കോളജ് മാറ്റ വിവാദം; പെൺകുട്ടിക്ക് തുടർപഠന സൗകര്യം സർക്കാർ ഒരുക്കും -മന്ത്രി ജലീൽ
text_fieldsകോഴിക്കോട്: കോളജ് മാറ്റ വിവാദത്തെ തുടർന്ന് പഠനം നിർത്തിയ നെയ്യാറ്റിൻകര സ്വദേശിയായ പെൺകുട്ടിക്ക് സർക്കാർ തു ടർപഠന സൗകര്യം ഒരുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര ്യം അറിയിച്ചത്.
കോളജ് മാറ്റം വിവാദമായ സാഹചര്യത്തിൽ പെൺകുട്ടി പഠനം നിർത്തിയെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത് തുവന്നിരുന്നു. തുടർന്നാണ് പെൺകുട്ടിക്ക് തുടർപഠനത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
അച്ഛൻ ഉപേക്ഷിക്കുകയും അമ്മ അർബുദം ബാധിച്ച് മരിക്കുകയും ചെയ്ത നെയ്യാറ്റിൻകര സ്വദേശിയായ പെൺകുട്ടിക്ക് മന്ത്രി ജലീൽ ഇടപെട്ട് തിരുവനന്തപുരം ഗവ. വിമൻസ് കോളജിലേക്ക് മാറ്റം നൽകിയിരുന്നു. ചേർത്തല എൻ.എസ്.എസ് കോളജിലായിരുന്നു പെൺകുട്ടിക്ക് ആദ്യം പ്രവേശനം ലഭിച്ചിരുന്നത്. കോളജ് മാറ്റം പ്രതിപക്ഷം ഏറ്റെടുത്തതോടെ വലിയ രാഷ്ട്രീയ വിവാദമായി മാറിയിരുന്നു.
തുടർന്ന്, പഠനം നിർത്തുകയാണെന്ന് കാണിച്ച് പെൺകുട്ടി സർവകലാശാലക്ക് കത്ത് നൽകുകയായിരുന്നു.
ഈ വർഷം പെൺകുട്ടിക്ക് സർക്കാർ സ്ഥാപനം നടത്തുന്ന ആനിമേഷൻ ആൻഡ് വെബ് ഡിസൈനിങ് കോഴ്സിൽ പ്രവേശനം നൽകുമെന്നും അടുത്ത വർഷം തിരുവനന്തപുരത്തെ കോളജിൽ സൗജന്യ പഠനം ഒരുക്കുമെന്നും മന്ത്രി ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
മന്ത്രി കെ.ടി. ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...
വിജി പഠിക്കും, സർക്കാർ നെഞ്ചോട് ചേർത്തുവെക്കും.
അച്ഛൻ ചെറുപ്പത്തിലേ നഷ്ടപ്പെടുകയും അമ്മ ക്യാൻസറിന് അടിപ്പെട്ട് യാത്രയാവുകയും ചെയ്ത് അനാഥയായ തിരുവനന്തപുരം സ്വദേശിനി വിജിക്ക് ചേർത്തല NSS എയ്ഡഡ് കോളേജിലാണ് മെറിറ്റിൽ ഡിഗ്രിക്ക് പ്രവേശനം ലഭിച്ചിരുന്നത്. ഓരോ ദിവസവും ആറു മണിക്കൂർ യാത്ര ചെയ്ത് ആലപ്പുഴയിലെത്താനുള്ള പ്രയാസവും അവിടെ ഹോസ്റ്റലിൽ ചേർന്നു പഠിക്കാനുള്ള സാമ്പത്തിക പ്രയാസം കൊണ്ടുമാണ് തലസ്ഥാനത്ത് സീറ്റൊഴിഞ്ഞ് കിടക്കുന്ന സർക്കാർ വുമൻസ് കോളേജിലേക്ക് സ്ഥലം മാറ്റം നൽകി സർക്കാർ ഉത്തരവിറക്കിയത്. അതിനെതിരെയാണ് പ്രതിപക്ഷം ദുഷ്ടലാക്കോടെ എന്നെ ലക്ഷ്യമിട്ട് തുനിഞ്ഞിറങ്ങിയത്.
അടിമുടി അനാവശ്യ കോലാഹലങ്ങൾ തീർത്ത വിവാദങ്ങൾ അഭിമാനിയായ വിജിയിൽ തീർത്ത അപമാനം സഹിക്കവയ്യാതെ ആ കുട്ടി ഈ വർഷം പഠിക്കേണ്ടെന്നു തീരുമാനിച്ചത് വല്ലാത്ത ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. സർക്കാർ സ്ഥാപനമായ സി - ആപ്റ്റിൽ അടുത്ത മാസം പതിനഞ്ചോടെ ആരംഭിക്കുന്ന ആറു മാസം ദൈർഘ്യമുള്ള ആനിമേഷൻ ആൻന്റ് വെബ് ഡിസൈനിംഗ് കോഴ്സിന് ചേർന്നു പഠിക്കാനുള്ള വിജിയുടെ ആഗ്രഹം ഗവൺമെന്റ് മുൻകയ്യെടുത്ത് സഫലമാക്കും. അടുത്ത അദ്ധ്യായന വർഷം നഗരത്തിലെ ഏതെങ്കിലും ഒരു കോളേജിൽ ഡിഗ്രിക്ക് സൗജന്യമായി പഠിക്കാനുള്ള സൗകര്യവും ഒരുക്കിക്കൊടുക്കും. വിജി ഒരു പ്രതീകമാണ്. ആരോരുമില്ലാത്ത ആയിരങ്ങളുടെ പ്രതീകം. അവരെപ്പോലുള്ള നിരാലംബർക്ക് താങ്ങും തണലുമായി പിണറായി സർക്കാർ എപ്പോഴും ഒപ്പമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.