വ്യവസായ പാർക്കുകളുടെ പാട്ടവ്യവസ്ഥകളിൽ ഇളവുമായി സർക്കാർ
text_fieldsതിരുവനന്തപുരം: വ്യവസായിക പ്രവർത്തനങ്ങൾക്കും ആവശ്യങ്ങൾക്കും സംരംഭങ്ങൾക്കും കിൻഫ്രയുടെയും കെ.എസ്.ഐ.ഡി.സിയുടെയും ഭൂമി വിതരണം ചെയ്യുന്നതിനുള്ള ചട്ടങ്ങള്‍ (ലാന്‍ഡ് ഡിസ്പോസല്‍ റെഗുലേഷന്‍സ്) പരിഷ്കരിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. വൻകിട നിക്ഷേപകർ ആദ്യവർഷം പാട്ടത്തുകയുടെ പത്തുശതമാനം മാത്രം അടച്ചാൽമതിയാകും. പിന്നീട് രണ്ടുവർഷം മൊറട്ടോറിയവും ലഭിക്കും.
പാട്ട കാലാവധി 90 വർഷമാക്കുകയും ചെയ്യും. വ്യവസായ വികസനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി കിൻഫ്രയും കെ.എസ്.ഐ.ഡി.സിയും പിന്തുടരുന്ന പാട്ടവ്യവസ്ഥകൾ കാലോചിതമായും നിക്ഷേപ സൗഹൃദമായും പരിഷ്കരിക്കുകയാണ് ചട്ട ഭേദഗതിയിലൂടെ ചെയ്തിരിക്കുന്നത്. പരിഷ്കരിച്ച ചട്ടങ്ങൾ സംസ്ഥാനത്തെ വ്യവസായിക വികസനത്തിന് ഗണ്യമായ ഉത്തേജനം നൽകുമെന്നും വലിയ തോതിലുള്ള നിക്ഷേപങ്ങൾ ആകർഷിക്കുകയും അനുകൂലമായ ബിസിനസ് അന്തരീക്ഷം വളർത്തുകയും ചെയ്യുമെന്നും മന്ത്രി പി. രാജീവ് വ്യക്തമാക്കി.
നിലവിൽ ഇങ്ങനെ:
നിലവിൽ കിൻഫ്രയിൽനിന്ന് വ്യവസായിക സംരംഭങ്ങൾക്ക് ഭൂമി പാട്ടത്തിനെടുക്കുന്നവർക്ക് 30 മുതൽ 60 വർഷം വരെയാണ് പാട്ടക്കാലാവധി അനുവദിക്കുന്നത്. പാട്ടത്തുകയുടെ 10 ശതമാനം മുൻകൂറായും 50 ശതമാനം ഒരു മാസത്തിനകവും നൽകണം. ബാക്കി തുക പലിശ സഹിതം രണ്ടു വർഷം കൊണ്ട് രണ്ടു ഗഡുക്കളായും അടയ്ക്കണമെന്നാണ് നിലവിലെ ചട്ടം. ഇതിലാണ് മാറ്റം വരുന്നത്.
ഭൂമി 60 വർഷത്തേക്ക്
ഇനിമുതൽ എല്ലാ നിക്ഷേപകർക്കും 60 വർഷത്തേക്ക് ഭൂമി അനുവദിക്കും. 100 കോടി രൂപക്ക് മുകളിലെ നിക്ഷേപമാണെങ്കിൽ 90 വർഷം വരെ കാലാവധിയിൽ ഭൂമി അനുവദിക്കും. കുറഞ്ഞത് 10 ഏക്കർ ഭൂമിയാണ് അനുവദിക്കുക. 50-100 കോടി നിക്ഷേപ വിഭാഗത്തിൽ വരുന്നവയ്ക്ക് ആകെ പാട്ട പ്രീമിയത്തിന്റെ 20 ശതമാനം തുകയും 100 കോടിക്ക് മേൽ നിക്ഷേപം വരുന്നവയ്ക്ക് 10 ശതമാനം തുകയും മുൻകൂട്ടി അടച്ചാൽ മതി.
വ്യവസായം കൈമാറാം
ഭൂമി അനുവദിക്കപ്പെട്ടയാളുടെ മരണമോ പദ്ധതി തുടരാനാകാത്ത വിധം തടസ്സമോ ഉണ്ടായാൽ, അധിക ചെലവില്ലാതെ തന്നെ അവകാശികളിലേക്ക് കൈമാറ്റം നടത്തി ക്രമവത്കരിക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തി. നിലവിലെ ചട്ടപ്രകാരം പദ്ധതി അവസാനിപ്പിച്ച് പുറത്ത് പോകുന്നവർ ഏതു സമയത്തും അവശേഷിക്കുന്ന പാട്ടത്തുക പൂർണമായും അടച്ചുതീർക്കണം.
തിരിച്ചടവ് ഇങ്ങനെ:
വാണിജ്യ ഉൽപാദനം ആരംഭിച്ച തീയതി മുതൽ അഞ്ചു വർഷത്തിൽ താഴെ മാത്രം പ്രവർത്തിച്ച യൂനിറ്റുകൾ ഡി.എൽ.പിയുടെ പകുതി അടച്ചാൽ മതിയാകും.
അഞ്ചു മുതൽ ഏഴു വർഷം വരെ പ്രവർത്തിച്ച യൂനിറ്റുകൾ ഡി.എൽ പിയുടെ 20 ശതമാനവും ഏഴു വർഷത്തിൽ കൂടുതൽ പ്രവർത്തിച്ചവ ഡി.എൽ.പിയുടെ 10 ശതമാനവും നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.