സ്ത്രീധനം വാങ്ങില്ലെന്ന് വിദ്യാർഥികളോട് ബോണ്ട് വാങ്ങണമെന്ന് ഗവർണർ
text_fieldsകൊച്ചി: സർവകലാശാല പ്രവേശനവും ബിരുദവും സ്ത്രീധനം വാങ്ങില്ലെന്ന് ഉറപ്പുനല്കുന്നവര്ക്ക് മാത്രമേ നല്‍കാവൂയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. വൈസ് ചാന്‍സലര്‍മാരുമായി കൊച്ചിയിൽ നടത്തിയ ചർച്ചക്കുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗവർണർ.
പ്രവേശനസമയത്തും ബിരുദം നല്‍കുന്നതിന് മുമ്പും ഇത് സംബന്ധിച്ച് ബോണ്ട് ഒപ്പിട്ട് വാങ്ങണം. പ്രവേശനസമയത്ത് രക്ഷിതാക്കളോടും ബോണ്ട് ഒപ്പിടാന്‍ ആവശ്യപ്പെടണം. സര്‍വകലാശാല നിയമനങ്ങളുടെ കാര്യത്തിലും ഇതേ രീതി പിന്തുടരണം. വിദ്യാർഥികൾക്കിടയിലെ ബോധവത്കരണമാണ് സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കാന്‍ ആവശ്യം. അവർ കോളജുകളിൽ പ്രവേശനം നേടുന്ന സമയത്തുതന്നെ നടപടികള്‍ തുടങ്ങണം. 'സ്ത്രീധനം നമുക്ക് വേണ്ടേ വേണ്ടാ' എന്നും അദ്ദേഹം മലയാളത്തില്‍ പറഞ്ഞു. മാധ്യമങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ സ്ത്രീധനത്തിനെതിരായ പോരാട്ടം വിജയത്തിലെത്തും.
ബിരുദമെന്നത് കൂടുതല്‍ സ്ത്രീധനം വാങ്ങാനുള്ള ലൈസന്സാകുമ്പോള് ഇത്തരത്തില്‍ ബോണ്ട് ഒപ്പിടുന്നത് നിര്‍ദേശിക്കാന്‍ സര്‍വകലാശാലകള്‍ക്ക് അവകാശമുണ്ട്. സ്ത്രീധനം വാങ്ങുന്നത് നിയമപരമായി ശിക്ഷാര്‍ഹമാണ്. വിദ്യാര്‍ഥികള്‍ നിയമം ലംഘിക്കില്ലെന്ന് ഉറപ്പാക്കാനാണ് ബോണ്ട് ഒപ്പിടാന്‍ ആവശ്യപ്പെടുന്നത്.
സാമൂഹികവും സാമ്പത്തികവുമായ വിവിധ മണ്ഡലങ്ങളില്‍ സ്ത്രീകള്‍ വലിയ സംഭാവനയാണ് നല്‍കുന്നത്. സ്ത്രീധനത്തിനെതിെര ധൈര്യമായി സ്ത്രീകള്‍ക്ക് പ്രതികരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ കഴിയണം. മകള്‍ക്ക് ഒരച്ഛന് എന്താണ് നല്കുന്നതെന്നത് അവര്‍ തമ്മില്‍ മാത്രം അറിയേണ്ട കാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.