സുറിയാനി കാതോലിക്കവാഴ്ച ചടങ്ങിലേക്ക് സർക്കാർ പ്രതിനിധികൾ: ഹരജിയിൽ ഇടപെടാതെ ഹൈകോടതി
text_fieldsകൊച്ചി: യാക്കോബായ സുറിയാനിസഭ കാതോലിക്കവാഴ്ച ചടങ്ങിൽ സംബന്ധിക്കാൻ സർക്കാർ പ്രതിനിധി സംഘത്തെ ലബനാനിലേക്ക് അയക്കുന്നതിനെതിരായ പൊതുതാൽപര്യ ഹരജിയിൽ ഇടപെടാതെ ഹൈകോടതി. പ്രതിനിധി സംഘത്തെ അയക്കാൻ അനുമതി നൽകിയ മാർച്ച് 11ലെ ഉത്തരവ് റദ്ദാക്കണമെന്നതടക്കം ആവശ്യപ്പെട്ട് തൃശൂർ കുന്നംകുളം സ്വദേശി ഗിൽബർട്ട് ചീരൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
തർക്കത്തിലുള്ള രണ്ട് വിഭാഗത്തിൽ ഒന്നിന്റെ പരമോന്നത പദവിയിലുള്ള വ്യക്തിയുടെ സ്ഥാനാരോഹണത്തിന് സർക്കാർ പ്രതിനിധികൾ പോകുന്നത് സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നത്തിന് ഇടയാക്കിയേക്കുമെന്നതടക്കം ആരോപണങ്ങളായിരുന്നു ഹരജിക്കാരൻ ഉന്നയിച്ചത്. എന്നാൽ, സംസ്ഥാനത്ത് ഇരുവിഭാഗം തമ്മിലുള്ള പ്രശ്നത്തിന്റെ പരിഹാരത്തിന് നിയമ നിർമാണമടക്കം നടപടി സ്വീകരിച്ചുവരുന്നതായി സർക്കാറും അറിയിച്ചു.
സർക്കാർ പ്രതിനിധികളെ അയക്കുന്നത് തടയാൻ മതിയായ കാരണങ്ങളൊന്നും ഹരജിക്കാരന് ഉന്നയിക്കാനായില്ലെന്ന് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിലയിരുത്തി. വിദേശത്ത് നടന്ന മതചടങ്ങുകളിൽ പങ്കെടുക്കാൻ സർക്കാർ പ്രതിനിധികൾ മുമ്പും പോയിട്ടുണ്ട്. വിഷയത്തിൽ കോടതിയുടെ ഇടപെടൽ സാധ്യമാകുന്നതിന്റെ അളവുകോൽ പരിഗണിച്ച് ആരോപണത്തിൻ ഒരു ഉത്തരവിന് മുതിരുന്നില്ലെന്ന് കോടതി തുടർന്ന് വ്യക്തമാക്കി.
എന്നാൽ, സംസ്ഥാനത്ത് നിലനിൽക്കുന്ന സമാധാനത്തിന് ഭംഗം വരാനോ അക്രമത്തിനിടയാക്കാനോ ഇത്തരമൊരു പ്രതിനിധി യാത്ര കാരണമാകുന്നില്ലെന്ന് സംസ്ഥാന സർക്കാറും യാത്രക്ക് അനുമതി നൽകുന്ന കേന്ദ്രസർക്കാറും ഉറപ്പു വരുത്തണമെന്ന് ഉത്തരവിൽ പറയുന്നു.
നിയമപരവും ധാർമികവുമായ വശങ്ങളും ഇതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളും വിലയിരുത്തിയുള്ള നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷ. ഹരജിയിൽ ഇടപെടുന്നില്ല എന്നതിനെ സർക്കാർ പ്രതിനിധികളെ അയക്കുന്നതിനുള്ള സാധൂകരണമായി വ്യാഖ്യാനിക്കരുതെന്നും ഇരുവിഭാഗവും തമ്മിലുള്ള തർക്കത്തിലെ വസ്തുതകൾ പരിശോധിച്ചുള്ള തീരുമാനമായി കരുതരുതെന്നും കോടതി വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.