കുട്ടികളുടെ എണ്ണം വർധിച്ചത് സർക്കാർ സ്കൂളുകളിൽ മാത്രം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഇൗ വർഷം മൊത്തം കുട്ടികളുടെ എണ്ണം വർധിച്ചത് സർക്കാർ മേഖലയിൽ മാത്രം. എയ്ഡഡ് സ്കൂളുകളിലും അൺഎയ്ഡഡ് സ്കൂളുകളിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുട്ടികളുടെ എണ്ണം കുറഞ്ഞു. സർക്കാർ സ്കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിലായി ഇത്തവണ മൊത്തം 469 കുട്ടികളാണ് കൂടിയത്. കഴിഞ്ഞ വർഷം 11,26,243 വിദ്യാർഥികളാണ് സർക്കാർ സ്കൂളുകളിൽ ഉണ്ടായിരുന്നത്. ഇൗ വർഷം 11,26,712 ആയി വർധിച്ചു.
സർക്കാർ സ്കൂളുകളിൽ ഇത്തവണ ഒന്നാം ക്ലാസിൽ 5703 വിദ്യാർഥികളാണ് കൂടിയത്. രണ്ടാം ക്ലാസിൽ 354ഉം മൂന്നാം ക്ലാസിൽ 1346ഉം നാലാം ക്ലാസിൽ 667ഉം കുട്ടികളാണ് കൂടിയത്. എന്നാൽ, അഞ്ചാം ക്ലാസിൽ 2643 വിദ്യാർഥികൾ കുറയുകയാണുണ്ടായത്. ആറാം ക്ലാസിൽ 789 കുട്ടികൾ കൂടിയപ്പോൾ ഏഴാംക്ലാസിൽ 3338 പേരുടെ കുറവുണ്ട്. എട്ടാം ക്ലാസിൽ 462 പേർ കൂടിയപ്പോൾ ഒമ്പതിൽ 1290ഉം 10ൽ 1581 കുട്ടികളുടെയും കുറവുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ വൻതോതിൽ കുട്ടികൾ കുറഞ്ഞ എയ്ഡഡ് സ്കൂളുകളിൽ ഇൗ വർഷം അത്ര കുറവുണ്ടായിട്ടില്ല. എയ്ഡഡ് മേഖലയിൽ ഒന്ന്, മൂന്ന്, നാല് ക്ലാസുകളിൽ കുട്ടികൾ കൂടി.
രണ്ടിലും അഞ്ചു മുതൽ 10 വരെ ക്ലാസുകളിലും കുട്ടികൾ കുറഞ്ഞിട്ടുണ്ട്. എയ്ഡഡ് സ്കൂളുകളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൊത്തം കുട്ടികളുടെ എണ്ണത്തിലും കുറവുണ്ട്. 16,171 കുട്ടികളാണ് എയ്ഡഡ് സ്കൂളുകളിൽ കുറഞ്ഞത്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുള്ള സർക്കാർ പ്രവർത്തനങ്ങളുടെ പ്രതിഫലനം അൺഎയ്ഡഡ് സ്കൂളുകളിൽ കുട്ടികളുടെ എണ്ണത്തിലുണ്ടായി. മുൻവർഷങ്ങളിലെല്ലാം കുട്ടികൾ വർധിച്ചിരുന്ന അൺഎയ്ഡഡ് സ്കൂളുകളിൽ ഇത്തവണ മൊത്തം 5135 കുട്ടികൾ കുറഞ്ഞു. രണ്ട്, നാല് ഒഴികെയുള്ള ക്ലാസുകളിൽ എല്ലാം കുട്ടികളുടെ കുറവുണ്ടായിട്ടുണ്ട്.
സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസിൽ കുട്ടികൾ വർധിച്ചപ്പോൾ അൺഎയ്ഡഡ് മേഖലയിൽ ഇത്തവണ 1122 കുട്ടികളുടെ കുറവും അനുഭവപ്പെട്ടു. സ്കൂളുകളിൽ എത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വർഷംതോറും കുറവനുഭവപ്പെടുേമ്പാഴും ഇൗ വർഷം സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ ഉണ്ടായ വർധന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് പൊതുജനങ്ങളിൽനിന്ന് ലഭിച്ച മികച്ച പ്രതികരണമായാണ് വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.