മദ്റസാധ്യാപകർക്ക് സർക്കാർ ശമ്പളം: കള്ള പ്രചാരണമെന്ന് മുൻ മന്ത്രി കെ.ടി. ജലീൽ
text_fieldsമലപ്പുറം: മദ്റസാധ്യാപകർക്ക് സർക്കാർ ശമ്പളം നൽകുന്നുവെന്ന രീതിയിൽ നടക്കുന്ന പ്രചാരണങ്ങൾ സൗഹൃദത്തിലും സ്നേഹത്തിലും ജീവിക്കുന്ന ജനവിഭാഗങ്ങളെ തമ്മിൽ തല്ലിക്കാൻ വേണ്ടിയാണെന്ന് മുൻ മന്ത്രി കെ.ടി. ജലീൽ. മുസ്ലിംകൾ അനർഹമായി പലതും നേടിയെടുക്കുന്നുവെന്ന രീതിയിൽ സംഘ്പരിവാർ അനുകൂലികളിൽനിന്നും ക്രൈസ്തവ വിഭാഗങ്ങളിൽനിന്നും വരുന്ന വ്യാജ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കഴിഞ്ഞ സർക്കാറിൽ ന്യൂനപക്ഷ വകുപ്പ് കൈകാര്യം ചെയ്തിരുന്ന കെ.ടി. ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
കുറിപ്പിെൻറ പ്രസക്ത ഭാഗം: മദ്റസാധ്യാപക ക്ഷേമനിധി പാലോളി മുഹമ്മദ് കുട്ടിയുടെ കാലത്ത് രൂപവത്കരിച്ചിരുന്നെങ്കിലും ബോർഡ് നിലവിലുണ്ടായിരുന്നില്ല. ആ കുറവ് നികത്താൻ മറ്റെല്ലാ ക്ഷേമനിധികളെയും പോലെ ഭരണ നിർവഹണ ബോർഡ് നിയമം വഴി രൂപവത്കരിച്ചു.
അംഗങ്ങളിൽനിന്നും മദ്റസ മാനേജ്മെൻറുകളിൽനിന്നും സ്വരൂപിക്കുന്ന വിഹിതം ഉപയോഗിച്ച് മാത്രമാണ് ഈ ആനുകൂല്യം നൽകുന്നത്. 25 കോടിയോളം രൂപ സർക്കാർ ട്രഷറിയിൽ നിക്ഷേപിച്ചതിന് പലിശക്ക് പകരമായി സർക്കാർ നൽകുന്ന ഇൻസെൻറീവല്ലാത്ത ഒരു ചില്ലിപ്പൈസ പോലും പൊതുഖജനാവിൽ നിന്ന് മദ്റസാധ്യാപകർക്ക് ആനുകൂല്യമായി നൽകുന്നില്ല. ഞാൻ നിയമസഭയിൽ പറഞ്ഞു എന്ന വ്യാജേന ഒരു വാറോല വ്യാപകമായി തൽപര കക്ഷികൾ പ്രചരിപ്പിക്കുന്നുണ്ട്.
കേരളത്തിലെ മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാൻ പാലോളി കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലെ ശിപാർശകളുടെ അടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതികളിൽ സ്വീകരിച്ച മുസ്ലിം-ക്രിസ്ത്യൻ ഗുണഭോക്തൃ അനുപാതം 80:20 ആണ്. എന്നാൽ, ന്യൂനപക്ഷങ്ങൾ എന്ന നിലയിൽ പൊതുവിൽ നൽകപ്പെടുന്ന സ്വയം തൊഴിൽ പദ്ധതികൾക്കുള്ള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപറേഷെൻറ സ്കീമുകളും ന്യൂനപക്ഷ വിഭാഗങ്ങളിലെ അപേക്ഷകരിലെ യോഗ്യതക്കനുസരിച്ചാണ് നൽകുന്നത്.
കേരളത്തിലെ ക്രൈസ്തവ ജനവിഭാഗത്തിെൻറ വർത്തമാന സാമൂഹിക, സാമ്പത്തിക സ്ഥിതി സംബന്ധിച്ച് സമഗ്രമായി പഠിക്കാൻ സച്ചാർ കമ്മിറ്റിക്കും പാലോളി കമ്മിറ്റിക്കും സമാനമായി റിട്ട. ജസ്റ്റിസ് കോശിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയെ ഒന്നാം പിണറായി സർക്കാറിെൻറ അവസാന കാലത്ത് നിയമിച്ചിട്ടുണ്ട്. പ്രസ്തുത കമ്മിറ്റി സമർപ്പിക്കുന്ന റിപ്പോർട്ടിലെ ശിപാർശകളുടെ അടിസ്ഥാനത്തിൽ പുതിയ പദ്ധതികൾ സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കും. അതിെൻറ അനുപാതവും 80:20 തന്നെയാകും. 80 ശതമാനം ക്രൈസ്തവരും 20 ശതമാനം മറ്റു ന്യൂനപക്ഷങ്ങളുമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.