ഈ സർക്കാറിൽ ലജ്ജിക്കുന്നു; സർക്കാറിനും മന്ത്രിമാർക്കുമെതിരെ വീണ്ടും ഗവർണർ
text_fieldsകൊച്ചി: സംസ്ഥാന സർക്കാറിനും മന്ത്രിമാർക്കുമെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനം ഗവർണറുടെ അധികാരമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ഇതിൽ സർക്കാറിന് ഒരു കാര്യവുമില്ലെന്നും അദ്ദേഹം ആവർത്തിച്ചു. തന്‍റെ അധികാരപരിധി തീരുമാനിക്കാൻ മന്ത്രിമാർക്ക് എന്താണ് അധികാരമെന്നും അദ്ദേഹം ചോദിച്ചു.
മുതിർന്ന അഭിഭാഷകൻ വി.കെ. ബീരാൻ രചിച്ച 'സി.എച്ച്. മുഹമ്മദ് കോയ- അറിയാക്കഥകൾ' പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവർണർ. 'മന്ത്രിമാരെ ഞാനാണ് നിയമിച്ചിരിക്കുന്നത്. ലോട്ടറിയിൽ നിന്നും മദ്യത്തിൽ നിന്നും വരുമാനം കണ്ടെത്തുന്ന ധനമന്ത്രിയാണ് എനിക്കെതിരെ അഭിപ്രായം പറയുന്നത്. യു.പിയിൽനിന്ന് എത്തിയ ഗവർണർ ഇവിടുത്തെ സർവകലാശാലകളുടെ കാര്യത്തിൽ അഭിപ്രായം പറയേണ്ടെന്നുമുള്ള ധനമന്ത്രിയുടെ തരംതാണ നിലപാട് മുഖവിലക്കെടുക്കുന്നില്ല. എന്നാൽ, ഇതേ അഭിപ്രായം വി.സി കേസിൽ ഉത്തരവിട്ട സുപ്രീംകോടതിയിലെ ന്യായാധിപരെ നോക്കി പറയുമോ.? -അദ്ദേഹം ചോദിച്ചു.
മന്ത്രി അതിർവരമ്പ് കടക്കരുത്. യുക്രെയ്നിൽനിന്ന് 10,000 വിദ്യാർഥികൾ മടങ്ങിയെത്തിയപ്പോൾ അതിൽ നാലായിരവും കേരളത്തിൽനിന്നുള്ളവരായിരുന്നു. എന്തുകൊണ്ട് അവർക്ക് പുറത്തേക്ക് പോകേണ്ടിവന്നു. കേരളത്തിൽനിന്നുള്ളവർ മറ്റ് സംസ്ഥാനങ്ങളിൽ നിക്ഷേപങ്ങൾക്കായി പോകുന്നത് ശ്രദ്ധിക്കാതെ മദ്യവും ലോട്ടറിയുമാണ് വികസനമെന്ന് കരുതുകയാണ് ഇവിടുത്തെ സർക്കാർ. ഇതിൽ ലജ്ജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗവർണറെ തിരുത്താൻ നിയമമന്ത്രിക്ക് എന്ത് അധികാരമാണുള്ളതെന്ന് ആരിഫ് മുഹമ്മദ് ഖാൻ ചോദിച്ചു. ഗവർണർ ഭരണഘടന പദവിയാണ്. ഇതിനെതിരെയുണ്ടാകുന്ന പ്രവർത്തനങ്ങൾ ക്രിമിനൽ നടപടി നേരിടേണ്ടിവരുന്നതാണ്. ഗവർണറുടെ പ്രവർത്തനങ്ങളെ തടയാനും തിരുത്താനും അധികാരം കോടതിക്കാണ്. ഇത് അറിയാത്തയാളാണോ നിയമമന്ത്രി?. രാഷ്ട്രപതി, ഗവർണർ എന്നീ ഭരണഘടന സ്ഥാപനങ്ങളെ അവഹേളിക്കുന്ന മന്ത്രിമാരോടുള്ള 'പ്രീതി' പിൻവലിക്കാൻ ഈ സ്ഥാപനങ്ങൾക്ക് കഴിയും. ഗ്യാനി സെയിൽസിങ് രാഷ്ട്രപതിയായിരിക്കെ ഒരു മന്ത്രിയോടുള്ള അതൃപ്തി പ്രധാനമന്ത്രി മുഖേന അറിയിച്ചു.
പിറ്റേദിവസം ആ മന്ത്രി രാജിവെച്ച സംഭവമുണ്ട്. പാർട്ടി പ്രവർത്തകരെ മന്ത്രിമാർ പേഴ്സനൽ സ്റ്റാഫാക്കി അവർക്ക് ജീവിതകാലം മുഴുവൻ പെൻഷൻ ഉറപ്പാക്കുകയാണ്.
ജനങ്ങളുടെ പണമാണ് ഇത്തരത്തിൽ ധൂർത്തടിക്കുന്നത്. കമ്യൂണിസ്റ്റ് ഭരണഘടനയാണ് വലുതെന്ന് കരുതുന്ന മന്ത്രിയും പാകിസ്താന്‍റെ ഭാഷയിൽ സംസാരിക്കുന്നവരുമൊക്കെയാണ് സർക്കാറിന്‍റെ ഭാഗമായുള്ളത്. ലഹരിയിൽ കേരളം പഞ്ചാബിനെ മറികടക്കുന്ന സ്ഥിതിയാണ്. മദ്യ ഉപഭോഗം വർധിക്കുന്നതും കാണണമെന്ന് ഗവർണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.