സർക്കാർ കുപ്പിവെള്ളം വിപണിയിലേക്ക്
text_fieldsതിരുവനന്തപുരം: കുപ്പിവെള്ളം കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുക ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച കുപ്പിവെള്ള ബ്രാന്‍ഡ് 'ഹില്ലി അക്വാ' വിപണിയിലെത്തുന്നു. ബി.ഐ.എസ്, എഫ്.എസ്.എസ്.എ.ഐ എന്നീ ഗുണനിലവാര അംഗീകാരങ്ങളോടുകൂടിയാണ് 'ഹില്ലി അക്വാ' വിപണിയിലെത്തുന്നത്.
മനുഷ്യസ്പര്‍ശം ഏല്ക്കാതെ, പൂര്‍ണമായും യന്ത്രസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന അത്യാധുനിക കുടിവെള്ള പ്ലാൻറ് അരുവിക്കരയില്‍ സജ്ജമായിക്കഴിഞ്ഞു. 16 കോടി മുതല്‍മുടക്കിലാണ് പ്ലാൻറ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിെൻറ ഉദ്ഘാടനം ജനുവരി 16ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
ജലവിഭവ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെൻറ് കോര്‍പറേഷനാണ് അരുവിക്കര ഡാമിന് സമീപം വാട്ടര്‍ അതോറിറ്റിയുടെ സ്ഥലത്ത് പ്ലാൻറ് നിര്‍മിച്ചിരിക്കുന്നത്. മൂന്ന് പ്രൊഡക്ഷന്‍ ലൈനുകളാണ് പ്ലാൻറിലുള്ളത്.
ഒന്നില്‍ 20 ലിറ്ററിെൻറ കുപ്പിവെള്ളവും മറ്റ് രണ്ടെണ്ണത്തില്‍ അരലിറ്റര്‍ മുതല്‍ രണ്ട് ലിറ്റര്‍ വരെയുള്ള കുപ്പിവെള്ളവുമാണ് ഉൽപാദിപ്പിക്കുക. 20 ലിറ്ററിെൻറ 2720 ജാര് കുടിവെള്ളം പ്രതിദിനം ഉൽപാദിപ്പിക്കാന് ശേഷിയുള്ള അത്യാധുനിക യന്ത്രസംവിധാനവും ഇവിടെ സജ്ജമാണ്.
വാട്ടര്‍ അതോറിറ്റിയില്‍നിന്നുള്ള വെള്ളം സാന്‍ഡ് ഫില്‍റ്ററേഷന്‍, കാര്‍ബണ്‍ ഫില്‍റ്ററേഷന്‍, മൈക്രോണ്‍ ഫില്‍റ്ററേഷന്‍, അള്‍ട്രാ ഫില്‍റ്ററേഷന്‍, ഓക്സിജന്‍ അളവ് ക്രമീകരിക്കുന്നതിനുള്ള ഓസോണൈസേഷന്‍ എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെ ശുദ്ധീകരിച്ചശേഷമാണ് പാക്ക് ചെയ്തു വിപണിയിലെത്തിക്കുന്നത്. ഹില്ലി അക്വായുടെ വിതരണവും മാര്‍ക്കറ്റിങ്ങും നടത്തുന്നതിനുള്ള ചുമതല കുടുംബശ്രീക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.