ഉന്നത വിദ്യാഭ്യാസ രംഗത്ത് സർക്കാർ പദ്ധതികള്‍ ഫലം കാണുന്നു –മുഖ്യമന്ത്രി
text_fieldsഅങ്കമാലി: ഉന്നത വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതികള്‍ ഫലം കാണുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻറോൾമെന്‍റ് നിരക്ക് 43.2 ശതമാനമായി വർധിച്ചതായി സാമ്പത്തിക സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു.
സർക്കാർ നടപ്പാക്കിയ പദ്ധതികളുടെ ഫലമാണിതെന്നും ഇത് 75 ശതമാനത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. അസാപ് കേരള സംഘടിപ്പിച്ച മൂന്നാമത് പ്രഫഷനൽ സ്റ്റുഡന്‍റ്സ് സമ്മിറ്റ് അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്‍ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രഫഷനൽ വിദ്യാഭ്യാസ ഉന്നമനത്തിന് അക്കാദമിക് നിലവാരം ഉയർത്തുന്നതിലും അറിവ് പ്രായോഗികതലത്തിൽ എത്തിക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിലുമാണ് സർക്കാർ പ്രധാനമായും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. വിദേശ രാജ്യങ്ങളിലേക്ക് ഉന്നത വിദ്യാഭ്യാസം തേടിപ്പോകുന്നത് അവിടങ്ങളിൽ പഠനത്തോടൊപ്പം ജോലിസാധ്യതകൾകൂടി ഉള്ളതുകൊണ്ടാണ്. ഈ അവസരങ്ങൾ നമ്മുടെ നാട്ടിലും സൃഷ്ടിക്കാനാണ് ഇൻഡസ്ട്രി ഓൺ കാമ്പസ്, യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം തുടങ്ങിയവ നടപ്പാക്കുന്നത്. മെഡിക്കൽ രംഗത്തുള്ളതുപോലെ മറ്റു മേഖലകളിലും നിർബന്ധ ഇന്റേൺഷിപ് സംവിധാനം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കലാലയങ്ങളും സർവകലാശാലകളും വഴി ലഭ്യമാകുന്ന അറിവുകൾ സമൂഹത്തിന്‍റെ പുരോഗതിക്ക് ഉപയോഗിക്കണമെന്ന് അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പറഞ്ഞു. ഭാരത് ബയോടെക് എക്സിക്യൂട്ടിവ് ചെയർമാൻ ഡോ. കൃഷ്ണ എല്ല മുഖ്യാതിഥിയായി. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ്, അസാപ് സി.എം.ഡി ഡോ. ഉഷ ടൈറ്റസ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.