സേവനം നല്ലതാണോ മോശമാണോ? സർക്കാർ ഓഫിസുകൾക്കും ഇനി റേറ്റിങ് നൽകാം, റിവ്യൂ എഴുതാം
text_fieldsകോഴിക്കോട്: സർക്കാർ ഓഫിസുകൾക്ക് റേറ്റിങ് നൽകാനുള്ള സൗകര്യവുമായി 'എന്‍റെ ജില്ല' ആപ്പ്. ഓഫിസിൽ നിന്നുള്ള സേവനങ്ങളുടെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾക്ക് റേറ്റിങ് നൽകാനും റിവ്യൂ എഴുതാനും അവസരമുണ്ട്. പ്രവർത്തനം മോശമാണെങ്കിൽ മെച്ചപ്പെടുത്താനുള്ള നിർദേശവും നൽകാനാകും.
സർക്കാർ സേവനങ്ങൾ കൂടുതൽ മികവുറ്റതാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് സംസ്ഥാനത്തുടനീളമുള്ള ആയിരക്കണക്കിന് ഓഫിസുകളിലെ സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്താനും അവലോകനം ചെയ്യാനും സഹായകമായ 'എന്‍റെ ജില്ല' ആപ്പ് ആരംഭിച്ചത്.
ഈ ആപ്പിലൂടെ, പൗരന്മാർക്ക് സർക്കാർ ഓഫിസുകൾ കണ്ടെത്താനും അവിടേക്കു വിളിക്കാനും കഴിയും. അതിന് ശേഷം അനുഭവത്തിന്‍റെ അടിസ്ഥാനത്തിൽ അവലോകനങ്ങൾ രേഖപ്പെടുത്താം. ഒന്ന് മുതൽ അഞ്ചു വരെ റേറ്റിങ് നൽകാനും സാധിക്കും.
രേഖപ്പെടുത്തുന്ന അവലോകനം പരസ്യമായിരിക്കും. അതിനാൽ നിങ്ങളുടെ അഭിപ്രായങ്ങൾ നല്ല പ്രകടനം നടത്തുന്നവർക്ക് പ്രചോദനമാകും. മറ്റുള്ളവരെ കൂടുതൽ ഉത്തരവാദിത്ത ബോധമുള്ളവരാക്കും. അവലോകനങ്ങൾ നിരീക്ഷിക്കാൻ ജില്ല കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസാണ് ഇതിന് മേൽനോട്ടം വഹിക്കുക.
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് 'എന്‍റെ ജില്ല' ആപ്പ് ഡൗൺലോഡ് ചെയ്യാനാകും. മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് പൊതു സേവനങ്ങളുമായി ബന്ധപ്പെടാനും അവലോകനം ചെയ്യാനും സാധിക്കും. മൊബൈൽ നമ്പർ സുരക്ഷിതമായിരിക്കും. ഉപഭോക്താവിന് സർക്കാർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് താല്പര്യം ഉണ്ടെങ്കിൽ മാത്രമേ ഫോൺ നമ്പർ വെളിപ്പെടുത്തൂ.
പുതിയ കാലത്ത് ഗൂഗിൾ ഉൾപ്പെടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ലഭിക്കുന്ന സൗകര്യമാണ് സ്റ്റാർ റേറ്റിങ്. റെസ്റ്ററന്‍റുകൾ, ബേക്കറികൾ, ഷോപ്പിങ് മാളുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിലെ സേവനങ്ങളുടെ ഗുണനിലവാരം സ്റ്റാർ റേറ്റിങ്ങിലൂടെ വിലയിരുത്തുന്നത് സാധാരണമാണ്. ഓരോരുത്തരുടെയും അവലോകനങ്ങളും നിർദേശങ്ങളും റേറ്റിങ്ങും ആർക്കും കാണാവുന്ന വിധം പരസ്യവുമാണ്. ഇത് സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സ്ഥാപനങ്ങളെ പ്രചോദിപ്പിക്കുന്നു. ഇത്തരത്തിൽ സർക്കാർ ഓഫിസുകളിലെ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.