മുസ്ലിം സംവരണം വീണ്ടും വെട്ടിക്കുറക്കുന്നു
text_fieldsകോഴിക്കോട്: ആശ്രിത നിയമനത്തിന്റെ മറവിൽ വീണ്ടും മുസ്ലിം സംവരണം വെട്ടിക്കുറക്കാൻ സർക്കാർ നീക്കം. എല്ലാ സർക്കാർ നിയമനങ്ങളിലും മുസ്ലിം സംവരണത്തിന് നീക്കിവെക്കുന്ന പി.എസ്.സി റൊട്ടേഷൻ ചാർട്ടിലെ ടേൺ 16 ആശ്രിത നിയമനത്തിന് മാറ്റിവെക്കണമെന്നാണ് ആശ്രിത നിയമന വ്യവസ്ഥകൾ പരിഷ്കരിക്കുന്നതിന് ഉദ്യോഗസ്ഥ-ഭരണ പരിഷ്കരണ വകുപ്പ് തയാറാക്കിയ കരട് മാർഗനിർദേശത്തിൽ പറയുന്നത്.
സർക്കാർ സർവിസിലിരിക്കെ മരണമടയുന്ന ജീവനക്കാരന്റെ ആശ്രിതർക്കു നിയമനം നൽകുന്നതുമായി ബന്ധപ്പെട്ടു സർക്കാർ ഈ മാസം രണ്ടിന് പുറത്തിറക്കിയ മാർഗനിർദേശങ്ങളിലാണ് മുസ്ലിം സംവരണം അട്ടിമറിക്കുന്ന നിർദേശങ്ങൾ ഉൾക്കൊള്ളിച്ചത്. കരട് രേഖ ചർച്ച ചെയ്യുന്നതിന് വെള്ളിയാഴ്ച രാവിലെ 11ന് തിരുവനന്തപുരം സെക്രട്ടേറിയറ്റ് അനക്സിൽ സർവിസ് സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്.
ഭിന്നശേഷി സംവരണം നടപ്പാക്കാൻ രണ്ടു ശതമാനം മുസ്ലിം സംവരണം വെട്ടിക്കുറച്ച് ഉത്തരവിറക്കിയതിന് പിന്നാലെയാണ് ഒരു ശതമാനംകൂടി വെട്ടിക്കുറക്കാൻ കരട് തയാറാക്കിയിരിക്കുന്നത്. റൊട്ടേഷൻ ചാർട്ടിലെ മുസ്ലിം സംവരണമായ 26, 76 ടേണുകൾ ഭിന്നശേഷി വിഭാഗത്തിന് നീക്കിവെച്ച് 2019 ഒക്ടോബറിലാണ് സർക്കാർ ഉത്തരവ് ഇറക്കിയത്. നിയമസഭയിൽ അടക്കം എം.എൽ.എമാർ ഇത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും 2013 ഒക്ടോബർ ഒന്നിന് പ്രസ്തുത ഉത്തരവ് സാധൂകരിക്കുന്ന പുതിയ ഉത്തരവ് ഇറക്കുകയാണ് ചെയ്തത്. ഇത് വിവാദമായതിനെതുടർന്ന് മുസ്ലിം സംവരണം സംരക്ഷിക്കാൻ നടപടി സ്വീകരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും സംവരണം വെട്ടിക്കുറക്കാൻ നീക്കം നടക്കുന്നത്.
ആശ്രിത നിയമനത്തിനായി കണ്ടെത്തിയ തസ്തികകളുടെ ജില്ല തിരിച്ചും സംസ്ഥാന തലത്തിലുമുള്ള ഓരോ 16ാമത്തെ ഒഴിവും ആശ്രിത നിയമത്തിനായി പൊതുഭരണ വകുപ്പിലേക്ക് ഓൺലൈൻ വഴി റിപ്പോർട്ട് ചെയ്യണമെന്നാണ് പുതിയ കരട് നിർദേശം. ഈ കരട് അംഗീകരിച്ച് ഉത്തരവിറക്കിയാൽ ഭിന്നശേഷി, ആശ്രിത നിയമനങ്ങളുടെ പേരിൽ എല്ലാ സർക്കാർ നിയമനങ്ങളിലും മുസ്ലിം സംവരണം മൂന്നു ശതമാനം കുറയും. ഫലത്തിൽ മുസ്ലിം സമുദായത്തിന് അർഹതപ്പെട്ട 10, 12 ശതമാനം സംവരണം ഏഴും ഒമ്പതും ശതമാനമായി ചുരുങ്ങും. സർക്കാർ നീക്കം ഭരണഘടനയുടെ ആർട്ടിക്കിൾ 14,15, 16 പ്രകാരമുള്ള അവകാശങ്ങളുടെ നഗ്നമായ ലംഘനവും കേരള സർവിസ് റൂൾസ് പ്രകാരം ചട്ടവിരുദ്ധവുമാണെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ (എസ്.ഇ.യു) സംസ്ഥാന സെക്രട്ടറി അഷറഫ് മാണിക്യം പറഞ്ഞു.
പുതിയ മാർഗനിർദേശപ്രകാരം മരണമടയുന്ന ജീവനക്കാരുടെ 13 വയസ്സ് പൂർത്തിയായതോ അതിന് മുകളിലുള്ളതോ ആയ ആശ്രിതർക്ക് മാത്രമാണ് ആശ്രിതനിയമനത്തിന് അപേക്ഷിക്കാൻ അർഹതയുള്ളത്. 13 വയസ്സിൽ താഴെയുള്ളവർക്ക് ജോലിക്കുപകരം സമാശ്വാസധനത്തിന് അപേക്ഷിക്കാനേ അർഹത ഉണ്ടായിരിക്കുകയുള്ളൂ. മരണപ്പെട്ട് ഒരുവർഷത്തിനുള്ളിലെ വരുമാനപരിധി എട്ട് ലക്ഷം കവിയരുതെന്നും ഒരു വർഷത്തിനുള്ളിൽ റവന്യൂ അധികാരികളിൽനിന്ന് കുടുംബം വരുമാന സർട്ടിഫിക്കറ്റ് വാങ്ങിവെക്കണമെന്നും കരട് രേഖയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.