‘കൂട്ടിലെ തത്ത’യായി സി.ബി.െഎ മാറിയെന്ന് സംസ്ഥാന സർക്കാർ ഹൈകോടതിയിൽ
text_fieldsകൊച്ചി: സംസ്ഥാന സർക്കാറിെനയും അന്വേഷണ ഏജൻസിെയയും അവഹേളിക്കാൻ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ താൽപര്യത്തിനൊപ്പം നിൽക്കുന്ന ‘കൂട്ടിലെ തത്ത’യായി സി.ബി.െഎ മാറിയെന്ന് സംശയിക്കുന്നതായി സർക്കാർ ഹൈകോടതിയിൽ.
ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ കൊല്ലപ്പെട്ട ഏഴ് കേസുകൾ സി.ബി.െഎക്ക് വിടണമെന്ന ആവശ്യമുന്നയിക്കുന്ന ഹരജിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇൗ വിശദീകരണം. സമാധാനവും മതേതരത്വവും നിലനിൽക്കുന്ന കേരളത്തെ അവഹേളിക്കാനും സർക്കാറിനെ തകർക്കാനുമുള്ള സി.ബി.െഎ-കേന്ദ്ര സർക്കാർ ഗൂഢാലോചനയുടെ ഭാഗമാണ് ഹരജിയെന്നും ആഭ്യന്തര അണ്ടർ സെക്രട്ടറി എം.പി പ്രിയമോൾ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
ഹരജി ആദ്യ പരിഗണനക്ക് വന്നപ്പോൾതന്നെ അന്വേഷണത്തിന് സി.ബി.െഎ സമ്മതം അറിയിച്ചു. ഉദ്യോഗസ്ഥരുടെ അപര്യാപ്തതയും കേസുകളുടെ ബാഹുല്യവും ചൂണ്ടിക്കാട്ടി ഏറ്റെടുക്കാൻ വിസമ്മതിക്കുന്ന സി.ബി.െഎയാണ് ഇൗ നിലപാടെടുത്തത്. കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ നിർദേശപ്രകാരമാണ് ഹരജിക്കാർ ആവശ്യപ്പെടുന്ന ഏഴ് കേസുകൾ അന്വേഷിക്കാൻ സി.ബി.െഎ തയാറായത്. കോടതി ഉത്തരവ് എന്താണെങ്കിലും നടപ്പാക്കാമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിട്ടുള്ളത്.
സി.ബി.െഎയും പൊലീസും അന്വേഷിച്ച കേസുകൾ പരിശോധിച്ചാൽ സംസ്ഥാന പൊലീസ് അന്വേഷിച്ച കേസുകളിലാണ് കൂടുതൽ പ്രതികളും ശിക്ഷിക്കപ്പെട്ടതെന്ന് വ്യക്തമാണ്. ബി.ജെ.പി-ആർ.എസ്.എസ് നേതാക്കൾ സ്ഥാപിച്ചതാണ് ഹരജിക്കാരായ തലശ്ശേരി ഗോപാലന് അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റ്. പ്രതികളെ ആരെയും കക്ഷിചേർത്തിട്ടില്ല. കൊല്ലപ്പെട്ടത് ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരാണെന്നതല്ലാതെ കേസുമായി ബന്ധപ്പെട്ട് പൊതുസ്വഭാവമില്ലാത്തതിനാൽ സി.ബി.െഎ അന്വേഷണ ആവശ്യം ഒന്നിച്ച് ഒരു ഹരജിയിൽ ഉന്നയിക്കാനാവില്ല.
ദേശീയ-അന്തർദേശീയ പ്രാധാന്യമുണ്ടെന്ന് തോന്നുന്ന കേസുകളിൽ അന്വേഷണത്തിെൻറ വിശ്വാസ്യത നിലനിർത്താനാണ് ക്രിമിനൽ കേസുകൾ സി.ബി.െഎക്ക് വിടാറുള്ളത്. എന്നാൽ, ഇൗ ഹരജിയിൽ ആരോപണങ്ങളല്ലാതെ വസ്തുതകളുടെ അടിസ്ഥാനമില്ല. കുറ്റപത്രം സമർപ്പിച്ച കേസുകളിൽ ഉന്നത കോടതികൾ ഇടപെട്ട് പുനരന്വേഷണത്തിന് ഉത്തരവിടാറില്ല. കുറ്റപത്രം പരിശോധിക്കുന്ന ബന്ധപ്പെട്ട കോടതികൾക്ക് വിടുകയാണ് പതിവ്. സി.ബി.െഎയിലെ പരിമിതമായ ഉദ്യോഗസ്ഥരെക്കൊണ്ട് തൃപ്തികരമായ അന്വേഷണം സാധ്യമാകില്ല. കുറ്റപത്രങ്ങളും അന്തിമ റിപ്പോർട്ടും കീഴ്കോടതികളുടെ പരിഗണനയിലാണുള്ളത്.
സ്വതന്ത്രവും നീതിപരവുമായ അന്വേഷണമാണ് നടന്നതെന്ന് റിപ്പോർട്ടുകളിൽനിന്ന് വ്യക്തമാകും. അന്തിമ റിപ്പോർട്ടിൽ അപാകതയുള്ളതായി പരാതിയുമില്ല. ഇൗ സാഹചര്യത്തിൽ സി.ബി.െഎ അന്വേഷണമെന്ന ആവശ്യത്തിൽ ഹൈകോടതി ഇടപെടൽ ആവശ്യമില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഹരജി ഫയല്‍ ചെയ്തശേഷം ഒരാള്‍കൂടി കൊല്ലപ്പെട്ടതായി തിങ്കളാഴ്ച ഹരജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് വാദിച്ചു. മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 25 ആയിരുന്നെങ്കിലും 30 വരെ സര്‍ക്കാര്‍ വൈകിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
രേഖകള്‍ ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്യേണ്ടിയിരുന്നതിനാലാണ് മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയമെടുത്തതെന്ന് സംസ്ഥാന സര്‍ക്കാറിനുവേണ്ടി ഹാജരായ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകളെല്ലാം സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഹരജി നവംബര്‍ 13ന് വിശദമായ വാദത്തിന് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.