ജല അതോറിറ്റിയെ കടത്തിൽ മുക്കി സർക്കാർ; ‘ഒഴുക്കു നിലച്ച്’ ജലവിഭവ വകുപ്പ്
text_fieldsകൊച്ചി: വെള്ളക്കരം കൂട്ടി ജനത്തെ പിഴിഞ്ഞിട്ടും കടത്തില്ത്തന്നെയാണ് ജല അതോറിറ്റി. ഇതിൽ മുഖ്യ കാരണക്കാരൻ സർക്കാരും. 2865 കോടി രൂപയുടെ ആകെ കടബാധ്യതയിൽ ഏറെയും സർക്കാർ വകുപ്പുകൾ നൽകാനുള്ളതാണ്. ജലവിഭവ വകുപ്പിന്റെ പദ്ധതികളെയും ദൈനംദിന നടത്തിപ്പിനെയും ബാധിക്കുന്ന തരത്തിലാണ് ബാധ്യത കുമിഞ്ഞുകൂടുന്നത്.
കഴിഞ്ഞ ബജറ്റിൽ വെള്ളക്കരം കൂട്ടുന്നതിന് തൊട്ടുമുമ്പുള്ള കണക്കനുസരിച്ച് 592 കോടിയോളമാണ് വരവും ചെലവും തമ്മിലെ അന്തരം. വൈദ്യുതി ബിൽ ഇനത്തിൽ മാത്രം 1263.64 കോടി കൊടുക്കാനുണ്ട്. പെൻഷൻ ബാധ്യത 153 കോടിയാണ്.
വായ്പകളും തിരിച്ചടവുകളുമായി ഭീമമായ കടം നിൽക്കുമ്പോഴും കിട്ടാക്കടം പിരിച്ചെടുക്കുന്നതിൽ പ്രതീക്ഷിച്ച രീതിയിൽ മുന്നോട്ടുപോകാൻ കഴിഞ്ഞിട്ടില്ല. ഗാര്‍ഹിക ഉപഭോക്താക്കളിൽനിന്ന് പിരിഞ്ഞു കിട്ടാനുള്ളത് 257 കോടിയാണ്. ഗാര്‍ഹികേതര കണക്ഷനുകൾ വഴിയുള്ള കുടിശ്ശിക 211 കോടിയും.
പ്രാദേശിക തദ്ദേശ സ്ഥാപനങ്ങൾ 815 കോടിയാണ് നല്‍കാനുള്ളത്. കുടിശ്ശിക വരുത്തിയ സര്‍ക്കാര്‍ വകുപ്പുകളുടെ കൂട്ടത്തിൽ ആരോഗ്യ, പൊതുമരാമത്ത് വകുപ്പുകളാണ് മുന്നിൽ. ആരോഗ്യ വകുപ്പിന്റെ കുടിശ്ശിക 236 കോടിയും പൊതുമരാമത്ത് വകുപ്പിന്റേത് 241 കോടിയുമാണ്.
ആകെ 1059 കോടിയോളമാണ് സര്‍ക്കാര്‍ വകുപ്പുകളുടെ മാത്രം വെള്ളക്കരം കുടിശ്ശിക. പഞ്ചായത്ത് പൈപ്പുകൾ വഴി വെള്ളം വിതരണം ചെയ്ത വകയിലും 339 കോടി കിട്ടാനുണ്ട്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ആകെ 1463 കോടി പിരിഞ്ഞുകിട്ടാനുണ്ട്.
കാലങ്ങളായി നിരക്ക് വർധിപ്പിച്ചില്ലെന്ന കാരണം പറഞ്ഞാണ് വെള്ളക്കരം കൂട്ടിയത്. പ്രതിവര്‍ഷം 300 കോടിയുടെ അധിക വരുമാനമാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. ലിറ്ററിന് ഒരു പൈസ എന്ന കണക്കിലായിരുന്നു വർധന പ്രഖ്യാപിച്ചത്. എന്നാൽ ബില്ലിൽ വന്നപ്പോൾ രണ്ടര ഇരട്ടി വരെയായി.
നിരക്ക് വർധനക്ക് ശേഷമുള്ള ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം 92 കോടി അതോറിറ്റിക്ക് അധികം കിട്ടി. വെള്ളക്കരം കൂട്ടുകയും കുടിശ്ശിക പിരിക്കാൻ കര്‍മപദ്ധതി പ്രഖ്യാപിക്കുകയും ചെയ്തിട്ടും അതോറിറ്റി മെച്ചപ്പെട്ടിട്ടില്ലെന്ന് മാത്രമല്ല സെപ്റ്റംബര്‍ 30 വരെയുള്ള ബാലൻസ് ഷീറ്റ് പ്രകാരം കൊടുത്തു തീർക്കേണ്ട തുക മാത്രം 2865 കോടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.