ആരോഗ്യ മേഖലയിലെ വീഴ്ചകൾ: ഒന്നാം പ്രതി സർക്കാർ -റസാഖ് പാലേരി
text_fieldsതിരുവനന്തപുരം: ആരോഗ്യരംഗത്ത് ഏറെ പുരോഗതി നേടി എന്നു പറയുമ്പോഴും കേരളത്തിലെ സാധാരണ മനുഷ്യർ കൂടുതൽ അവലംബിക്കുന്ന പൊതുജനാരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികളിൽ ഒന്നാം പ്രതി സർക്കാരും ആരോഗ്യ വകുപ്പുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. സംസ്ഥാനത്തെ ആരോഗ്യ മേഖല കുത്തഴിഞ്ഞിരിക്കുന്നു. നാഥനില്ലാത്ത അവസ്ഥയാണ് നിലനിൽക്കുന്നതെന്നും ഇത് ആശങ്ക ഉളവാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളജിൽ സംഭവിച്ചത് ഗുരുതര വീഴ്ചയാണ്. നാല് വയസ്സുള്ള കുട്ടിക്ക് കൈ വിരലിന് പകരം നാവിൽ ശസ്ത്രക്രിയ നടത്തിയത് ഒരാഴ്ച മുമ്പാണ്. കഴിഞ്ഞ ആഴ്ചയിലാകട്ടെ അതേ മെഡിക്കൽ കോളജിൽ കാലിൽ ഇടേണ്ട കമ്പി കയ്യിൽ ഇട്ടതായി രോഗിയും ബന്ധുക്കളും പരാതിപ്പെട്ടു. ഒരു സംഭവം ഉണ്ടായിട്ടും അതാവർത്തിക്കാതിരിക്കാനാവശ്യമായ കാര്യങ്ങൾ ചെയ്യാത്ത സർക്കാരും ആരോഗ്യ വകുപ്പുമാണ് ഇതിലെ മുഖ്യപ്രതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശസ്ത്രക്രിയക്ക് ശേഷം വയറ്റിൽ കത്രിക കുടുങ്ങി ജീവിതം ദുരിത പൂർണ്ണമായ ഹർഷിനയ്ക്ക് ഇന്നും നീതി ലഭിച്ചിട്ടില്ല. ശസ്ത്രക്രിയ കഴിഞ്ഞ സ്ത്രീയെ പീഡിപ്പിച്ച ജീവനക്കാരന് സംരക്ഷണം കൊടുക്കുകയും അയാൾക്കെതിരെ മൊഴി നല്കിയ സീനിയർ നഴ്സിങ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റുകയുമാണ് ആരോഗ്യ വകുപ്പ് ചെയ്തത്. ഹൈകോടതിയിൽ പോയാണ് സ്ഥല മാറ്റം റദ്ദാക്കിയത്.
ഇത്തരം സംഭവങ്ങൾ എല്ലാം വിരൽ ചൂണ്ടുന്നത് സർക്കാറിന്റെ നിരുത്തരവാദ സമീപനത്തെയും ധിക്കാരപൂർവമായ മനോഗതിയെയുമാണ്. മെഡിക്കൽ നെഗ്ലിജെൻസുമായി ബന്ധപ്പെട്ട കേസുകളിൽ സ്വീകരിക്കേണ്ട മാർഗനിർദേശങ്ങളുമായി ബന്ധപ്പെട്ട സർക്കുലർ പരിഷ്കരിച്ചത് വർഷങ്ങൾക്ക് മുമ്പാണ്. രോഗികളെ സംരക്ഷിക്കേണ്ടവർ തന്നെ വേട്ടക്കാരാകുന്ന അവസ്ഥ ഒരു ജനാധിപത്യ സർക്കാരിന്റെ പരാജയമാണ്. കാലാനുസൃതമായ മാറ്റങ്ങൾ ആരോഗ്യ മേഖലയിൽ ഉണ്ടാകേണ്ടത് അനിവാര്യമാണ്.
ഏറെ ജനങ്ങൾ ആശ്രയിക്കുന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ ആവശ്യത്തിന് ആരോഗ്യ പ്രവർത്തകർ ലഭ്യമല്ല. മഞ്ചേരി മെഡിക്കൽ കോളജിലും ആവശ്യമായ സൗകര്യങ്ങൾ ഇല്ല. മലബാർ മേഖലയിൽ കൂടുതൽ മികച്ച ആരോഗ്യ സ്ഥാപനങ്ങൾ ജനങ്ങൾ കാലങ്ങളായി ഉന്നയിക്കുന്ന ന്യായമായ ആവശ്യമാണ്. ഈ ആവശ്യത്തെ ഇടത് സർക്കാർ അവഗണിക്കുകയാണ്. ഇത്തരം ഗുരുതര സംഭവങ്ങളുടെ പശ്ചാത്തലത്തിലെങ്കിലും വീഴ്ചകൾ ആവർത്തിക്കാതിരിക്കാനും ജനങ്ങൾക്ക് ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പുവരുത്താനും സർക്കാർ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.