പോരിൽ മുൻതൂക്കമെന്ന് എൽ.ഡി.എഫ് വിലയിരുത്തൽ
text_fieldsതിരുവനന്തപുരം: സർക്കാർ- രാജ്ഭവൻ പോര് അതിരുവിട്ട് മൂക്കുമ്പോഴും ഏതറ്റംവരെ പോകുമെന്ന ചോദ്യം മുന്നിലുള്ളത്. പേഴ്സനൽ സ്റ്റാഫിനെ തൊട്ട് തനിക്കെതിരെ തിരിഞ്ഞതോടെയാണ് പ്രത്യാക്രമണത്തിന് മുഖ്യമന്ത്രി മുതിർന്നത്. സുപ്രധാനമായ രണ്ട് ബില്ലുകൾ അടക്കം രാജ്ഭവനിലുണ്ട്. അതിൽ അനുകൂലമായ നിലപാട് പ്രതീക്ഷിക്കേണ്ടതില്ലെന്ന സൂചന ആരിഫ് മുഹമ്മദ് ഖാൻ നൽകിക്കഴിഞ്ഞു.
ബില്ലുകൾ അംഗീകരിക്കാതെ വെക്കുമോ, രാഷ്ട്രപതിക്ക് അയക്കുമോ എന്നതിൽ വ്യക്തതയില്ല. ഇതടക്കം വരാനിരിക്കുന്ന പല ബില്ലുകളുടെയും ഭാവി എൽ.ഡി.എഫ് സർക്കാറിന് പ്രധാനമാണ്. പക്ഷേ, പോരാട്ടത്തിന്‍റെ നിർണായക ഘട്ടത്തിൽ രാഷ്ട്രീയ മൂൻതൂക്കം സർക്കാറിന് ലഭിച്ചെന്ന വിലയിരുത്തലിലാണ് സി.പി.എമ്മും സി.പി.ഐയും. തന്‍റെ ആർ.എസ്.എസ് ബന്ധം തുറന്ന് സമ്മതിക്കുകയും അത് ന്യായീകരിക്കുകയും ചെയ്ത ഗവർണർ എന്നനിലയിലാണ് സി.പി.എം നേതൃത്വം ആരോപണ ശരങ്ങൾ കൂർപ്പിക്കുന്നത്. ഇതിനകം തന്നെ ഗവർണറുടെ രാജി എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ ആവശ്യപ്പെട്ടുകഴിഞ്ഞു. മറ്റു നേതാക്കളും ആരിഫ് മുഹമ്മദ് ഖാനെ കണക്കിന് പരിഹസിക്കുകയാണ്. അതിലൂടെ ഗവർണറുടെ പ്രവൃത്തികളുടെ പരിഹാസ്യത കൂടി വെളിപ്പെടുത്തുകയാണ് ലക്ഷ്യം.
ഗവർണറുടെ പത്രസമ്മേളനം മറുപടി അർഹിക്കുന്നില്ലെന്ന നിലപാടിലാണ് തൽക്കാലത്തേക്ക് എങ്കിലും സി.പി.എം. പറഞ്ഞ കാര്യങ്ങൾ ആവർത്തിച്ചതിന് എന്തു മറുപടിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ചോദിച്ചത് അതിനാലാണ്. ആർ.എസ്.എസ് മേധാവിയെ പ്രോട്ടോകോൾ ലംഘിച്ച് ഗവർണർ കണ്ടതാണ് മറ്റൊരു വിഷയം. ആർ.എസ്.എസിനെ നെഹ്റു റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ അനുവദിച്ചതിൽ കോൺഗ്രസിന്‍റെ മറുപടിയും സി.പി.എം ആരായും. രാഹുൽ ഗാന്ധി കേരളത്തിലുള്ള സമയം കൂടിയാണിത്. സ്വയം ആർ.എസ്.എസ് വക്താവായി ഗവർണർ മാറിയത് കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമാക്കി എന്ന അഭിപ്രായമാണ് എൽ.ഡി.എഫ് നേതൃത്വത്തിനും. തൽക്കാലം പ്രകോപനത്തിന് അവർ ഇല്ല. ആരോപണം ഉന്നയിച്ചാൽ മറുപടി നൽകും.കണ്ണൂർ വി.സി പുനർനിയമനത്തിൽ തെളിവ് പുറത്തുവിടുമെന്ന് അവകാശപ്പെട്ടിട്ട് ഒന്നും ഗവർണർക്ക് തെളിയിക്കാനാകാത്തതോടെ ഇതുവരെ മുഖ്യമന്ത്രക്കെതിരെ നടത്തിയ ആരോപണത്തിൽ കഴമ്പില്ലെന്ന് കൂടി തെളിഞ്ഞതായി സി.പി.എം ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രി ഭരണഘടനാ വിരുദ്ധമായി എന്തു ചെയ്തെന്നും നേതാക്കൾ തിരിച്ചു ചോദിക്കുകയാണ്. ഹൈകോടതി ഡിവിഷൻ ബെഞ്ചും ഫുൾബെഞ്ചും അംഗീകരിച്ചതാണ് ഗോപിനാഥ് രവീന്ദ്രന്‍റെ വി.സി നിയമനമെന്നും അവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.