വി.സി നിയമനത്തിന് സേർച്ച് കമ്മിറ്റി: ചോദ്യംചെയ്യുമെന്ന് സർക്കാർ ഹൈകോടതിയിൽ
text_fieldsകൊച്ചി: ആറ് സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കുന്നതിനായി സർവകലാശാല പ്രതിനിധിയില്ലാതെ സേർച്ച് കമ്മിറ്റി രൂപവത്കരിച്ച ഗവർണറുടെ വിജ്ഞാപനം നിയമപരമായി ചോദ്യംചെയ്യുമെന്ന് സർക്കാർ ഹൈകോടതിയിൽ. ഇത്തരമൊരു വിജ്ഞാപനം പുറപ്പെടുവിക്കാൻ ചാൻസലറെന്ന നിലയിൽ ഗവർണർക്ക് അധികാരമില്ലെന്ന് അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിച്ചു.
സർവകലാശാലകളിൽ സ്ഥിരം വി.സിമാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് ഇക്കണോമിക്സ് വിഭാഗം മുൻ മേധാവി ഡോ. മേരി ജോർജ് ഫയൽ ചെയ്ത ഹരജിയിലാണ് സർക്കാർ നിലപാടറിയിച്ചത്. അതേസമയം, നടപടിയുമായി മുന്നോട്ട് പോകുകയാണെന്ന് ഗവർണറുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അഞ്ച് സർവകലാശാലകളിൽകൂടി വി.സിയെ നിയമിക്കാനുള്ള സേർച്ച് കമ്മിറ്റിക്ക് രൂപംനൽകും. ഗവർണറുടെ തീരുമാനം സർക്കാർ ചോദ്യംചെയ്യുമ്പോൾ മറുപടി നൽകാമെന്നും വ്യക്തമാക്കി. തുടർന്ന് ഹരജി വീണ്ടും ജൂലൈ 17ന് പരിഗണിക്കാൻ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് മാറ്റി.
കേരള, എംജി, കാർഷിക സർവകലാശാലകൾ, മലയാളം, സാങ്കേതിക, ഫിഷറീസ് സർവകലാശാലകൾ എന്നിവയിൽ വി.സിമാരെ നിയമിക്കാനാണ് കഴിഞ്ഞ ദിവസം സേർച്ച് കമ്മിറ്റിക്ക് ഗവർണർ രൂപം നൽകിയത്. സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാല പ്രതിനിധിയെ നിയോഗിക്കാത്തതിനെതിരെ മേരി ജോർജ് നേരത്തേ നൽകിയ ഹരജി തിങ്കളാഴ്ച പരിഗണനക്കെത്തിയപ്പോഴാണ് ഗവർണറുടെ ഉത്തരവ് ചോദ്യംചെയ്യുന്ന കാര്യം സർക്കാർ അറിയിച്ചത്.
സർവകലാശാലകളെ ക്ഷയിപ്പിക്കാൻ നീക്കം; ഗവർണർക്കെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: സർവകലാശാലകളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്ന ഇടപെടലുകളിൽ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർവകലാശാലകളുടെ സ്വയംഭരണത്തെ ക്ഷയിപ്പിക്കാൻ രാഷ്ട്രീയ ലാക്കോടെ നടത്തുന്ന നീക്കങ്ങൾ കാണാതെ പോകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാലു വർഷ ബിരുദ കോഴ്സുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. നമ്മുടെ സർവകലാശാല നിയമങ്ങളും ചട്ടങ്ങളും അറുപഴഞ്ചനായെന്നും അവ ഇനിയും പഴയരീതിയിൽ തുടരുന്നത് പുതിയ തലമുറയോടുള്ള അനീതിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർവകലാശാലകളെ ശക്തിപ്പെടുത്താൻ ഉതകുന്ന നടപടികൾ സംസ്ഥാന സർക്കാർ കൈക്കൊള്ളുമ്പോൾ ഇത്തരം നീക്കങ്ങൾ പ്രതിരോധിക്കാനുള്ള ഉത്തരവാദിത്തം ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാവർക്കുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.