ഇ.ഡി സമ്മർദം ചെലുത്തിയെന്ന ശബ്ദസന്ദേശം സ്വപ്നയുടേതെന്ന് ബോധ്യപ്പെട്ടു –സർക്കാർ
text_fieldsകൊച്ചി: മൊഴിയില്‍ ചില കാര്യങ്ങള്‍ പറയാന്‍ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് സമ്മര്‍ദം ചെലുത്തിയെന്ന തരത്തിൽ പ്രചരിച്ച ശബ്ദസന്ദേശം സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിെൻറ തന്നെയാണെന്ന് സൂചന ലഭിച്ചതിനാലാണ് ൈക്രംബ്രാഞ്ച് കേസെടുത്ത് അന്വേഷിക്കുന്നതെന്ന് സർക്കാർ ഹൈകോടതിയിൽ. ജയിലിൽനിന്ന് ശബ്ദ സന്ദേശം എങ്ങനെ ചോര്‍ന്നെന്ന് അന്വേഷിക്കാന്‍ ജയില്‍ ഡി.ജി.പിയോട് ഇ.ഡി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് നടത്തിയ പ്രാഥമികാന്വേഷണത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്. സ്വപ്നയുടെ എസ്കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് വനിത പൊലീസുകാരുടെ മൊഴി ശബ്ദസന്ദേശം സ്വപ്നയുടേതാണെന്ന് സൂചിപ്പിക്കുന്നതാണ്.
ക്രൈംബ്രാഞ്ച് എടുത്ത കേസ് റദ്ദാക്കുകയോ സി.ബി.ഐക്ക് വിടുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ഇ.ഡി സോണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന് സ്വന്തം നിലയില്‍ നല്കിയ ഹരജിയിൽ ആഭ്യന്തര അണ്ടർ സെക്രട്ടറി എം.പി പ്രിയമോൾ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് വിശദീകരണം. എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് എടുത്ത കേസില്‍ അന്വേഷണം തുടങ്ങിയിട്ടേയുള്ളൂവെന്നും ഈ ഘട്ടത്തില്‍ റദ്ദാക്കരുതെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നു. ഹരജിക്കാരനെ കേസില്‍ പ്രതിചേര്‍ത്തിട്ടില്ലാത്തതിനാല്‍ ഹരജി നിലനിൽക്കില്ല.
വ്യക്തിപരമായി നല്കിയ ഹരജിക്കൊപ്പം ഔദ്യോഗികരേഖകള്‍ ഹാജരാക്കിയത് അനുവദനീയമല്ല. പ്രഥമവിവര റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്യുന്നതിനപ്പുറം ചില മൊഴികള്‍ പൊതുമണ്ഡലത്തില്‍ കൊണ്ടുവരികയെന്ന ഗൂഢലക്ഷ്യമുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. ചില ആക്ഷേപങ്ങളും ഊഹാപോഹങ്ങളും മറ്റും കേന്ദ്ര ഏജൻസി മുേഖന പുറത്തെത്തിക്കുകയെന്ന ഗൂഢ ലക്ഷ്യമുണ്ടായിരുന്നോയെന്ന് ആശങ്കയുണ്ട്. അതുവഴി സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖരെ കരിവാരിത്തേക്കാനാവും ഉദ്ദേശിച്ചിട്ടുള്ളത്.
വ്യക്തിഗതമായി നല്കിയ ഹരജിയിലെ അഭിഭാഷകനുമുന്നില് അന്വേഷണത്തിെൻറ രേഖകള്‍ എത്തിയെങ്കില്‍ കാര്യം കൂടുതല്‍ ഗൗരവമുള്ളതാണ്. നേരത്തേ മുദ്രവെച്ച കവറില്‍ കോടതിയില്‍ ഹാജരാക്കിയ വിവരങ്ങളും പൊതുരേഖയാക്കിയിട്ടുണ്ട്. സ്വപ്നയുടെയും രണ്ട് വനിതപൊലീസുകാരുടെയുമുള്പ്പെടെ ഇരുപതോളം പേരുടെ മൊഴിയെടുത്തെന്നിരിക്കേ പ്രാഥമികാന്വേഷണം പ്രഹസനമാണെന്ന വാദം ശരിയല്ല.
പ്രഥമവിവരത്തിെൻറ അടിസ്ഥാനത്തിലാണ് പ്രത്യേകാന്വേഷണ സംഘം രണ്ട് വനിത പൊലീസ്ഉദ്യോഗസ്ഥരുടെ മൊഴി എടുത്തത്. ഈ സാഹചര്യത്തിൽ അന്വേഷണം തുടരാന്‍ പൊലീസിന് ബാധ്യതയുണ്ട്. അതിനെതിരെ ഈ ഘട്ടത്തില്‍ ഹരജി നല്‍കാനാവില്ല. എം. ശിവശങ്കര്‍ ഭരണസംവിധാനത്തെ സ്വാധീനിച്ച് ഇ.ഡിക്കെതിരെ തെളിവുണ്ടാക്കുന്നുവെന്ന ആരോപണത്തിന് തെളിവില്ലെന്നും വിശദീകരണത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.