'ബിരിയാണി ചെമ്പ്' വിവാദത്തെ നേരിടാൻ സർക്കാർ
text_fieldsതിരുവനന്തപുരം: അപസർപ്പക കഥയെ വെല്ലുംവിധം ഭരണ തുടർച്ചയിൽ നേരിടേണ്ടിവരുന്ന ആദ്യ പരീക്ഷണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടാനുറച്ച് സർക്കാർ. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ ആരോപണങ്ങൾ മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചതോടെ പ്രതിരോധത്തിന് എല്ലാ ആയുധവും ആവനാഴിയിൽനിന്നെടുത്തുപയോഗിക്കാനാണ് തീരുമാനം.
സ്വപ്നയുടെ ആരോപണവുമായി ബന്ധപ്പെട്ട ഗൂഢാലോചന അന്വേഷിക്കാൻ ആഭ്യന്തര വകുപ്പ് തയാറാക്കിയ അന്വേഷണ സംഘം ഒരു ഡസൻ ഉദ്യോഗസ്ഥരടങ്ങുന്നതാണ്. വിജിലൻസും ഒപ്പം തന്നെ രംഗത്തുണ്ട്. സ്വപ്നയുടെ മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിലും 'ബിരിയാണി ചെമ്പ്' വിവരണത്തിലും പൊതുസമൂഹത്തിലുണ്ടായ വിശ്വാസക്കുറവിലെ ആശ്വാസം സർക്കാറിനുണ്ട്. പി.സി. ജോർജിന്റെ രംഗപ്രവേശവും വിവാദത്തിന് കൊഴുപ്പേകുന്നതിലെ അപകടം കോൺഗ്രസും തിരിച്ചറിയുന്നു. ഓരോ ദിവസവും കുടത്തിൽനിന്ന് തുറന്നുവിട്ട ഭൂതങ്ങളെപ്പോലെ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളെ പ്രതീക്ഷിച്ച് തന്നെയാണ് സർക്കാറിനൊപ്പം സി.പി.എമ്മും നിൽക്കുന്നത്.
ആരോപണങ്ങളെ കൃത്യമായി നേരിടാനാണ് സി.പി.എം നേതൃതലത്തിലെ ധാരണ. ചാനൽ മൈക്കുകൾക്ക് തലവെച്ച് വിവാദം സൃഷ്ടിക്കരുതെന്നാണ് മന്ത്രിമാർക്കുള്ള നിർദേശം. തലക്കു മുകളിൽ കൂടി പോകുന്ന വിവാദങ്ങളെ എത്തിപ്പിടിക്കുന്ന നേതാക്കളോട് പ്രത്യേകം ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ട്. വിവാദങ്ങളെ മാധ്യമങ്ങളിലൂടെ തന്നെയാണ് സർക്കാർ പ്രതിരോധിക്കുന്നത്. ചാനലുകൾ കൈയടക്കുന്ന വിവാദ വാർത്തകളുടെ ഇടം മന്ത്രിമാരുടെ വാർത്ത സമ്മേളനംകൊണ്ട് മറികടക്കാനാണ് ശ്രമം. വ്യാഴാഴ്ച അഞ്ച് മന്ത്രിമാരാണ് തലസ്ഥാനത്ത് വാർത്തസമ്മേളനം വിളിച്ച് ചാനലുകാരെ വശംകെടുത്തിയത്.
രാവിലെ 11ന് കെ.യു.ഡബ്ല്യു.ജെ.യുടെ മീറ്റ ദ പ്രസിൽ വി.എൻ. വാസവൻ വന്നു. പിന്നാലെ, 12ന് മന്ത്രിമാരായ ആർ. ബിന്ദുവും പി.എ. മുഹമ്മദ് റിയാസും. ഉച്ചകഴിഞ്ഞ് 3.30ന് മന്ത്രി എം.വി. ഗോവിന്ദൻ. നാലിന് മന്ത്രി പി. രാജീവ്. വിവാദങ്ങളിലെ പ്രതികരണമെന്ന അവസരം കാത്തുവരുന്ന മാധ്യമങ്ങൾക്കു മുന്നിൽ തങ്ങളുടെ വകുപ്പുകളുടെ മികവുകൾ അവതരിപ്പിച്ച മന്ത്രിമാർ ഒടുവിൽ തങ്ങൾക്കുനേരെ വന്ന വിവാദ ചോദ്യങ്ങളെ 'കൈകാര്യം' ചെയ്ത് വിട്ടു. വരും ദിവസങ്ങളിലും ഇത് തുടർന്നേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.