പീഡനക്കേസിൽ മുകേഷിന് സർക്കാറിന്‍റെ സംരക്ഷണം; മുൻകൂർ ജാമ്യത്തിനെതിരെ അപ്പീൽ നൽകില്ല
text_fieldsകൊച്ചി: നടിയെ പീഡിപ്പിച്ചെന്ന കേസിൽ എം. മുകേഷ് എം.എൽ.എക്ക് മുൻകൂർ ജാമ്യം നൽകിയ പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ ഹൈകോടതിയിൽ അപ്പീൽ നൽകില്ല. മുൻകൂർ ജാമ്യത്തിനെതിരെ പ്രത്യേക അന്വേഷണസംഘം പ്രോസിക്യൂഷന് നൽകിയ കത്ത് അപ്പീലിന് നിയമസാധ്യതയില്ലെന്ന മറുപടിയോടെ മടക്കി നൽകും.
മുകേഷിന് മുൻകൂർ ജാമ്യം അനുവദിച്ച പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ അപ്പീൽ നൽകുമെന്നാണ് സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. എന്നാൽ, മുകേഷിനെ സംരക്ഷിക്കുന്ന നിലപാടിലേക്ക് സർക്കാർ നിലപാട് മാറ്റുകയായിരുന്നു.
പരാതിക്കാരിയുടെ മൊഴി അടക്കം പരിശോധിച്ച ശേഷമാണ് സെഷൻസ് കോടതി മുകേഷിന് ജാമ്യം അനുവദിച്ചത്. ബലപ്രയോഗത്തിലൂടെ ലൈംഗികബന്ധമെന്ന സൂചന മൊഴിയിലില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണവുമായി സഹകരിക്കണം, സംസ്ഥാനത്തിന് പുറത്ത് പോകരുത് തുടങ്ങിയ നിബന്ധനകളും കോടതി മുന്നോട്ടു വെച്ചിരുന്നു.
നേരത്തെ, ആരോപണവിധേയനായ മുകേഷ് എം.എൽ.എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന തീരുമാനമാണ് സി.പി.എം എടുത്തത്. എന്നാൽ, ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ സർക്കാർ ഒഴിവാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.