വൈദ്യുതാഘാതം
text_fieldsകുന്നംകുളം: സൗജന്യ കാർഷിക വൈദ്യുതി പദ്ധതി നടപ്പാക്കുന്നതോടെ ആയിരക്കണക്കിന് ഗുണഭോക്താക്കളുടെ ആനുകൂല്യങ്ങൾ നഷ്ടമാകും. കാർഷിക ആവശ്യത്തിന് വേണ്ടിയുള്ള കർഷകരുടെ വൈദ്യുതി ചാർജ് കൃഷിഭവൻ നേരിട്ടാണ് ഇതുവരെ അടച്ചിരുന്നത്.
സർക്കാറിന്റെ പുതിയ നയമനുസരിച്ച് നിലവിലെ സംവിധാനം മാറ്റി ഗുണഭോക്താക്കളുടെ സംഘങ്ങൾ രൂപവത്കരിച്ച് ആ സംഘത്തിന്റെ അക്കൗണ്ടിലൂടെ മാത്രം വൈദ്യുതി വകുപ്പിന് അടക്കാനുള്ള ക്രമീകരണമാണ് ഒരുക്കിയത്.
ഈ സംവിധാനം നടപ്പാക്കുന്നതിലൂടെ നിരവധി ഗുണഭോക്താക്കൾക്ക് നിലവിലെ ആനുകൂല്യങ്ങൾ നഷ്ടമാകും. ഓരോ പ്രദേശത്തും രൂപവത്കൃതമാകുന്ന കർഷക സംഘങ്ങളിൽ അംഗത്വം എടുക്കുന്ന കർഷകർക്കേ ഇനി ആനുകൂല്യം ലഭിക്കൂ.
ബിൽ അടക്കേണ്ട ചുമതല സംഘങ്ങൾക്കാണ് നൽകിയത്. കൃഷിഭവനിൽ നേരിട്ട് വന്ന് വരിസംഖ്യ അടച്ച് സംഘത്തിൽ അംഗത്വം സ്വീകരിക്കാനും അവസരമുണ്ട്.പല കൃഷിഭവനുകളും സൗജന്യ വൈദ്യുതി ലഭിക്കുന്ന ഗുണഭോക്താക്കളുടെ ലിസ്റ്റ് ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പല കർഷകരിലും ഇതുസംബന്ധിച്ച വ്യക്തത ഇല്ലാത്തത് ആനുകൂല്യം നഷ്ടപ്പെടാൻ കാരണമായേക്കും. ചൊവ്വന്നൂർ ബ്ലോക്കിന് കീഴിലെ എട്ട് പഞ്ചായത്തുകളും നഗരസഭയുമുൾപ്പെടെ 10 കൃഷിഭവനുകളാണുള്ളത്.
സംഘത്തിൽ പേരുകൾ രജിസ്റ്റർ ചെയ്യാത്തതായിട്ട് 313 പേരും കൂടിയുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇവരുടെ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്.
പട്ടികയിലുള്ളവർ ഇനിയും പേര് രജിസ്റ്റർ ചെയ്തില്ലെങ്കിൽ ആനുകൂല്യം പൂർണമായും നഷ്ടമാകും. ബ്ലോക്ക് തലത്തിൽ നാലായിരത്തോളം ഗുണഭോക്താക്കൾ സംഘത്തിൽ അംഗത്വം എടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.