ഗുരുതര കൃത്യവിലോപത്തിന് സസ്പെൻഷനിലായ റേഞ്ച് ഒാഫിസറെ രക്ഷിക്കാൻ സർക്കാർ
text_fieldsതിരുവനന്തപുരം: മുറിച്ച് കടത്തിയ തേക്ക് കഷണങ്ങളും മിനി ലോറിയും പിടിച്ചെടുത്തത് നിയമവിരുദ്ധമായി വിട്ടുകൊടുത്തതിന് നടപടി നേരിടുന്ന ഉദ്യോഗസ്ഥനുവേണ്ടി 'വീണ്ടുവിചാര'വുമായി സർക്കാർ. കഠിന ശിക്ഷ നൽകണെമന്ന് മൂന്ന് ഉയർന്ന ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ട് മറികടന്നാണ് പരിയാരം റേഞ്ച് ഒാഫിസറായിരുന്ന കെ.ജി. രാഗേഷിനെ രക്ഷിക്കാൻ ശ്രമിക്കുന്നത്.
തൃശൂർ തെക്കുംകരയിലെ ഒമ്പത് തേക്ക് മരങ്ങൾ മുറിച്ച് 30 കഷണങ്ങളാക്കി മതിയായ രേഖകളില്ലാതെ മിനിലോറിയിൽ കടത്തിയത് 2019 നവംബർ അഞ്ചിനാണ് തൃശൂർ ഫ്ലൈയിങ് സ്ക്വാഡ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത വാഹനവും തൊണ്ടി തടികളും മതിയായ പരിശോധനയോ മേലധികാരികളുടെ അനുമതിയോ ഇല്ലാതെ രാഗേഷ് ഉടമസ്ഥർക്ക് വിട്ടുനൽകി. സംഭവത്തിൽ കർശന അച്ചടക്ക നടപടി സ്വീകരിക്കാനാണ് സെൻട്രൽ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, വിജിലൻസ് വിഭാഗം അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ എന്നിവർ യഥാക്രമം 2019 നവംബർ 30നും ഡിസംബർ രണ്ടിനും റിപ്പോർട്ട് നൽകിയത്. തുടർന്ന് 2019 ഡിസംബർ 19ന് കെ.ജി. രാഗേഷിനെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു.
വ്യാജരേഖകളുടെ പിൻബലത്തിൽ തേക്ക് തടികൾക്ക് പാസ് നൽകിയെന്നും വാഹനവും തൊണ്ടിമുതലും നിയമാനുസൃത രേഖകളുടെ പിൻബലമില്ലാതെ വിട്ടുകൊടുത്തെന്നും കണ്ടെത്തി. ഇല്ലാത്ത അധികാരം ഉപയോഗിച്ച് രാഗേഷ് സർക്കാറിനെ വഞ്ചിച്ചെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
കേരള സിവിൽ സർവിസസ് ചട്ടങ്ങൾ പ്രകാരം കർശന ശിക്ഷക്ക് കുറ്റപത്രം നൽകി അച്ചടക്ക നടപടി ആരംഭിച്ചു. ഇതിനെതിരെ രാഗേഷ് വകുപ്പിന് സമർപ്പിച്ച പ്രതിവാദ പത്രികയിലെ വാദങ്ങളൊന്നും അംഗീകരിക്കാൻ കഴിയില്ലെന്നും അച്ചടക്കനടപടി തുടരാമെന്നും ഭരണവിഭാഗം അഡീഷനൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ 2021 സെപ്റ്റംബർ നാലിന് റിപ്പോർട്ട് നൽകി. എന്നാൽ, വിഷയത്തിൽ രാഗേഷിന് നിരപരാധിത്വം തെളിയിക്കാൻ ഒരവസരംകൂടി നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.