തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽനിന്ന് ഒഴിഞ്ഞുമാറാൻ സർക്കാർ വണ്ടികൾ
text_fieldsകോഴിക്കോട്: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽനിന്ന് വഴുതിമാറാൻ ഉദ്യോഗസ്ഥർക്കൊപ്പം സർക്കാർ വാഹനങ്ങളും. ഇലക്ഷൻ ആവശ്യങ്ങൾക്ക് സർക്കാർ വാഹനങ്ങൾ വിട്ടുകൊടുക്കാൻ പല വകുപ്പുകളും മടിക്കുന്നതായി ആരോപണം. ഇക്കാരണത്താൽ സർക്കാർവാഹനങ്ങൾ ലഭ്യമല്ലെങ്കിൽ മാത്രം വിളിക്കേണ്ട സ്വകാര്യവാഹനങ്ങളെ കൂടുതൽ ആശ്രയിക്കേണ്ടിവരുമെന്നാണ് പരാതി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പെരുമാറ്റച്ചട്ടമനുസരിച്ച് മറ്റ് ഔദ്യോഗികജോലികളുണ്ടാവില്ല. എന്നിട്ടും പല കാരണങ്ങൾ പറഞ്ഞ് വേണ്ടത്ര വാഹനങ്ങൾ തെരെഞ്ഞടുപ്പ് ജോലിക്കായി വിട്ടുകൊടുക്കാൻ പല വകുപ്പുകളും മടിക്കുന്നു.
അറ്റകുറ്റപ്പണിയും എൻജിൻ തകരാറുമൊക്കെ പറഞ്ഞാണ് ഒഴിഞ്ഞുമാറ്റം. യന്ത്രത്തകരാർ കാണിച്ചാൽ സാധാരണനിലക്ക് വണ്ടികൾ തെരഞ്ഞെടുപ്പ് ജോലിക്ക് കൊടുക്കുന്നത് ഒഴിവായിക്കിട്ടും. തെരഞ്ഞെടുപ്പ് ചട്ടലംഘനവും മറ്റും പരിശോധിക്കാനുള്ള സ്ക്വാഡുകളും പ്രാഥമിക പ്രവർത്തനങ്ങൾക്കുള്ള വിവിധ കമ്മിറ്റികൾക്കുമാണ് ഇപ്പോൾ വാഹനങ്ങൾ കാര്യമായി ഉപയോഗിക്കുന്നത്. തെരഞ്ഞെടുപ്പടുക്കുേമ്പാൾ നിരീക്ഷകർക്ക് സഞ്ചരിക്കാനടക്കം വിവിധ നടപടികൾക്കായി കൂടുതൽ വഹനങ്ങൾ വേണം. ഇത്തവണ ബൂത്തുകളുടെ എണ്ണവും മറ്റും കൂടുന്നതിനാൽ കൂടുതൽ സ്വകാര്യവാഹനങ്ങളെ ആശ്രയിക്കണമെന്നത് ഉറപ്പായിക്കഴിഞ്ഞു. ലക്ഷങ്ങളുടെ അധികബാധ്യത വരുത്തുമിത്.
ഡ്രൈവർമാർ അടക്കമാണ് വാഹനം വിട്ടുകൊടുക്കേണ്ടത്. ഇന്ധനച്ചെലവ് ഇലക്ഷൻ വിഭാഗം വഹിക്കും. ഇങ്ങനെയുള്ള വണ്ടി തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് മാത്രമേ ഉപയോഗിക്കാനാവുകയുള്ളൂ. ഒഴിഞ്ഞുമാറാൻ നോക്കിയാലും ആവശ്യമെങ്കിൽ വാഹനങ്ങൾ പിടിച്ചെടുക്കുന്നതടക്കമുള്ള നടപടിയുണ്ടാവുമെന്ന് ഇലക്ഷൻ ചുമതലയുള്ള എ.ഡി.എം, എൻ. പ്രേമചന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.