ഭാവി തലമുറക്ക് വേണ്ടി മികച്ച റോഡുകൾ നിർമിക്കുകയാണ് സർക്കാർ ലക്ഷ്യം -മന്ത്രി റിയാസ്
text_fieldsതിരുവനന്തപുരം: ഭാവികേരളത്തെ മുന്നിൽ കണ്ടുകൊണ്ടുള്ള റോഡ് വികസനം സംസ്ഥാനത്ത് നടപ്പാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് പറഞ്ഞപ്പോൾ ചിലർ പരിഹസിക്കുന്ന സ്ഥിതി ഉണ്ടായി. കേരളത്തിൽ മഴയുടെ പാറ്റേണിൽ മാറ്റം വന്നത് ഒരു പ്രശ്നമാണ്. എന്നാൽ ഈ ശക്തമായ മഴയിലും തകരാത്ത റോഡുകൾ കേരളത്തിൽ ഉണ്ട് -മന്ത്രി പറഞ്ഞു.
തെറ്റായ പ്രവണതകൾ, കാലാവസ്ഥാ വ്യതിയാനം, ശാസ്ത്രീയ രീതികൾ എന്നിവ പരിഗണിച്ച് നിർമാണ രീതി നവീകരിക്കും. അതാത് കാലത്തെ ആവശ്യങ്ങൾക്കനുസരിച്ച് നാട്ടുവഴികൾ വികസിപ്പിച്ച് ഉണ്ടാക്കിയതാണ് കേരളത്തിലെ റോഡുകൾ. അതിന്‍റെ പരിമിതികൾ അനുഭവിക്കുന്നത് വാഹനപ്പെരുപ്പവും ജനസാന്ദ്രതയും കൂടിയ ഈ കാലത്താണ്. അതുകൊണ്ട് തന്നെ ഭാവികേരളത്തെ മുന്നിൽ കണ്ടുകൊണ്ട് മാത്രമേ സംസ്ഥാനത്ത് റോഡ് വികസനം നടപ്പാക്കാൻ സാധിക്കുകയുള്ളൂ.
പൊതുമരാമത്ത് വകുപ്പിന്‍റെ മഹാഭൂരിപക്ഷം റോഡുകളും നല്ല നിലയിലാണ്. ചില റോഡുകളിൽ പ്രശ്നങ്ങൾ ഉണ്ട്. ശക്തമായ മഴ, കൃത്യമായ ഡ്രൈനേജ് സിസ്റ്റം ഇല്ലാത്തത്, റോഡ് നിർമാണത്തിൽ ശാസ്ത്രീയ രീതി ഉപയോഗിക്കാത്തത് എന്നിങ്ങനെ പല കാരണങ്ങൾ ഇതിൽ ഉണ്ട്.
താൽക്കാലികമായി വേണമെങ്കിൽ ഈ റോഡുകളുടെ പ്രശ്നം പരിഹരിക്കാൻ സാധിക്കും. പക്ഷേ അതുകൊണ്ട് ഒരു ശാശ്വത പരിഹാരം ആകുന്നില്ല. കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിച്ച് കൊണ്ട് ഭാവി തലമുറയ്ക്ക് വേണ്ടി മികച്ച ഡിസൈൻഡ് റോഡുകൾ നിർമിക്കാനാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്.
പരമാവധി വീതിയിലും ഡ്രൈനേജ് സംവിധാനത്തോടെയും പുതിയ റോഡുകൾ പണിയാൻ ആണ് ശ്രമിക്കുന്നത്. തിരുവനന്തപുരത്ത പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊൻമുടിയിലേക്കുള്ള റോഡ് ഈ രീതിയിൽ നവീകരിക്കുന്ന പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ഇങ്ങനെ ഒട്ടേറെ പ്രവൃത്തികൾ ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്നുണ്ട്.
പരമാവധി പ്രവൃത്തികൾ നടക്കുന്ന ഇടങ്ങളിൽ നേരിട്ട് പോകുവനാണ് ശ്രമിക്കുന്നത്. പുതുതായി ആരംഭിച്ച റണ്ണിങ് കോൺട്രാക്ട് സംവിധാനം ഫലപ്രദമായി നടപ്പിലാക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്താൻ ഈ മാസം 20 മുതൽ വിദഗ്ധ സംഘം എല്ലാ ജില്ലകളിലും പ്രവൃത്തി പരിശോധന നടത്തുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.