ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററുകൾക്ക് സാമ്പത്തിക സഹായം ഉറപ്പു വരുത്തണം- വെൽഫെയർ പാർട്ടി
text_fieldsമലപ്പുറം: ജില്ലയിലെ കോവിഡ് രോഗികൾക്കുള്ള ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററുകൾക്ക് സർക്കാർ സാമ്പത്തിക സഹായം ഉറപ്പു വരുത്തണമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്. കോവിഡ് രോഗികളുടെ എണ്ണം ജില്ലയിൽ അനുദിനം വർധിച്ച് കൊണ്ടിരിക്കുമ്പോഴും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററുകൾ മിക്ക തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്കും തുടങ്ങാനായിട്ടില്ല എന്നതു വലിയ പ്രതിസന്ധിയാണ് ജില്ലയിൽ സൃഷ്ടിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയാണ് മിക്ക തദ്ദേശസ്ഥാപനങ്ങളുടെയും മുന്നിലുള്ള തടസ്സം. നിലവിൽ നാട്ടുകാരാണ് ആവശ്യത്തിനുള്ള സാധന സാമഗ്രികൾ എത്തിച്ച് നൽകുന്നത്.
ആരോഗ്യ വകുപ്പിന്റെ ഫണ്ട്, ദുരന്തനിവാരണ അതോറിറ്റി ഫണ്ട്, തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് എന്നിവ ഉപയോഗിച്ച് ട്രീറ്റ്മെന്റ് തുടങ്ങാനായിരുന്നു നിർദ്ദേശം. ഈ ഫണ്ടുകളുടെ കാര്യത്തിലൊന്നും സർക്കാരിന്‍റെ ഏകോപനങ്ങളോ നേരിട്ടുള്ള നിർദ്ദേശങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഈ ഗുരുതരമായ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് ഫണ്ടുകളുടെ കാര്യത്തിൽ ഏകോപനമുണ്ടാക്കി തദ്ദേശസ്ഥാപനങ്ങളിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻററുകൾ സാധ്യമാക്കാൻ സംസ്ഥാന സർക്കാർ ഇടപെടൽ നടത്തണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കിഴുപറമ്പ് അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി ഗണേഷ് വടേരി,ട്രഷറർ എ. ഫാറൂഖ്, മുനീബ് കാരക്കുന്ന്, റംല മമ്പാട്, സുഭദ്ര വണ്ടൂർ, ശ്രീനിവാസൻ മേലാറ്റൂർ, മുഹമ്മദ് പൊന്നാനി,അഷ്‌റഫ് വൈലത്തൂർ, നസീറ ബാനു, ജാഫർ.സി.സി,വഹാബ് വെട്ടം,ആരിഫ് ചുണ്ടയിൽ, സഫീർ ഷാ കെ.വി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.