റവന്യൂ വകുപ്പിലെ സ്ഥലം മാറ്റങ്ങൾ ഓൺലൈനിലേക്ക് മാറ്റാൻ സർക്കാർ ഉത്തരവ്; ഫെബ്രുവരി 20 നകം അപേക്ഷ ക്ഷണിക്കണം
text_fieldsതിരുവനന്തപുരം: റവന്യൂ വകുപ്പിലെ സ്ഥലം മാറ്റങ്ങൾ പൂർണ്ണമായും ഓൺലൈനിലേക്ക് മാറ്റാൻ സർക്കാർ ഉത്തരവ് . ഈ മാസം 20 നകം പൊതുസ്ഥലംമാറ്റത്തിനുള്ള അപേക്ഷകൾ ക്ഷണിക്കാൻ ലാന്‍റ് റവന്യൂ കമ്മീഷണറോട് സർക്കാർ നിർദേശിച്ചു. അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് (അസെറ്റ് ) സംസ്ഥാന ജനറൽ കൺവീനറും റവന്യൂ ഐക്യവേദി സംസ്ഥാന ചെയർമാനുമായ കെ.ബിലാൽ ബാബു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നൽകിയ ഹർജിയിൽ രണ്ട് മാസത്തിനകം റവന്യൂ വകുപ്പിൽ ഓൺലൈൻ സ്ഥലംമാറ്റങ്ങൾ നടപ്പാക്കാൻ 2020 ജൂലൈയിൽ നിർദേശിച്ചിരുന്നു. കോവിഡ് കാരണം അത് നീണ്ടുപോയെങ്കിലും 2021 ജനുവരിയിൽ പരാതിക്കാരനെയും ലാന്‍റ് റവന്യൂ കമീഷണറേയും റവന്യൂ വകുപ്പ് ജോയന്റ് സെക്രട്ടറി നേർ വിചാരണ നടത്തിയാണ് ഉത്തരവായത്. റവന്യൂ വകുപ്പിലെ ജീവനക്കാരുടെ വിവര ശേഖരണം തയ്യാറായി വരുന്നുണ്ടെന്ന ലാന്‍റ് റവന്യൂ കമ്മീഷണറുടെ ഉറപ്പ് പരിഗണിച്ച സർക്കാർ ഫെബ്രുവരി 20 നകം നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചു.
സംസ്ഥാന ഭരണരംഗത്ത് സുപ്രധാന പങ്ക് വഹിക്കുന്ന റവന്യൂ വകുപ്പിലെ സ്ഥലം മാറ്റങ്ങൾ സംബന്ധിച്ച ആക്ഷേപങ്ങൾ ഇതോടെ ഒരു പരിധി വരെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് ഹർജിക്കാരനായ കെ.ബിലാൽ ബാബു പറഞ്ഞു. അതേസമയം റവന്യൂ വകുപ്പിലെ ഡെപ്യൂട്ടി കലക്ടർമാരുടെ സ്ഥലം മാറ്റം ഓൺലൈനാക്കാനുള്ള നിർദേശം സർക്കാറിന്റെ നയപരമായ തീരുമാനം വരുന്നത് വരെ മാറ്റി വെച്ചതുമായി ബന്ധപ്പെട്ടുള്ള നിയമനടപടി തുടരും. 2017 ഫെബ്രുവരിയിലാണ് ജീവനക്കാരുടെ സ്ഥലം മാറ്റവും നിയമനവും പൂർണ്ണമായി ഓൺലൈനാക്കാൻ സർക്കാർ ഉത്തരവുണ്ടായത്. എന്നാൽ, ഇത് നടപ്പാക്കിയില്ല. ഇതിനെ തുടർന്നാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ കേസ് ഫയൽ ചെയ്തത്. സൗകര്യപ്രദമായ സ്ഥലം മാറ്റവും നിയമനവും ലഭിക്കുന്നതിന് ഭരണ സംഘടനകളിലെ അംഗത്വം നിർബന്ധമാക്കും വിധമുള്ള അവസ്ഥക്കാണ് റവന്യൂ വകുപ്പിൽ മാറ്റമുണ്ടാകുന്നത്. എന്നാൽ 2017ലെ സർക്കാർ ഉത്തരവിലെ മുഴുവൻ മാർഗ നിർദേശങ്ങളും റവന്യൂ വകുപ്പിൽ നടപ്പിലാക്കാൻ തയ്യാറായിട്ടില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് നിയമനടപടികൾ തുടരുമെന്നും കെ ബിലാൽ ബാബു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.