ക്ഷേത്രം നിർമിക്കലല്ല സർക്കാറിന്റെ ജോലി -ശശി തരൂർ
text_fieldsകൊട്ടാരക്കര: ക്ഷേത്രം നിർമ്മിക്കുന്നതല്ല സർക്കാറിന്റെ ജോലിയെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം ശശി തരൂർ എം.പി. പ്രധാനമന്ത്രിയെ നാം കാണുന്നത് മത പുരോഹിതനായിട്ടല്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ സമരാഗ്നി പ്രക്ഷോഭയാത്രക്ക് കൊട്ടാരക്കരയിൽ നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദി ഹിന്ദു ഹിന്ദുസ്ഥാൻ എന്ന അപകടകരമായ ആശയമാണ് മതേതര ഭാരതത്തിൽ ബി.ജെ.പി മുന്നോട്ടുവെക്കുന്നത്. സ്റ്റാൻ സ്വാമി എന്ന പുരോഹിതൻ വെള്ളവും മരുന്നും ലഭിക്കാതെ ജയിലിൽ മരിച്ചു. രാജ്യാന്തര വേദികളിൽ നമ്മുടെ രാജ്യത്തിന് മോദി സർക്കാർ ദുഷ്പേരുണ്ടാക്കി. മതാധിഷ്ഠിതമായി ജനങ്ങളെ വിഭജിക്കാൻ നിയമങ്ങളുണ്ടാക്കി. ഇതെല്ലാം തിരുത്തി ഭാരതത്തെ വീണ്ടെടുക്കാൻ ഇൻഡ്യ മുന്നണി അധികാരത്തിൽ വരണം.
കഴിവുകെട്ട കേരള സർക്കാറിനെതിരെ കൂടിയുള്ള സമരമാണിത്. കേരളത്തിൽ ജനിക്കുന്ന ഓരോ കുഞ്ഞും 1.5 ലക്ഷം രൂപ കടത്തിലാണ്. വീണ്ടും കടമെടുക്കാനുള്ള തയാറെടുപ്പിലാണ് സർക്കാറെന്നും ശശി തരൂർ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ, എം.എൽ.എമാരായ പി.സി. വിഷ്ണുനാഥ്, സി.ആർ. മഹേഷ്, സജീവ് ജോസഫ്, വി.പി. സജീന്ദ്രൻ, എം.എം. നസീർ, ജെബി മേത്തർ, ദീപ്തി മേരി വർഗീസ്, എം.എം. നസീർ, പഴകുളം മധു, ടി.സിദ്ദീഖ്, കെ.പി. ശ്രീകുമാർ,നെയ്യാറ്റിൻകര സനൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.