‘ക്ഷീരസാന്ത്വനം’ ഇൻഷുറൻസ് പരിരക്ഷ സർക്കാർ നിർത്തലാക്കി; ക്ഷീര കര്‍ഷകര്‍ ആശങ്കയിൽ
text_fieldsതിരുവനന്തപുരം: കർഷകനും കുടുംബാംഗങ്ങൾക്കും കാലികൾക്കും പരിരക്ഷ കിട്ടുന്ന ‘ക്ഷീര സാന്ത്വനം’ ഇൻഷുറൻസ് പദ്ധതി സർക്കാർ നിർത്തലാക്കി. ഇതോടെ കർഷകർ ഉയർന്ന പ്രീമിയം അടച്ച് സ്വകാര്യ ഇൻഷുറൻസ് എടുക്കേണ്ട അവസ്ഥയിലാണ്. ക്ഷീരമേഖലയെ സഹായിച്ച് പാലുൽപാദനം കൂട്ടുമെന്ന് പറയുന്ന സർക്കാർ തന്നെയാണ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നാണ് കർഷകരുടെ പരാതി.
ഈ മാസം ഇൻഷുറൻസ് പുതുക്കാനെത്തിയപ്പോഴാണ് പദ്ധതി നിർത്തിയതായി കർഷകർ അറിയുന്നത്. ആരോഗ്യ സുരക്ഷ, അപകട സുരക്ഷ, ലൈഫ് ഇന്‍ഷുറന്‍സ്, ഗോ സുരക്ഷ പോളിസികളാണ് പദ്ധതി വഴി അനുവദിച്ചിരുന്നത്. അപകട സുരക്ഷ പോളിസിയില്‍ കര്ഷകന് അപകടം മൂലം മരിക്കുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്താല്‍ ഏഴുലക്ഷം രൂപ വരെയാണ് നൽകിയിരുന്നത്.
മരണപ്പെടുന്ന കര്‍ഷകരുടെ മക്കള്‍ക്ക് 50,000 രൂപ വരെ വിദ്യാഭ്യാസ ധനസഹായവും നൽകിയിരുന്നു. പദ്ധതി നിലനിർത്തണമെന്ന് ക്ഷീരകർഷക ക്ഷേമനിധി ബോർഡ് നിർദേശം നൽകിയിരുന്നെങ്കിലും പരിഗണിക്കാതെയാണ് സർക്കാർ തീരുമാനം. എന്നാൽ, സർക്കാർ സ്വമേധയാ എടുത്ത തീരുമാനമല്ലെന്നും ഇരട്ടിപ്പ് ചൂണ്ടിക്കാട്ടി പ്ലാനിങ് ബോർഡാണ് നിർത്തലാക്കിയതെന്നും മൃഗസംരക്ഷണ- ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി ‘മാധ്യമ’ത്തോട് പറഞ്ഞു.
മൃഗസംരക്ഷണ വകുപ്പിനും ക്ഷീരവകുപ്പിനും പ്രത്യേകം പദ്ധതികൾ ഇപ്പോഴുണ്ട്. അത് ഇരട്ടിപ്പാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്ലാനിങ്ബോർഡ് നിർത്തലാക്കിയത്. ‘ക്ഷീര സാന്ത്വനം’പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്ലാനിങ് ബോർഡിന് കത്ത് നൽകിയിട്ടുണ്ട്. കൂടാതെ, മൃഗസംരക്ഷണ വകുപ്പിൽ കേന്ദ്ര സർക്കാർ പുതിയൊരു ഇൻഷുറൻസ് പദ്ധതി കൂടി കൊണ്ടുവരുന്നുണ്ട്. 60 ശതമാനം സംസ്ഥാനവും 40 ശതമാനം കേന്ദ്ര സർക്കാറും എന്ന രീതിയിലാണിത്. ഇതുകൂടിവരുമ്പോൾ മൃഗസംരക്ഷണ മേഖലയിൽ കർഷകർക്ക് ഒരാശങ്കയും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.