കോവിഡ്: വെല്ലുവിളിയായി മാനസിക സമ്മർദവും; കൗൺസലർമാരെത്തേടി സർക്കാർ
text_fieldsതൊടുപുഴ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വെല്ലുവിളിയായി രോഗബാധിതർ നേരിടുന്ന മാനസിക സമ്മർദങ്ങളും. ആദ്യ രണ്ട് ഘട്ടങ്ങളിലെയത്രയും തീവ്രമല്ലെങ്കിലും രോഗികൾ വ്യത്യസ്ത മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നതായാണ് കണ്ടെത്തൽ.
ഇവർക്ക് സഹായമെത്തിക്കാൻ കൂടുതൽ കൗൺസലർമാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. കോവിഡ് ബാധിതരുടെ മാനസികസമ്മർദം കുറക്കാൻ സംസ്ഥാന മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി 'ഒറ്റക്കല്ല ഒപ്പമുണ്ട്' പദ്ധതി നടപ്പാക്കിവരുന്നുണ്ട്. സോഷ്യൽ വർക്കർമാർ, കൗൺസലർമാർ, മാനസികാരോഗ്യ വിദഗ്ധർ, മനഃശാസ്ത്രജ്ഞർ എന്നിവരടക്കം 1500 പേരോളം ഉൾപ്പെടുന്ന പ്രത്യേക സംഘമാണ് ഇതിനായി പ്രവർത്തിക്കുന്നത്.
കോവിഡ് പോസിറ്റിവാകുന്ന എല്ലാവരെയും കൃത്യമായ ഇടവേളകളിൽ ഫോണിൽ ബന്ധപ്പെടുകയും മാർഗനിർദേശങ്ങളും ആവശ്യമായവർക്ക് കൗൺസലിങ്ങും നൽകുകയാണ് ചെയ്യുന്നത്. സംസ്ഥാനത്ത് ആദ്യ കോവിഡ് റിപ്പോർട്ട് ചെയ്തശേഷം ഇതുവരെ ഒന്നേകാൽകോടി ഫോൺ കാളുകൾ ഇത്തരത്തിൽ വിളിച്ചിട്ടുണ്ട്.
രോഗികളുടെ എണ്ണം കുതിച്ചുയർന്നതോടെ നിലവിലെ കൗൺസലർമാരെ ഉപയോഗിച്ച് എല്ലാവരെയും ബന്ധപ്പെടാൻ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് എല്ലാ ജില്ലകളിലും പരമാവധി കൗൺസലർമാരെ കണ്ടെത്താനുള്ള നീക്കം. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തിരുവനന്തപുരത്ത് നൂറിലധികം പേരെ ഇത്തരത്തിൽ സംഘത്തിൽ ഉൾപ്പെടുത്തി. സൈക്കോളജി, എം.എസ്.ഡബ്ല്യു യോഗ്യതയുള്ളവരെയാണ് തെരഞ്ഞെടുക്കുന്നത്. മൂന്നാം ഘട്ടത്തിൽ കോവിഡ് ബാധിതരിൽ പൊതുവെ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രശ്നം ഉറക്കക്കുറവാണ്.
മാനസിക സമ്മർദം, അമിത ഉത്കണ്ഠ, വിഷാദം തുടങ്ങിയ പ്രശ്നങ്ങൾ ആദ്യ രണ്ട് ഘട്ടങ്ങളിലും നിരവധി പേർക്കുണ്ടായിരുന്നെങ്കിലും ഇത്തവണ പൊതുവെ കുറവാണ്. രോഗത്തെക്കുറിച്ച ധാരണയും പ്രതിരോധിക്കാനാകുമെന്ന ആത്മവിശ്വാസവും കൂടിയതാണ് ഇതിന് കാരണമായി പറയുന്നത്.
പദ്ധതിയുടെ ഭാഗമായി ഇതിനകം ഒരുലക്ഷത്തോളം കുട്ടികൾക്ക് കൗൺസലിങ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.