ആ നോട്ടീസിനെ അവഗണിക്കരുത്; പൊലീസിന് പിന്നാലെ സെക്ട്രൽ മജിസ്ട്രേറ്റുമാർക്കും വലിയ ടാർഗറ്റ് നൽകിയിട്ടുണ്ട് സർക്കാർ
text_fieldsപൊന്നാനി: കോവിഡ് പരിശോധനക്കായി രംഗത്തുള്ള സെക്ട്രൽ മജിസ്ട്രേറ്റുമാർക്കും, ടാർജറ്റ് നൽകി സംസ്ഥാന സർക്കാർ. ഓരോ ദിവസവും 20 പേർക്ക് വാർണിങ് മെമ്മോ നൽകണമെന്നാണ് നിശ്ചയിച്ചിട്ടുള്ളത്.
പൊലീസുകാർക്ക് ഒരു ദിവസം നിശ്ചയിച്ച ടാർഗറ്റ് പിഴയായി ഈടാക്കാൻ കഴിഞ്ഞില്ലെങ്കിൽ സെക്ട്രൽ മജിസ്ട്രേറ്റ് നൽകിയ വാർണിങ് ലിസ്റ്റിലുള്ളവർക്ക് പിഴ നൽകുകയാണ് ചെയ്യുക. ഇത്തരത്തിൽ വലിയ തുകയാണ് സർക്കാർ പൊതുജനങ്ങളിൽ നിന്ന് ഈടാക്കുന്നത്.
സെക്ട്രൽ മജിസ്ട്രേറ്റുമാർ കോവിഡ് നിയമ ലംഘനം കണ്ടാൽ പൊലീസിൽ റിപ്പോർട്ട് ചെയ്യുകയാണ് വേണ്ടത്. ഇത്തരത്തിൽ ഒരു ദിവസം ചുരുങ്ങിയത് 20 പേർക്ക് നിയമലംഘനത്തിന്‍റെ നോട്ടിസ് നൽകണം. ഇതിന് പിഴ ഈടാക്കില്ലെന്നാണ് ഭരണകൂടം ഇവരെ ധരിപ്പിച്ചിട്ടുള്ളത്.
അത് കൊണ്ട് തന്നെ സെക്ട്രൽ മജിസ്ട്രേറ്റുമാർ പരമാവധി ആളുകൾക്ക് മെമ്മോ നൽകുന്നുണ്ട്. എന്നാൽ പൊലിസിന് നൽകിയ നിർദേശം ഇത്തരം ലിസ്റ്റിലുള്ളവർക്ക് പിഴത്തുക അടപ്പിക്കാനാണ്. പൊലീസുകാർക്ക് ഓരോ ദിവസവും നൽകിയ പിഴത്തുകയുടെ ടാർജറ്റ് തികയ്ക്കാനായില്ലെങ്കിൽ സെക്ട്രൽ മജിസ്ട്രേറ്റ് നൽകിയ വാർണിംഗ് മെമ്മോയിൽ നിന്ന് പിഴ ഈടാക്കാനാണ് നിർദേശം.
ഇതോടെ സാധാരണക്കാരിൽ നല്ലൊരു വിഭാഗവും സെക്ട്രൽ മജിസ്ട്രേറ്റിന് എതിരായിരിക്കുകയാണ്. കോവിഡ് പരിശോധനയിൽ കിട്ടിയത് വാണിങ് കടലാസാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ ചിലപ്പോൾ പിഴ കിട്ടിയേക്കാം എന്ന് ചുരുക്കം.
പൊലീസിന് നേരത്തെ തന്നെ പിഴത്തുക ഈടാക്കാൻ ടാർജറ്റ് നൽകിയിരുന്നു. ഇതു പ്രകാരം വ്യാപകമായ തോതിൽ പിഴ ഈടാക്കാൻ തുടങ്ങിയതും പലയിടത്തും സംഘർഷത്തിന് കാരണമായിരുന്നു. പൊലീസിനെതിരെ വലിയ തോതിൽ ജനരോഷം ഉയർന്നതിന് പിന്നാലെയാണ് ജില്ലാ ഭരണകൂടം സെക്ട്രൽ മജിസ്ട്രേറ്റുമാർക്കും പിഴ ഈടാക്കാൻ ടാർജറ്റ് നൽകിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.