എണ്ണ നികുതിയിൽ കണ്ണടച്ച് സർക്കാർ; ജല അതോറിറ്റിക്ക് അഞ്ച് ശതമാനം, കെ.എസ്.ആർ.ടി.സിക്ക് 26 ശതമാനം
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാനും പ്രതിസന്ധിയകറ്റാനും കഠിന പരിശ്രമമെന്ന് അവകാശപ്പെടുമ്പോഴും പ്രതിദിനം ഇന്ധനനികുതിയിനത്തിൽ സർക്കാർ ഈടാക്കുന്നത് 68.75 ലക്ഷം രൂപ. കെ.എസ്.ഇ.ബിക്കും ജല അതോറിറ്റിക്കും അഞ്ച് ശതമാനമായി നികുതി കുറച്ചുനൽകുന്ന സർക്കാർ കെ.എസ്.ആർ.ടി.സിയിൽനിന്ന് ഈടാക്കുന്നത് 26 ശതമാനം നികുതിയാണ്. അതായത് ഒരു ലിറ്റർ ഡീസൽ 96.79 രൂപ കൊടുത്ത് കെ.എസ്.ആർ.ടി.സി വാങ്ങുമ്പോൾ 24.96 രൂപ സംസ്ഥാന സർക്കാറിനുള്ള നികുതിയാണ്.
പ്രതിദിനം 2.75 ലക്ഷം ലിറ്റർ ഡീസലാണ് കെ.എസ്.ആർ.ടി.സിയുടെ ഉപഭോഗം. ദിനംപ്രതിയുള്ള 68.75 ലക്ഷം രൂപ വെച്ച് കണക്കാക്കുമ്പോൾ പ്രതിമാസം ഇത്തരത്തിൽ 20.62 കോടി രൂപയാണ് ഖജനാവിലേക്കെത്തുന്നത്. പ്രതിസന്ധിയിൽ നട്ടംതിരിയുന്ന പൊതുമേഖല സ്ഥാപനത്തെ രക്ഷിക്കാൻ നികുതി കുറയ്ക്കണമെന്ന് ഇടത് അനുകൂല സംഘടനകളടക്കം പലവട്ടം ആവശ്യപ്പെട്ടിട്ടും സർക്കാർ തയാറായിട്ടില്ല.
ഇന്ധനച്ചെലവടക്കം കണക്കാക്കിയാണ് സർക്കാർ ടിക്കറ്റ് നിരക്ക് നിർണയിക്കുന്നത്. സ്വകാര്യ സർവിസുകൾക്കടക്കം ബാധകമാക്കിയാണ് നിരക്ക് ഭേദഗതിയെന്നും ഈ സാഹചര്യത്തിൽ ഇന്ധനനികുതി കെ.എസ്.ആർ.ടി.സിക്ക് മാത്രമായി കുറയ്ക്കാനാവില്ലെന്നുമാണ് സർക്കാർ നിലപാട്. എന്നാൽ, സാമൂഹികപ്രതിബന്ധതയുടെ പേരിൽ നിരവധി സർവിസുകൾ കെ.എസ്.ആർ.ടി.സി നടത്തുന്നുണ്ട്.
വിവിധ വിഭാഗങ്ങൾക്ക് സൗജന്യയാത്രയും അനുവദിക്കുന്നുണ്ട്. എന്നാൽ, സ്വകാര്യബസുകൾ തിരക്കുള്ള റൂട്ടുകളിലാണ് ഓടുന്നത്. അതുകൊണ്ട് കെ.എസ്.ആർ.ടി.സിയെയും സ്വകാര്യബസുകളെയും സമീകരിച്ച് ആനുകൂല്യം നിഷേധിക്കുന്നത് ശരിയല്ലെന്നാണ് മറുവാദം. ഇതിനും തയാറായില്ലെങ്കിൽ തമിഴ്നാട് മാതൃകയെങ്കിലും സ്വീകരിച്ചാൽ കെ.എസ്.ആർ.ടി.സിക്ക് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. ഡീസൽ വില നിശ്ചിത നിരക്കിൽ സീലിങ് നിശ്ചയിക്കുകയും അധികം വരുന്ന തുക സർക്കാർ നേരിട്ട് ഇന്ധനക്കമ്പനികൾക്ക് നൽകുകയുമാണ് തമിഴ്നാട്ടിൽ ചെയ്യുന്നത്.
പ്രതിദിന വരുമാനമായി ശരാശരി ലഭിക്കുന്ന ആറ് കോടി രൂപയിൽ ഇന്ധനച്ചെലവും കൺസോർട്യം വായ്പ തിരിച്ചടവും കഴിഞ്ഞാൽ ശമ്പളത്തിനായി നീക്കിവെയ്ക്കാൻ ഒന്നുമുണ്ടാകില്ലെന്നും ശമ്പളം നൽകാനാകാത്തത് ഇതുമൂലമാണെന്നുമാണ് മാനേജ്മെന്‍റ് വിശദീകരണം.സർക്കാർ ധനസഹായം ആശ്രയിച്ച് മാത്രം ശമ്പളവിതരണം ആസൂത്രണം ചെയ്യുന്നത് പ്രായോഗികമല്ലെന്ന് സർക്കാർ ആവർത്തിക്കുന്നുണ്ട്. പക്ഷേ, ഡീസൽ നികുതിയിലെ ഇളവുകൾക്കാകട്ടെ സർക്കാർ സന്നദ്ധമാകുന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.