അന്തർ സംസ്ഥാന തൊഴിലാളികൾക്ക് വാടകയിടങ്ങൾ കണ്ടെത്താൻ ഇനി സർക്കാർ ഇടനില
text_fieldsതിരുവനന്തപുരം: മടങ്ങിയെത്തുന്നവരടക്കം അന്തർ സംസ്ഥാന തൊഴിലാളികൾക്ക് വാടകക്ക് താമസസൗകര്യം ഒരുക്കുന്നതിന് സർക്കാർ ഇടനില.
തൊഴിൽ വകുപ്പ് നിശ്ചയിച്ച മാനദണ്ഡങ്ങൾ പരിശോധിച്ച് അനുയോജ്യമെന്ന് ഉറപ്പുവരുത്തിയ കെട്ടിടങ്ങളിലേ ഇവരെ പാർപ്പിക്കാനാവൂ. ആദ്യ ഘട്ടമെന്ന നിലയിൽ കോട്ടയം ജില്ലയിലെ പായിപ്പാട്, എറണാകുളം ജില്ലയിലെ ബംഗാൾ കോളനി, പാലക്കാട് ജില്ലയിലെ പട്ടാമ്പി എന്നിവിടങ്ങളിലാണ് ഇൗ സംവിധാനം.
അടിസ്ഥാന സൗകര്യങ്ങളില്ലാതെ കുടുസ്സുമുറികളിൽ പത്തും ഇരുപതും പേെര കുത്തിനിറച്ച് പാർപ്പിക്കലടക്കം അശാസ്ത്രീയ രീതികൾ അവസാനിപ്പിക്കലാണ് ലക്ഷ്യം.
പുതിയ ക്രമീകരണത്തിലൂടെ അന്തർ സംസ്ഥാന തൊഴിലാളികൾക്ക് താമസസൗകര്യമൊരുക്കുന്നത് തൊഴിൽ വകുപ്പ് വഴിയായിരിക്കും. വാടകക്ക് നൽകാൻ സന്നദ്ധതയുള്ള കെട്ടിട ഉടമകൾ ഒാൺലൈനായി അപേക്ഷിക്കണം. ജി.പി.എസ് വിശദാംശങ്ങളടക്കം വിവരങ്ങൾ ഇത്തരത്തിൽ ശേഖരിക്കും.
സൗകര്യങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തലടക്കം തൊഴിൽ വകുപ്പിെല എൻഫോഴ്സ്മെൻറ് വിഭാഗത്തിനാണ് നിർവഹണച്ചുമതല. അസിസ്റ്റൻറ് ലേബർ ഒാഫിസർമാർക്കാണ് ഒാരോ സ്ഥലത്തെയും നിരീക്ഷണച്ചുമതല. ആർ.ഡി.ഒ ചെയർമാനും ജില്ല പഞ്ചായത്ത് സെക്രട്ടറി, ജില്ല ലേബർ ഒാഫിസർ എന്നിവർ അംഗങ്ങളുമായ ജില്ല മേൽനോട്ട സമിതിയുമുണ്ടാകും. വാടകയിടങ്ങൾക്ക് ഗ്രേഡിങ് ഏർപ്പെടുത്താനും ആലോചനയുണ്ട്.
കെട്ടിട ഉടമകൾക്കൊപ്പം താമസയിടം ആവശ്യമുള്ള തൊഴിലാളികൾക്ക് കൂടി രജിസ്ട്രേഷൻ സംവിധാനം വേണമെന്നും ആവശ്യമുയരുന്നുണ്ട്.
അന്തർ സംസ്ഥാന തൊഴിലാളികൾക്ക് അപ്നഘർ എന്ന പേരിൽ സർക്കാർ സ്വന്തം നിലക്ക് താമസസ്ഥലങ്ങൾ നിർമിച്ചുനൽകുന്നുണ്ട്. പുതിയ വാടകക്രമീകരണം ഇതിൽ നിന്നുള്ള പിന്മാറ്റത്തിെൻറ ഭാഗമാണോ എന്നും സംശയമുണ്ട്.
താമസയിടങ്ങൾക്കുള്ള മാനദണ്ഡങ്ങൾ
- ഒരു തൊഴിലാളിക്ക് ചരുങ്ങിയത് 6.5 ചതുരശ്ര മീറ്ററിൽ കുറയാത്ത സ്ഥലലഭ്യത
- വായുസഞ്ചാരമുള്ള മുറി
- വരാന്തയും പാചകം ചെയ്യുന്നതിന് അടച്ചറപ്പുള്ള സൗകര്യവും
- എല്ലാവർക്കും കിടക്ക
- ഒാരോത്തർക്കും സാധനസാമഗ്രികൾ സൂക്ഷിക്കാൻ പ്രത്യേക ലോക്കർ
- ഒാരോ 10 പേർക്കും ഒരു പൊതു ശൗചാലയം
- മതിയായ മുറിക്കുള്ളിൽ വെളിച്ച സൗകര്യം
- മതിയായ കുടിവെള്ള സൗകര്യം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.