വർഗീയത വളർത്തി ജീവൽ പ്രശ്നങ്ങളിൽനിന്ന് ഒളിച്ചോടാൻ സർക്കാർ ശ്രമം –ജമാഅത്ത് അമീർ
text_fieldsമട്ടന്നൂർ: നാടും ജനങ്ങളും അനുഭവിക്കുന്ന അടിസ്ഥാന പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ് സംസ്ഥാന സർക്കാറെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. മട്ടന്നൂർ ബസ് സ്റ്റാൻഡിൽ ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ബഹുജന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോവിഡ് ബാധിച്ച് മരിച്ചവർക്കുള്ള നഷ്ടപരിഹാരം നൽകാത്തതിെൻറ പേരിൽ സുപ്രീം കോടതിക്കുമുന്നിൽ ചോദ്യം ചെയ്യപ്പെട്ട സംസ്ഥാന സർക്കാർ ആത്മപരിശോധന നടത്തി ജനകീയ വിഷയങ്ങളിൽനിന്നുള്ള ഒളിച്ചോട്ടം അവസാനിപ്പിക്കണം. ജമാഅത്തെ ഇസ്ലാമിയുടെ ആത്മാവിനെ മറ്റുള്ളവരിൽ ഭയപ്പെടുന്ന സി.പി.എം അധികാരത്തിനുവേണ്ടി ഇതേ ആത്മാവിനെ ഉപയോഗിച്ചിരുന്ന കാലമുണ്ടായിരുന്നു. ജെൻഡർ ന്യൂട്രാലിറ്റിയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ വസ്ത്രധാരണത്തിൽ പുരുഷാധിപത്യം അടിച്ചേൽപിക്കാനാണ് ശ്രമിക്കുന്നത്.
വിവാഹ പ്രായമുയർത്തുന്ന നടപടിയുമായി പൗരാവകാശങ്ങൾക്ക് നേരെയുള്ള കൈയേറ്റം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് പി.കെ. മുഹമ്മദ് സാജിദ് നദ്വി അധ്യക്ഷത വഹിച്ചു. 'കമ്യൂണിസം, ലിബറലിസം, ഇസ്ലാം'എന്ന വിഷയത്തെക്കുറിച്ച് ഡോ. ആർ. യൂസഫ്, ശിഹാബ് പൂക്കോട്ടൂർ, പി. റുക്സാന എന്നിവർ സംസാരിച്ചു. സി.കെ.എ. ജബ്ബാർ സ്വാഗതവും സി. അലി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.