ്.ഇ.ബി.സി, എസ്.സി, എസ്.ടി, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളിലെ നൂറുകണക്കിന് വിദ്യാർഥികൾക്ക് സീറ്റ് നഷ്ടമാകും. ഫ്ലോട്ടിങ് സംവരണം അവസാനിപ്പിക്കാൻ നിർദേശിച്ച് കഴിഞ്ഞ മാർച്ച് ആറിന് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി പ്രവേശന പരീക്ഷ കമീഷണർക്ക് നൽകിയ കത്ത് ‘മാധ്യമം’ പുറത്തുവിട്ടതോടെയാണ് ഇതുവഴിയുള്ള സംവരണ അട്ടിമറി നീക്കം പൊളിഞ്ഞതും കഴിഞ്ഞ പ്രവേശന നടപടികളിൽ തുടരേണ്ടിവന്നതും. എന്നാൽ ഇത് വീണ്ടും പൊടിതട്ടിയെടുത്ത് നടപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് റീവാമ്പിങ് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടതെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.