എരിയുന്ന വയറും പൊളളുന്ന വിലയും
text_fieldsതിരുവനന്തപുരം: അവശ്യസാധന വില റോക്കറ്റ് പോലെ കുതിക്കുമ്പോഴും വിപണിയിടപെടലിന് നടപടി സ്വീകരിക്കാതെ സർക്കാർ. വിലക്കയറ്റത്തിൽ സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സപ്ലൈകോയിൽ സാധനങ്ങൾക്ക് ‘അതിദാരിദ്ര്യം’തുടരുകയാണ്. 13 അവശ്യസാധനങ്ങളുടെ വില വർധിപ്പിച്ചിട്ടും 98 ശതമാനം ഔട്ട്ലെറ്റിലും അഞ്ചു സബ്സിഡി ഇനങ്ങൾ മാത്രമാണുള്ളത്. ഇവയിൽ പലതും ഈ മാസത്തോടെ കഴിയും. പച്ചക്കറിക്കും മത്സ്യത്തിനും ചിക്കനും വില ഇരട്ടിച്ചതോടെ അടുക്കളക്കൊപ്പം മലയാളിയുടെ പോക്കറ്റും കത്തുകയാണ്.
സപ്ലൈകോയുടെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് ഫെബ്രുവരിയിൽ 13 സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിച്ചത്. 35 ശതമാനം സബ്സിഡി നൽകുന്ന തരത്തിലാണ് വില പുതുക്കിയത്. 90 ഔട്ട്ലെറ്റുകൾ കൂടി തുറന്നെങ്കിലും സബ്സിഡി സാധനങ്ങളില്ല. അവശ്യ സാധനങ്ങളുടെ വിലവർധന കാരണം ഹോട്ടൽ ഭക്ഷണങ്ങൾക്കും നിരക്ക് ഉയർന്നിട്ടുണ്ട്.
വില കുറച്ചു നൽകാൻ സാധനമില്ല
തുവരപ്പരിപ്പ്: പൊതുവിപണിയിൽ 192 രൂപ. സപ്ലൈകോ വില 111. സപ്ലൈകോയിൽ കിട്ടാനില്ലാത്തതിനാൽ 81 രൂപ അധികം നൽകി പുറത്തുനിന്ന് വാങ്ങേണ്ടി വരുന്നു.
ചെറുപയർ: പൊതുവിപണിയിൽ 158 രൂപ. സപ്ലൈകോയിൽ 92 രൂപ. കിട്ടാനില്ല.
കടല: വിപണി വില 125 രൂപ. സപ്ലൈകോ വില: 69 രൂപ. കിട്ടാനില്ല.
മട്ടയരി: വിപണി വില: 60 രൂപ. സപ്ലൈകോ വില: 30. കിട്ടാനില്ല.
231 കോടി വിറ്റുവരവ് 84 കോടിയായി
പ്രതിമാസം ശരാശരി 35-40 ലക്ഷം കുടുംബങ്ങളാണ് സപ്ലൈകോ സാധനം വാങ്ങാൻ എത്തിയിരുന്നത്. പ്രതിമാസം 231 കോടിവരെയായിരുന്നു വിറ്റുവരവ്. സബ്സിഡി സാധനങ്ങൾ ഇല്ലാതായതോടെ ഇത് 84 കോടിയിലേക്ക് കൂപ്പുകുത്തി.
ബാധ്യത പെരുകി
വിപണി ഇടപെടലിലൂടെ സപ്ലൈകോക്ക് പ്രതിമാസം ശരാശരി 35 കോടി രൂപയുടെയും പ്രതിവർഷം ശരാശരി 425 കോടി രൂപയുടെയും സബ്സിഡി ബാധ്യതയാണ് ഉണ്ടാകുന്നത്. 2600 കോടിയോളം രൂപയാണ് സർക്കാർ നൽകാനുള്ളത്. അടിയന്തരമായി 1600 കോടിയെങ്കിലും അനുവദിച്ചില്ലെങ്കിൽ വിപണിയിൽ ഇടപെടാൻ കഴിയില്ലെന്ന നിലപാടിലാണ് സപ്ലൈകോ.
അവകാശ വാദം പൊതുവിപണിയിൽ 1446 രൂപയുള്ള സാധനങ്ങൾ 940 രൂപക്ക് നൽകും
യാഥാർഥ്യം സബ്സിഡി സാധനങ്ങൾ പലതും സ്റ്റോറുകളിൽ ഇല്ല
സ്റ്റോക്കുള്ളവ
വൻപയർ, ഉഴുന്ന്, മുളക്, വെളിച്ചെണ്ണ. ഒറ്റപ്പെട്ട ഔട്ട്ലെറ്റുകളിൽ മല്ലിയും കെ-റൈസും (ജയ) ലഭിക്കും.
കണികാണാനില്ല
ചെറുപയർ, കടല, തുവരപ്പരിപ്പ്, പഞ്ചസാര, മട്ടയരി, പച്ചരി എന്നിവ എത്തിയിട്ട് മാസങ്ങളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.