അന്തർ സംസ്ഥാനക്കാരുടെ കണക്കില്ലാതെ സർക്കാർ; ആവാസ് പദ്ധതിയും പാളി
text_fieldsകൊച്ചി: പല സംസ്ഥാനങ്ങളിൽനിന്ന് വന്ന് കേരളത്തിൽ പണിയെടുക്കുന്ന അന്തർ സംസ്ഥാന തൊഴിലാളികളുടെ കണക്കില്ലാതെ സർക്കാർ. പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനിയുടെ ക്രൂരകൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് അന്തർ സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിന് സർക്കാർ ‘ആവാസ്’ എന്ന പേരിൽ പദ്ധതി ആരംഭിച്ചിരുന്നു. എന്നാൽ, ആറു വർഷം പിന്നിടുമ്പോൾ പദ്ധതി നിലച്ചമട്ടാണ്.
30 ലക്ഷത്തോളം അന്തർ സംസ്ഥാനക്കാർ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ, കഴിഞ്ഞ ജനുവരി 31വരെയുള്ള കണക്ക് പ്രകാരം ഇവരിൽ 5.16 ലക്ഷം തൊഴിലാളികളാണ് ആവാസിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ 1.15 ലക്ഷം പേർ രജിസ്റ്റർ ചെയ്തത് എറണാകുളം ജില്ലയാണ്. തിരുവനന്തപുരം -63,788, കോഴിക്കോട് -44,628, തൃശൂർ -41,900 എന്നിങ്ങനെയാണ് രജിസ്ട്രേഷന്റെ കണക്ക്. ഇവർക്കെല്ലാം തിരിച്ചറിയൽ കാർഡും നൽകി.
വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന 18നും 60നും ഇടയിൽ പ്രായമുള്ള തൊഴിലാളികളാണ് പദ്ധതിയുടെ കീഴിൽ വരുന്നത്. പദ്ധതിവഴി കഴിഞ്ഞ ജനുവരി 31വരെ 374 തൊഴിലാളികൾക്ക് 50.48 ലക്ഷം രൂപ മെഡിക്കൽ ഇൻഷുറൻസ് ആനുകൂല്യവും നൽകി. കൂടാതെ 36 തൊഴിലാളികളുടെ ആശ്രിതർക്ക് അപകട മരണ പരിരക്ഷയായി രണ്ട് ലക്ഷം രൂപ വീതവും നൽകിയതായാണ് സർക്കാർ രേഖകൾ. എന്നാൽ, പദ്ധതിക്കായി സ്പെഷൽ ഡ്രൈവുകളടക്കം നടത്തിയെങ്കിലും തൊഴിലാളികളുടെ ഭാഗത്തുനിന്ന് സഹകരണം ഉണ്ടായില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
നടത്തിപ്പ് ചുമതലയുണ്ടായിരുന്ന സ്വകാര്യ കമ്പനിക്ക് സർക്കാർ കരാർ പുതുക്കി നൽകാത്തതിനെ തുടർന്ന് മാസങ്ങളായി പദ്ധതി പ്രവർത്തനം നിലച്ച മട്ടാണ്. അന്തർ സംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച് കൃത്യമായ രേഖകളില്ലാത്ത സാഹചര്യത്തിൽ നിയമപരമായ കാര്യങ്ങൾക്ക് പൊലീസ് അടക്കം ആശ്രയിക്കുന്നത് ആവാസിനെയാണ്.
ആഭ്യന്തര വകുപ്പിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ആറു വർഷത്തിനിടെ 159 അന്തർ സംസ്ഥാനക്കാർ കൊലപാതക കേസുകളിൽ മാത്രം പ്രതികളായിട്ടുണ്ട്. ഇതര സംസ്ഥാനക്കാർ പ്രതികളായ ബലാത്സംഗ-മോഷണ-മയക്കുമരുന്ന കേസുകളടക്കമുള്ള മറ്റ് നിരവധി കേസുകളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വിഡ്കാലത്തൊഴികെ അന്തർ സംസ്ഥാനക്കാർ പ്രതികളാകുന്ന കേസുകളുടെ എണ്ണത്തിലും വർധനയാണ്. 2016ൽ 639 കേസുകൾ രജിസ്റ്റർ ചെയ്ത സ്ഥാനത്ത് തൊട്ടടുത്ത വർഷം അത് 744 ആയും 2018ൽ 805 ആയും 2019ൽ 978 ആയും ഉയർന്നിരുന്നു. എന്നാൽ, കോവിഡ് മഹാമാരിയുടെ പിടിയിലമർന്ന 2020ൽ ഇത് 484 കേസുകളായി കുറഞ്ഞു. തൊട്ടടുത്ത വർഷങ്ങളിലെല്ലാം ഗ്രാഫ് മേലോട്ട് തന്നയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.