എ.ഐ കാമറ: കൈമലർത്തിയും ഒഴിഞ്ഞുമാറിയും സർക്കാർ
text_fieldsതിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പിന്റെ നിർമിത ബുദ്ധി കാമറകളും പിന്നാമ്പുറ ഇടപാടുകളും രാഷ്ടീയ വിവാദമായി മാറുമ്പോഴും കൈയൊഴിഞ്ഞും കെൽട്രോണിന്റെ ചുമലിൽ വെച്ചും സർക്കാർ. വിശദീകരിക്കേണ്ടത് കെൽട്രോണാണെന്ന് പറഞ്ഞ ഗതാഗത മന്ത്രി ആന്റണി രാജു കൈയൊഴിയുമ്പോൾ ഉപകരാറുകളെക്കുറിച്ച് ഓർമയില്ലെന്ന് പറഞ്ഞ് അന്ന് വകുപ്പു കൈകാര്യം ചെയ്തിരുന്ന മന്ത്രി എ.കെ. ശശീന്ദ്രനും കൈമലർത്തുന്നു. വേണ്ടത്ര പരിചയമില്ലാത്ത കമ്പനിക്കാണ് കരാർ കൊടുത്തതെന്ന ആരോപണമടക്കം ഉയരുമ്പോഴും വിശദീകരിക്കാതെ മൗനവും ഒഴിഞ്ഞുമാറ്റവും സർക്കാർ തുടരുകയാണ്.
ഇതിനിടെ, കരാർ ഒപ്പിടുന്ന കാലത്ത് ധനവകുപ്പ് എടുത്ത നിലപാട് പുറത്തുവന്നത് സർക്കാറിന് കൂടുതൽ തലവേദനയായി. കൺസൽട്ടന്റായി കെൽട്രോൺ പ്രവർത്തിക്കുന്ന പശ്ചാത്തലത്തിൽ ഉപകരണങ്ങൾ ഗതാഗത വകുപ്പ് നേരിട്ട് വാങ്ങിയാൽ മതിയെന്നായിരുന്നു ധനവകുപ്പ് നിലപാട്.
എന്നാൽ, ഇതിനു വിരുദ്ധമായ ഫയലാണ് മന്ത്രിസഭയുടെ പരിഗണനക്കെത്തിയത്. പദ്ധതിക്കു സമഗ്ര അനുമതി ആവശ്യപ്പെട്ടുള്ള ഫയൽ എത്തിയപ്പോഴാണ് പ്രോജക്ട് മാനേജ്മെന്റ് കൺസൽട്ടന്റായി (പി.എം.സി) കെൽട്രോൺ പ്രവർത്തിച്ചാൽ മതിയെന്നും ഉപകരണങ്ങൾ ഗതാഗത വകുപ്പിനു നേരിട്ടു വാങ്ങാവുന്നതാണെന്നും ധനവകുപ്പ് അഭിപ്രായപ്പെട്ടത്. കൺസൽട്ടന്റ് തന്നെ ഉപകരണങ്ങൾ വാങ്ങിയാൽ ക്രമക്കേടുകൾക്കിടയാകുമെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ധനവകുപ്പിന്റെ വിയോജനം. ഇതെല്ലാം മറികടന്നാണ് മന്ത്രിസഭയിലെത്തി പദ്ധതിക്ക് അനുമതി നേടിയെടുത്തത്.
ഉപകരണങ്ങൾ ടെൻഡർ നടപടിക്രമങ്ങൾ പാലിച്ചു മാത്രമേ വാങ്ങിയിട്ടുള്ളൂ എന്നാണ് ഇതിനു കെൽട്രോൺ നിരത്തുന്ന ന്യായം. 235 കോടിയുടെ പദ്ധതിയാണ് കെൽട്രോൺ ആദ്യം സമർപ്പിച്ചതെങ്കിലും പിന്നീട് 232 കോടിയായി കുറക്കുകയായിരുന്നു. പദ്ധതിയുടെ എസ്റ്റിമേറ്റ് ധനവകുപ്പ് ആവശ്യപ്പെട്ട ശേഷമാണു കെൽട്രോൺ സമർപ്പിച്ചത്.
പദ്ധതി നടപ്പാക്കുന്നതിനു കെൽട്രോണിന് അനുവദിച്ച കൺസൽട്ടൻസി ഫീസ് 7.56 കോടി രൂപയാണ്. ഈ മാസം 12നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണു പദ്ധതിക്ക് സമഗ്ര അംഗീകാരം നൽകിയത്.
പദ്ധതി നടപ്പാക്കാൻ ഘട്ടം ഘട്ടമായി അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിലും സമഗ്ര അംഗീകാരം വേണമെന്നായിരുന്നു മന്ത്രിസഭ യോഗത്തിലെത്തിയ കുറിപ്പിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.