കുടിപ്പിച്ചു കിടത്തും; മദ്യമൊഴുക്കാൻ ഉദാരനയവുമായി സർക്കാർ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി മദ്യമൊഴുക്കാൻ ഉദാരനയവുമായി സർക്കാർ. ഇന്ത്യൻ നിർമിത വിദേശ മദ്യം, ബിയർ, കള്ള്, പഴവർഗങ്ങളിൽ നിന്നുള്ള വീര്യം കുറഞ്ഞ മദ്യം, വൈൻ ഉൾപ്പെടെയുള്ളവയുടെ ഉൽപാദനവും വിതരണവും വർധിപ്പിക്കുന്ന മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം. ലഹരിപാനീയങ്ങൾ നിർമിക്കുന്നതിനുള്ള പ്രാഥമിക അസംസ്കൃത വസ്തുവായ എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ കേരളത്തിൽ തന്നെ ഉൽപാദിപ്പിച്ച് ഇന്ത്യൻ നിർമിത വിദേശമദ്യ ഉൽപാദനവും കയറ്റുമതിയും വർധിപ്പിക്കും.
അടഞ്ഞുകിടക്കുന്ന 250 ബിവറേജസ് ഔട്ട്ലെറ്റുകൾ തുറന്ന് വിതരണ ശൃംഖല ശക്തമാക്കും. 559 വിദേശ മദ്യ ചില്ലറ വിൽപന ശാലകള്‍ക്കാണ് അനുമതിയുള്ളത്. എന്നാൽ 309 ഷോപ്പുകളാണ് പ്രവർത്തിക്കുന്നത്. ടൂറിസം സീസണിൽ വിദേശ വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളിലെ റസ്റ്റാറന്റുകള്‍ക്ക് ബിയറും വൈനും വിൽപന നടത്താൻ പ്രത്യേക ലൈസൻസ് നൽകും.
മറ്റ് തീരുമാനങ്ങൾ:
• ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് ചട്ടങ്ങളിൽ ക്രമീകരണം വരുത്തും.
• ത്രീ സ്റ്റാർ ക്ലാസിഫിക്കേഷനോ അതിന് മുകളിലോ ഉള്ള ഹോട്ടലുകൾക്കും വിനോദ സഞ്ചാര മേഖലകളിൽ പ്രവർത്തിക്കുന്ന റിസോർട്ടുകൾക്കും അതത് സ്ഥാപനങ്ങൾക്കുള്ളിലുള്ള വൃക്ഷം ചെത്തി കള്ള് ഉൽപാദിപ്പിച്ച് അതിഥികൾക്ക് നൽകാം. കേരളത്തിൽ ഉൽപാദിപ്പിക്കുന്ന കള്ള് ‘കേരള ടോഡി’ എന്ന പേരിൽ ബ്രാൻഡ് ചെയ്യും.
• ക്ലാസിഫിക്കേഷൻ പുതുക്കി ലഭിക്കാത്ത ഹോട്ടലുകള്‍ക്ക് മറ്റ് നിയമപരമായ തടസ്സമില്ലെങ്കിൽ ക്ലാസിഫിക്കേഷൻ കമ്മിറ്റിയുടെ പരിശോധന നടത്തുന്നതുവരെ ബാർ ലൈസൻസ് പുതുക്കി നൽകും. ഐ.ടി പാർക്കുകളിലെ പോലെ വ്യവസായ പാർക്കുകള്‍ക്കും നിശ്ചിത യോഗ്യതയുള്ള സ്ഥലങ്ങളിൽ മദ്യം വിളമ്പുന്നതിന് ലൈസൻസ് അനുവദിക്കും. വ്യവസായ വകുപ്പുമായി ആലോചിച്ച് ഇതിന് ചട്ടം നിർമിക്കും.
• ബാർ ലൈസൻസ് ഫീസ് 30 ലക്ഷത്തിൽനിന്ന് 35 ലക്ഷം രൂപയായി വർധിപ്പിക്കും. സീ-മെൻ, മറൈൻ ഓഫിസേഴ്സ് എന്നിവർക്കുള്ള ക്ലബുകളിൽ മദ്യം വിളമ്പുന്നതിനുള്ള എഫ്.എൽ നാല് ലൈസൻസ് ഫീസ് 50,000ത്തിൽനിന്ന് രണ്ട് ലക്ഷമാക്കി.
• സർക്കാർ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലെ മദ്യ ഉൽപാദനം വർധിപ്പിക്കും. പാലക്കാടുള്ള മലബാർ ഡിസ്റ്റിലറിയിൽ ഈ വർഷം മദ്യ ഉൽപാദനം ആരംഭിക്കും.
• അതത് ദിവസങ്ങളിലെ വിൽപനക്ക് ശേഷം അധികമുള്ള കള്ള് ഒഴുക്കിക്കളയുന്നതിന് പകരം, വിനാഗിരി പോലെയുള്ള മൂല്യ വർധിത വസ്തുക്കൾ നിർമിക്കുന്നതിന് കുടുംബശ്രീയെ ചുമതലപ്പെടുത്തും. കള്ള് കൊണ്ടുപോകുന്നത് നിരീക്ഷിക്കാൻ ട്രാക്ക് ആൻഡ് ട്രെയ്സ് സംവിധാനം വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.